| Tuesday, 22nd May 2018, 1:45 pm

ദളിതര്‍ക്ക് വിലക്കേര്‍പ്പെടുത്തി വര്‍ക്കലയില്‍ 'അയിത്തക്കുളം'; ദളിതര്‍ കുളത്തിലിറങ്ങാത്തത് ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനം ഭയന്ന്

ജദീര്‍ നന്തി

തിരുവനന്തപുരം: വര്‍ക്കലയില്‍ പൊതുജനങ്ങള്‍ കുളിക്കുന്ന കുളത്തില്‍ കുളിക്കുന്നതിന് ദളിതര്‍ക്ക് വിലക്ക്. വര്‍ക്കല കരുനിലക്കോട് പടിഞ്ഞാട്ടേതിലാണ് ഈ “അയിത്തക്കുളം”. നായര്‍, ഈഴവ, മുസ്‌ലിം വിഭാഗത്തില്‍ പെട്ടവര്‍ ഉപയോഗിക്കുന്ന കുളത്തില്‍ കുറവര്‍, തണ്ടാര്‍ വിഭാഗങ്ങളിലുള്ള ദളിതര്‍ക്കാണ് വിലക്ക്. വേനല്‍ക്കാലത്ത കുടിവെള്ളത്തിന് പോലും കുളത്തെ സമീപിക്കാന്‍ വിലക്കുണ്ട്. കുളത്തിന് സമീപത്ത് കുടം വച്ച് കൊടുത്താല്‍ ആരെങ്കിലും ഒഴിച്ച് കൊടുക്കുന്ന വെള്ളം എടുത്ത് കൊണ്ട് പോവുകയാണ് പതിവെന്ന് പ്രദേശവാസികളായ ദളിതര്‍ പറയുന്നു. സ്വകാര്യ വ്യക്തി പൊതു ജനങ്ങള്‍ക്ക് കുളിക്കാന്‍ വിട്ടു നല്‍കിയ കുളത്തിലാണ് ഈ ഗുരുതര വിവേചനം.

കുളത്തില്‍ കുളിക്കാന്‍ ശ്രമിച്ചാല്‍ ഭീഷണി നേരിടുന്നതായും മര്‍ദ്ദനം ഭയക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. പഞ്ചായത്ത് അധികൃതര്‍ പോലും വിവേചനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നടപടിയാണ് സ്വീകരിച്ചത്. ജാതി വിവേചനം അവസാനിപ്പിച്ച് എല്ലാവര്‍ക്കും കുളത്തില്‍ കുളിക്കാന്‍ അവസരമുണ്ടാക്കുന്നതിന് പകരം കുളത്തില്‍ നിന്ന് മാറി കുളിക്കാന്‍ സമീപം മറ്റൊരു കിണര്‍ കുഴിക്കുകയാണ് പഞ്ചായത്ത് ഉള്‍പ്പടെയുള്ള അധികൃതര്‍ ചെയ്തത്.

വേനല്‍ക്കാലത്ത് പ്രദേശത്തെ കുടിവെള്ളത്തിനായുള്ള ആശ്രയമാണ് ഈ കുളം. ദൂരെ നിന്നുള്ളവര്‍ പോലും ഇവിടെ നിന്ന് കുടിവെള്ളം ശേഖരിക്കുന്നുണ്ടെങ്കിലും പ്രദേശവാസികളായ ദളിതര്‍ക്ക് ഇവിടെ നിന്ന് കുടിവെള്ളം ശേഖരിക്കാന്‍ അനുവാദമില്ല. കുളത്തിന്റെ സമീപത്ത് പാത്രം വച്ച് കൊടുത്താല്‍ കുളം ഉപയോഗിക്കുന്ന മറ്റാരെങ്കിലും ഒഴിച്ച് നല്‍കുകയും അത് എടുക്കുകയുമാണ് ചെയ്യുകയെന്ന് പ്രദേശവാസി പറയുന്നു.


Read | രാജ്യത്ത് ഇന്ന് മുതൽ തപാൽ സേവനങ്ങൾ സ്തംഭിക്കും: ഒന്നരലക്ഷത്തോളം പേർക്ക് ശമ്പള പരിഷ്കരണം നടപ്പായില്ലെന്ന് തൊഴിലാളികൾ


കുളത്തില്‍ നിന്ന് ഒഴുകി വരുന്ന ചെറിയ തോട് പാള കൊണ്ടും മറ്റും കെട്ടി നിര്‍ത്തി വെള്ളക്കെട്ടുണ്ടാക്കി കുളിക്കേണ്ട ഗതികേടിലാണ് ഇവിടെ ദളിതര്‍. കുളത്തില്‍ ഇറങ്ങിയാല്‍ മര്‍ദ്ദിക്കുമെന്ന ഭയമുണ്ടെന്നും എതിര്‍ത്ത് സംസാരിച്ചാല്‍ രാത്രി ആളുകള്‍ വന്ന് പ്രശ്‌നമുണ്ടാക്കുമെന്നും പ്രദേശവാസിയായ രാധ പറയുന്നു.

