ന്യൂദല്‍ഹി: ഉയര്‍ന്ന ജാതിക്കാരിയെ പ്രണയിച്ച് വിവാഹം കഴിച്ച ദലിത് യുവാവിനുനേരെ ആക്രണം. പെണ്‍കുട്ടികളുടെ ബന്ധുക്കളുടെ ആക്രമണത്തിനിരയായ യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.[]
കിഴക്കന്‍ ബീഹാറിലെ ചമ്പാരന്‍ ജില്ലയിലെ മോതിഹാരിയിലാണ് സംഭവം നടന്നത്. കൃഷ്ണപ്രസാദ് റാം എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. ഇയാള്‍ ഇപ്പോള്‍ അത്യാസന്നനിലയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
കൃഷ്ണപ്രസാദും ഭാര്യ ഖുഷ്ബുവും ആറ് മാസം പ്രായമായ കുഞ്ഞും ദല്‍ഹിയില്‍ നിന്നും ജന്‍ നായര്‍ എക്‌സ്പ്രസിന് മോതിഹാരിയിലെത്തിയതാണ്. വൈകിയിരുന്നതിനാല്‍ രാത്രി പ്ലാറ്റ്‌ഫോമില്‍ തന്നെ നില്‍ക്കാന്‍ ഇവര്‍ തീരുമാനിച്ചു. അവിടെ മോട്ടോര്‍സൈക്കിളിലെത്തിയ ഒരു സംഘം ഖുഷ്ബുവിനെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോവുകയും കൃഷ്ണപ്രസാദിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. പിന്നീട് ഖുഷ്ബുവിന്റെ ബന്ധുക്കളെത്തി കൃഷ്ണപ്രസാദിനെ തല്ലിച്ചതക്കുകയും ചെയ്തു.
ഖുഷ്ബുവിന്റെ അമ്മാവന്‍ മനോജ് സിങിനും അച്ഛന്‍ രണ്‍വിജയ്ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മോതിഹാരി പോലീസ് സൂപ്രണ്ട് ഗണേഷ്‌കുമാര്‍ പറഞ്ഞു.
തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാവാനായാണ് കൃഷ്ണപ്രസാദും കുടുംബവും മോതിഹാരിയിലെത്തിയത്.