| Wednesday, 24th February 2016, 5:10 pm

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ ദലിത് വിദ്യാര്‍ത്ഥിയെ പോലീസ് തല്ലിച്ചതച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാടാനപള്ളി : ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന ദളിത് വിദ്യാര്‍ത്ഥിയെ പോലീസ് തല്ലിച്ചതച്ചെന്ന് പരാതി. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുന്നോടിയായുള്ള രാത്രികാല ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വാടാനപ്പള്ളി ചക്കാമഠത്തില്‍ ക്ഷേത്രത്തിന് സമീപം കൊടുവത്ത് പറമ്പില്‍ രാജിന്റെ മകന്‍ എബിരാക്ഷനാണ് വാടാനപ്പള്ളി പോലീസിന്റെ മര്‍ധനമേറ്റത്.

ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തുക്കളുടെ ബൈക്കില്‍ മടങ്ങുമ്പോള്‍ പെട്രോള്‍ കഴിഞ്ഞ് തൃത്തല്ലൂരിലേക്ക് നടക്കുന്നതിനിടെ ജവഹര്‍ ടാക്കീസിനടുത്തുവെച്ച് പോലീസ് വാഹനം ഇവര്‍ക്കടുത്തെത്തി. പോലീസിനെ കണ്ട് ഭയന്ന എബിരാക്ഷന്റെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് എബിരാക്ഷനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നും എബിരാക്ഷന്റെ മാതാപിതാക്കള്‍ പറയുന്നു.

സത്യാവസ്ഥയറിയിച്ചിട്ടും പോലീസ് തന്നെ മര്‍ദ്ദിച്ചുവെന്ന് എബിരാക്ഷന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ എബിരാക്ഷന്റെ പുറത്ത് മുറിവേറ്റിട്ടുണ്ട്. പോലീസ് പിടികൂടിയതറിഞ്ഞ് ട്യൂഷന്‍ അധ്യാപകനും മറ്റ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പോലീസ് സ്‌റ്റേഷനില്‍ എത്തിയതിന് ശേഷമാണ് എബിരാക്ഷനെ പോലീസ് വിട്ടയച്ചത്. വീട്ടിലെത്തിയപ്പോഴാണ് ശരീരത്തില്‍് പരിക്കേറ്റിട്ടുള്ളതായും വേദനയുള്ളതായും കണ്ടത്. തുടര്‍ന്ന് എബിരാക്ഷനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം പോലീസ് നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുറ്റം ചെയ്ത പ്രതിയോടെന്ന പോലെയാണ് പോലീസ് തന്റെ മകനോട് പെരുമാറിയതെന്ന് എബിരാക്ഷന്റെ മാതാവ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചുകളഞ്ഞുവെന്നും കഴുത്ത് പിടിച്ച് തല പുറത്തേക്കിട്ടുകൊണ്ടാണ് അവനെ ജീപ്പില്‍ കൊണ്ടുപോയതെന്നും പച്ചത്തെറിയിലാണ് പോലീസ് സംസാരിച്ചതെന്നും അവര്‍ പറഞ്ഞു.

Posted by doolnews on Wednesday, 24 February 2016

We use cookies to give you the best possible experience. Learn more