കുളത്തിന് സമീപത്ത് ഒരു ദേവീ പ്രതിഷ്ടയുണ്ടെന്നതാണ് കുളത്തിലേക്ക് തങ്ങളെ അടുപ്പിക്കാത്തതിന് കാരണമെന്നും തങ്ങള്‍ കുളത്തിലിറങ്ങിയാല്‍ ദേവി ഇറങ്ങിപ്പോവും എന്നാണവര്‍ പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ വിഭാഗം ആളുകളും കുളത്തില്‍ കുളിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനം ഭയന്നാണ് ദളിതര്‍ കുളത്തില്‍ കുളിക്കാന്‍ പോവാത്തതെന്നും കുളം നാട്ടുകാര്‍ക്കായി വിട്ടുനല്‍കിയ റിട്ട.അധ്യാപകനായ മുരളി പറയുന്നു.


Read | ഫ്‌ളവേഴ്‌സ് ഷോ: ചതിച്ചത് പ്രേക്ഷകരേയും പരിസ്ഥിതിയേയും മാത്രമല്ല, നൂറുണക്കിന് തൊഴിലാളികളെയുമാണ്: ചതി ഇങ്ങനെ


കുളത്തില്‍ അയിത്തം നിലനില്‍ക്കുന്നു എന്നത് ശരിയാണെന്നും എന്നാല്‍ കുളത്തില്‍ ആര്‍ക്കും വിലക്ക് പ്രഖ്യാപിച്ചിട്ടില്ലെന്നും പണ്ട് മുതലേയുള്ള രീതി തുടര്‍ന്ന് വരികയായിരുന്നെന്നും റെസിഡന്റ് അസോ.സെക്രട്ടറിയും കുളം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയായ മുരളിയുടെ മകനുമായ സജിത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു. “ഇതൊരു പൊതു കുളമല്ല, സ്വകാര്യ കുളം പൊതുജനങ്ങള്‍ ഉപയോഗിക്കുന്നു എന്നേ ഉള്ളൂ. തെളിഞ്ഞ വെള്ളമുള്ള ഒരു കുളമാണത്. കുളം മലിനമാവാതിരിക്കാന്‍ പണ്ട് അവിടെ കൃഷിക്കാരായുണ്ടായിരുന്നവര്‍ ദേഹത്ത് പറ്റിയ അഴുക്കും മണ്ണും കൊണ്ട് കുളത്തില്‍ പ്രവേശിക്കാതിരിക്കുന്നതായിരുന്നു രീതി. അത് അവരുടെ പിന്മുറക്കാരും തുടര്‍ന്ന് വന്നതായിരിക്കാം. അത് നിലനില്‍ക്കണമെന്ന് ഞങ്ങളാരും ആഗ്രഹിക്കുന്നില്ല. വിവേചനത്തിനെതിരെ ബോധവത്കരണം നടത്തുകയും ദളിതര്‍ക്ക് റെസിഡന്റ് അസോസിയേഷന്റെ പിന്തുണയുണ്ടാവുകയും ചെയ്യും.” – സജിത്ത് പറഞ്ഞു.

നാട്ടുകാരുടെ തല്ല് ഭയന്നാണ് പ്രതികരിക്കാത്തതെന്നും കൗണ്‍സിലര്‍ അല്ലാതായാലും തനിക്കിവിടെ ജീവിക്കാനുള്ളതാണെന്നുമാണ് സി.പി.ഐ.എമ്മിന്റെ വാര്‍ഡ് കൗണ്‍സിലര്‍ പ്രതികരിച്ചത്. “നാട്ടുകാരെ തനിക്ക് തടയാനൊക്കില്ല, അവര് പറയുന്നത് പോലെയേ നടക്കൂ എന്നാണ് അവര് പറയുന്നത്. ഞാന്‍ ഒരു കൗണ്‍സിലര്‍ മാത്രമാണ്. എനിക്ക് തല്ല് കൊള്ളാന്‍ പറ്റില്ല. നാളെ കൗണ്‍സിലര്‍ അല്ലാതായാലും എനിക്കിവിടെ ജീവിക്കണം” – അദ്ദേഹം പറഞ്ഞു.

വിഷയം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിവേചനം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വര്‍ക്കല എം.എല്‍.എ വി. ജോയി പ്രതികരിച്ചു.

ജദീര്‍ നന്തി

We use cookies to give you the best possible experience. Learn more