ന്യൂദല്‍ഹി: ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ചുവരുകളില്‍ ജാതീയ അധിക്ഷേപങ്ങളും വര്‍ഗീയ മുദ്രാവാക്യങ്ങളും എഴുതിയതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എൻ.എസ്.യു.ഐ ആണ് വിഷയം ഉന്നയിച്ചത്.
ക്യാമ്പസിലെ കാവേരി ഹോസ്റ്റലിന്റെ ചുവരുകളില്‍ ‘ദളിത് ഭാരത് ഛോഡോ,’ ‘ബ്രാഹ്‌മണ്‍ ബനിയ സിന്ദാബാദ്’, ‘ആര്‍.എസ്.എസ് സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി എൻ.എസ്.യു.ഐ യൂണിറ്റ് ജനറല്‍ സെക്രട്ടറി കുനാല്‍ കുമാര്‍ പറഞ്ഞു. ഇതിന്റെ ചിത്രങ്ങളും കുനാല്‍ കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ അധികൃതര്‍ ചുവരുകളില്‍ പെയിന്റ് അടിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. എന്നാല്‍ സംഭവത്തോട് ഡീന്‍ മനുരാധ ചൗധരി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കാവേരി ഹോസ്റ്റല്‍ വാര്‍ഡന്‍ മനീഷ് കുമാര്‍ ബരണ്‍വാളും ആരോപണങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
ജെ.എന്‍.യുവിലെ മനുഷ്യരായ തങ്ങള്‍, ദളിത് ബഹുജന്‍ സമുദായത്തിനെതിരായ ജാതീയമായ അധിക്ഷേപത്തിനൊപ്പം, ‘ബ്രാഹ്‌മണ്‍ ബനിയ സിന്ദാബാദ്’, ‘ആര്‍.എസ്എസ് സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഹോസ്റ്റലിന്റെ ചുവരില്‍ പ്രത്യക്ഷപ്പെട്ടതിനെ അപലപിക്കുന്നു. ഈ മുദ്രാവാക്യങ്ങള്‍ ആര്‍.എസ്.എസിന്റെയും നമ്മുടെ യൂണിവേഴ്‌സിറ്റി കമ്മ്യൂണിറ്റിയിലെ അതിന്റെ അനുഭാവികളുടെയും സ്വഭാവത്തെ വ്യക്തമായി വെളിപ്പെടുത്തുന്നുവെന്നും വിദ്യാര്‍ത്ഥി സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ക്യാമ്പസില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിച്ചുള്ള സംഭവങ്ങള്‍ പരിശോധിക്കാന്‍ ജെ.എന്‍.യു കഴിഞ്ഞ വര്‍ഷം ഒരു പാനല്‍ രൂപീകരിച്ചിരുന്നു.
സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് കെട്ടിടത്തിന്റെ ചുവരില്‍ ‘ഇന്ത്യന്‍ അധിനിവേശ കശ്മീര്‍’, ‘ഫ്രീ കശ്മീര്‍’, ‘ഭഗവ ജലേഗ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കമ്മിറ്റി രൂപീകരിച്ചത്.
Content Highlight: ‘Dalit bharat chhodo’,’Brahman Baniya zindabaad’ slogans found on JNU walls, alleges NSUI