ദളിത് ബിസിനസ് ഉടമകള്‍ക്ക് ലഭിക്കുന്ന വരുമാനം മറ്റുള്ളവരേക്കാള്‍ 18% വരെ കുറവ്; സര്‍വേ
national news
ദളിത് ബിസിനസ് ഉടമകള്‍ക്ക് ലഭിക്കുന്ന വരുമാനം മറ്റുള്ളവരേക്കാള്‍ 18% വരെ കുറവ്; സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th August 2024, 7:07 pm

ന്യൂദല്‍ഹി: ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള ബിസിനസ് ഉടമകളെ മറ്റ് ബിസിനസ് ഉടമകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 16 ശതമാനം വരുമാന വിടവ് നേരിടുന്നതായി ഐ.ഐ.എം.ബി( ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരു). പ്രൊഫസര്‍ പ്രതീക് രാജിന്റെ ‘ഇറ്റ്സ് നോട്ട് ഹു യു നോ, ബട്ട് ഹു യു ആര്‍; എക്സ്പ്ലെയിനിങ് ഇന്‍കം ഗ്യാപ്സ് ഓഫ് സ്റ്റിഗ്മാറ്റൈസ്ഡ് കാസ്റ്റ് ബിസിനസ് ഓണേര്‍സ് ഇന്‍ ഇന്ത്യ’ എന്ന പഠനത്തിലാണ് കണ്ടെത്തല്‍.

മറ്റു പിന്നോക്ക വിഭാഗക്കാര്‍ (ഒ.ബി.സി), പട്ടികവര്‍ഗക്കാര്‍ (എസ്.ടി), മുസ്‌ലിങ്ങൾ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ സാമൂഹിക മൂലധനം വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇത് ഈ വിഭാഗങ്ങളുടെ വരുമാന നിലവാരത്തിലും മാറ്റമുണ്ടായിട്ടുണ്ട്. അതേസമയം മറ്റു ദളിത് സമുദായങ്ങള്‍ക്കും പട്ടികജാതിക്കാര്‍ക്കും (എസ്.സി) സാമൂഹിക മൂലധനം വളരെ കുറച്ച് മാത്രമേ സഹായകമായിട്ടുള്ളു.

വിദ്യാഭ്യാസം, ഭൂവുടമസ്ഥത, നഗരക്രമീകരണം, സാമൂഹിക അന്തരീക്ഷം തുടങ്ങിയ ഘടകങ്ങള്‍ നിരീക്ഷിക്കുമ്പോള്‍, മറ്റ് സമുദായങ്ങളിലുള്ളവരുമായി 15 മുതല്‍ 18 ശതമാനം വരെ ദളിതര്‍ വരുമാന വിടവ് അനുഭവിക്കുന്നുണ്ട്. ഈ വ്യത്യാസം സമൂഹത്തില്‍ ദളിത് സമൂഹത്തിന് ഏല്‍ക്കുന്ന സാമൂഹിക അവഹേളനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലിംഗഭേദം, വംശം, എന്നിങ്ങനെയുള്ള സ്വത്വ-അധിഷ്ഠിതമായ ചില വെല്ലുവിളികളും ദളിത് വിഭാഗക്കാരായ ബിസിനസ് ഉടമകള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നതായി പ്രൊഫസര്‍ രാജ് പറയുന്നു.

ദളിത് വിഭാഗം നേരിടുന്ന വരുമാന വിടവ് ജാതിയെ മാത്രം ബാധിക്കുന്നതാണ്. എന്നാല്‍ ഇവരുടെ സ്ഥലം, വിദ്യാഭ്യാസം, കുടുംബപശ്ചാത്തലം, ഭൂമിയുടെ അവകാശം എന്നിവ ഈ പഠനത്തെ ബാധിക്കുന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആവര്‍ത്തിച്ചുള്ള അവഹേളനങ്ങള്‍ പുതിയ സംരംഭകരെ സാരമായി ബാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

മൂന്ന് തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ളതാണ് പഠനത്തിന്റെ സര്‍വേ. ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്.

മെല്‍ബണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഹരി ബാപ്പൂജിയും കേംബ്രിഡ്ജ് യൂണിവേഴിസിറ്റിയിലെ പ്രൊഫസര്‍ തോമസ് റൗലറ്റും ചേര്‍ന്ന് തയ്യാറാക്കിയ ഈ പ്രബന്ധം പ്ലസ് വണ്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Content Highlight: Dalit business owners earn up to 18% less than others; Survey