| Monday, 27th January 2025, 8:45 pm

അമൃത്‌സറിൽ റിപ്പബ്ലിക്ക് ദിനത്തിൽ യുവാവ് അംബേദ്കർ പ്രതിമ തകർക്കാൻ ശ്രമിച്ചു; പ്രതിഷേധിച്ച് ദളിത് സംഘടനകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്‌സർ: റിപ്പബ്ലിക് ദിനത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമ തകർക്കാൻ യുവാവ് നടത്തിയ ശ്രമത്തിനെതിരെ പ്രതിഷേധിച്ച് ദളിത് സംഘടനകൾ. റിപ്പബ്ലിക്ക് ദിനത്തിൽ പഞ്ചാബിലെ മോഗ ജില്ലയിലെ ധരംകോട്ട് നിവാസിയായ ആകാശ് സിങ്ങിനെ ഹെറിറ്റേജ് സ്ട്രീറ്റിലെ ടൗൺ ഹാളിൽ സ്ഥിതി ചെയ്യുന്ന അംബേദ്കർ പ്രതിമ തകർക്കാൻ ശ്രമിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് ജനുവരി 27 തിങ്കളാഴ്ച ദളിത് സംഘടനകൾ അമൃത്‌സറിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. ഇക്കാര്യത്തിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.

സംഭവത്തിൻ്റെ ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, അതിൽ ഒരാൾ സ്റ്റീൽ ഗോവണി ഉപയോഗിച്ച് പ്രതിമയ്ക്ക് മുകളിൽ കയറുന്നതും ചുറ്റികയുമായി നിൽക്കുന്നതും കാണാം. ചുറ്റിക കൊണ്ട് അയാൾ പ്രതിമയിൽ പലതവണ അടിക്കുന്നതും കാണാം. പ്രതിമയുടെ ഭാഗമായ ഭരണഘടനാ പുസ്തകത്തിനും ഇയാൾ കേടുവരുത്തി.

സംഭവത്തെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച അമൃത്‌സർ പൊലീസ് കമ്മീഷണർ ഗുർപ്രീത് സിങ് ഭുള്ളർ, സെക്ഷൻ 299 (ഏതെങ്കിലും വർഗ്ഗത്തിൻ്റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ), 196 (വിദ്വേഷം വളർത്തൽ) ഉൾപ്പെടെയുള്ള നിയമ വ്യവസ്ഥകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പറഞ്ഞു.

ദളിത് സംഘടനകൾ നടത്തിയ പ്രതിഷേധ ആഹ്വാനത്തെ തുടർന്ന് നഗരത്തിൽ സമ്പൂർണ ബന്ദ് ആചരിച്ചു. പ്രതിഷേധക്കാർ കടയുടമകളെ നിർബന്ധിച്ച് ഷട്ടറുകൾ താഴ്ത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർബന്ധിതരായി.

വാൽമീകി സമാജം സംഘടിപ്പിച്ച പ്രതിഷേധത്തിന് വിവിധ രാഷ്ട്രീയ സംഘടനകളുടെ പിന്തുണയും ഉണ്ടായിരുന്നു. പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് വാൽമീകി സമാജ് നേതാവ് സന്ത് ബാബ മൽകിത് നാഥ് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.

പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും മാൻ പറഞ്ഞു. സംഭവം ദൗർഭാഗ്യകരവും ദാരുണവുമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ഭരണഘടനയുടെ മുഖ്യ ശില്പിയായ ബാബാ സാഹിബ് അംബേദ്കറെ ബഹുമാനിക്കുന്ന എല്ലാവരുടെയും മനസിനെ ഇത് തകർത്തുവെന്ന് പറഞ്ഞു.

ജനങ്ങളോട് സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം, സംസ്ഥാനത്തെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും വർഗീയ കലാപമുണ്ടാക്കാനുള്ള പഞ്ചാബ് വിരുദ്ധ ശക്തികളുടെ ദുഷിച്ച പദ്ധതികൾ മുളയിലേ നുള്ളിക്കളയുമെന്നും പറഞ്ഞു.

പഞ്ചാബിൽ അശാന്തി സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധരുടെയും ദേശവിരുദ്ധരുടെയും നികൃഷ്ടമായ പദ്ധതികളെ തകർക്കാൻ അദ്ദേഹത്തിൻ്റെ സർക്കാർ പൂർണ്ണ ജാഗ്രതയും പ്രതിജ്ഞാബദ്ധവുമാണെന്നും മാൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.

പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചുവരികയാണെന്നും ഭുള്ളർ പറഞ്ഞു. പ്രത്യേക പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും ശാസ്ത്രീയമായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും കമ്മീഷണർ പറഞ്ഞു. നീതിയുക്തമായ അന്വേഷണം നടക്കുമെന്ന് എല്ലാവരോടും താൻ ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Dalit bodies protest over attempt to vandalise Ambedkar statue in Amritsar

We use cookies to give you the best possible experience. Learn more