| Tuesday, 5th June 2018, 9:16 pm

ദളിത് സമരത്തില്‍ പങ്കെടുത്തു എന്നാരോപിച്ച് 12ഉം 15ഉം വയസ്സുകാര്‍ ഉത്തര്‍പ്രദേശ് ജയിലില്‍; അനുഭവിക്കുന്നത് കൊടിയ പീഡനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മീററ്റ്: രാജ്യവ്യാപകമായി ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സമരത്തില്‍ പങ്കെടുത്ത കുട്ടികളെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദി വയര്‍ ആണ്‌
ഞെട്ടിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

15 വയസ്സുകാരനായ സച്ചിന്‍, 14 വയസ്സുകാരനായ അജയ്, 12 വയസ്സുകാരനായ അഭിഷേക് എന്നിവരാണ്‌ പൊലീസ് കസ്റ്റഡിയിലുള്ളത്. നിര്‍ധന കുടുംബങ്ങളില്‍ അംഗങ്ങളായ ഇവരെ പൊലീസ് മനപൂര്‍വ്വം അറസ്റ്റ് ചെയ്തതാണെന്നും, സമരത്തിനു മറുപടിയാണിതെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.

ധരംവീര്‍ സിങ്ങ് – രാമേശ്വരി ദമ്പതികളുടെ മകനായ സച്ചിന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്‌ പ്രതിമാസം 4000 രൂപ മാത്രം വരുമാനമുള്ള കുടുംബത്തിന്‌ മകന്‌ എന്ത് പറ്റിയെന്ന് അന്വേഷിക്കാന്‍ പോലും ശേഷിയില്ല. മകന്‍ ചെയ്ത ഏക കുറ്റം അവനൊരു ദളിത് ആയതാണെന്ന് ധരംവീര്‍ സിങ്ങ് പറയുന്നു. ഏപ്രില്‍ 2ന്‌ അറസ്റ്റ് ചെയ്യപ്പെട്ട സച്ചിന്‍ കഴിഞ്ഞ രണ്ട് മാസമായി ജയിലിലാണെന്ന് മാത്രമേ ഈ കുടുംബത്തിന്‌ അറിയു. 15 വയസ്സുകാരനായ മകനെ 20 വയസ്സുകാരന്‍ എന്ന പേരിലാണ്‌ പൊലീസ് അറസ്റ്റ് ചെയ്തതെന്നും സച്ചിന്റെ പിതാവ് ആരോപിക്കുന്നുണ്ട്.

അറസ്റ്റ് ചെയ്യപ്പെട്ട അജയ് എന്ന ബാലന്റെ അച്ഛന്‍ നാല് വര്‍ഷം മുമ്പ് മരിച്ചതാണ്‌. അമ്മ റോഷ്ണി വികലാംഗയുമാണ്‌. മകന്റെ അറസ്റ്റിന്‌ ശേഷം 17 വയസ്സുകാരിയായ മകളാണ്‌ കുടുംബത്തെ പരിപാലിക്കുന്നത്. ഏപ്രില്‍ 2ന്‌ സഹോദരിക്ക് മരുന്ന് വാങ്ങാന്‍ പോയ അജയ് പിന്നെ മടങ്ങി വന്നിട്ടില്ല.

12കാരനായ അഭിഷേകിനെ അറസ്റ്റ് ചെയ്തതാവട്ടെ അല്പം വെള്ളം കുടിക്കുന്നതിനിടെയാണ്‌ ജാതി ചോദിച്ച ശേഷമാണ്‌ മകനെ പൊലീസുകാര്‍ കൊണ്ട് പോയതെന്ന് മാതാപിതാക്കളായ നനക്ചന്ദും സുന്ദരിയും പറയുന്നു. മകന്‍ ജുവൈനല്‍ ജയിലിലാണെന്നും, നിരപരാധിയായിട്ടും മകനെ പൊലീസ് മര്‍ദ്ദിക്കുകയാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

12 വയസ്സുകാരനെ പോലും വധശ്രമവും ഗൂഢാലോചനയും ആരോപിച്ചാണ്‌ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും, ഇത് ഇവര്‍ ദളിത് വിഭാഗത്തില്‍ പ്പെട്ടവരായത് കൊണ്ട് മാത്രമാണെന്നും കുട്ടികള്‍ക്ക് വേണ്ടി കേസ് വാദിക്കുന്ന അഡ്വക്കറ്റ് സതീഷ് കുമാര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more