| Wednesday, 17th July 2019, 11:58 pm

'ചെങ്കല്‍ചൂള എന്ന് കേട്ടപ്പോഴേക്കും കുറ്റവാളികളോടെന്ന പോലെയാണ് എസ്.ഐ പെരുമാറിയത്; എന്തുകൊണ്ടാണ് ഞങ്ങളെ മനുഷ്യരായി അംഗീകരിക്കാത്തത്'; ചെണ്ട കലാകാരന്‍ ചോദിക്കുന്നു

ജംഷീന മുല്ലപ്പാട്ട്

കോളനികള്‍ ക്രിമിനലുകളുടെയും മാഫിയകളുടെയും കേന്ദ്രങ്ങളെന്നാണ് പൊതുബോധം. ഈ പൊതുബോധം നിര്‍മിക്കുന്നതില്‍ മുഖ്യധാരാ കപട പുരോഗമന ബോധത്തിനും മാധ്യമങ്ങള്‍ക്കും സിനിമ ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ക്കും കൃത്യമായ പങ്കുണ്ട്. ഇതിന്റെ പ്രതിഫലനങ്ങള്‍ പലപ്പോഴും പൊലീസ് ഉള്‍പ്പെടെയുള്ള സ്റ്റേറ്റ് സംവിധാനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും കാണാറുമുണ്ട്. അതുകൊണ്ടാണ് താടി നീട്ടി വളര്‍ത്തിയവരെയും മുടിനീട്ടിയവരേയും കറുത്ത തൊലിയുള്ളവരേയും കാണുമ്പോള്‍ ഇത്തരക്കാരുടെ അടിത്തട്ടിലുള്ള ജാതീയതയും വംശീയതയും പുറത്തു വരുന്നതും. അതുകൊണ്ടാണ് 19 വയസ്സുകാരനായ ചെറുപ്പകാരനെ (വിനായകന്‍) ലോക്കപ്പിലിട്ടു അടിച്ചു കൊന്നതും.

മധ്യവര്‍ഗത്തിന്റെ കോളനികളെ കുറിച്ചല്ല ഈ പറയുന്നത്. ജാതിക്കോളനികളെ കുറിച്ചാണ്. കേരള മോഡല്‍ വികസനം എന്ന സാമൂഹിക രാഷ്ട്രീയ പദ്ധതിയുടെ ഇരകള്‍ താമസിക്കുന്ന ജാതിക്കോളനികളെ കുറിച്ച്. സാമ്പത്തികമായി ഉയര്‍ന്ന ജീവിതാന്തരീക്ഷമാണെങ്കിലും ഉയര്‍ന്ന സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ലോകമറിയുന്ന കലാകാരനാണെങ്കിലും കോളനികളില്‍ താമസിക്കുന്നവര്‍ അപ്പോഴും ക്രിമിനലുകളാണ്.

ഇത്തരത്തില്‍, താമസിക്കുന്ന ‘കോളനി’യുടെ പേരിന്റെ അടിസ്ഥാനത്തില്‍ സതീഷ് എന്ന ചെണ്ട വാദ്യകലകാരന് വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐയില്‍ നിന്നും കടുത്ത ജാതീയ വംശീയ പീഡനങ്ങളാണ് ഏറ്റുവങ്ങേണ്ടിവന്നത്.

രാത്രി പൊതുവഴിയില്‍ സിഗരറ്റ് വലിച്ചു എന്ന കുറ്റത്തിനാണ് സതീഷിനെ വഞ്ചിയൂര്‍ എസ്.ഐ സബീര്‍ അറസ്റ്റു ചെയ്തത്. തിരുവനന്തപുരം രാജാജി നഗര്‍ (ചെങ്കല്‍ചൂള) സ്വദേശിയായ സതീഷ്, 48 മണിക്കൂര്‍ നിര്‍ത്താതെ ചെണ്ട വായിച്ചു ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ കലാകാരനാണ്.

ഞായറാഴ്ച വൈകീട്ട് ശ്രീവരാഹം മഹാഗണപതി ക്ഷേത്രത്തില്‍ പരിപാടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞു മടങ്ങവെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പെട്രോള്‍ തീര്‍ന്ന് വഴിയിലായി. കൂടെയുണ്ടായിരുന്ന അനിയന്‍ പെട്രോള്‍ വാങ്ങാന്‍ പോയ സമയത്ത് സതീഷ് വഴിയോരത്ത് മാറി നിന്ന് സിഗരറ്റ് വലിക്കുകയും ഇതേസമയം നൈറ്റ് പെട്രോളിങ്ങിനെത്തിയ എസ്.ഐയും സംഘവും സതീഷിനോട് അപമര്യാദയായി പെരുമാറുകയും അന്യായമായി കസസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

താമസിക്കുന്നത് ചെങ്കല്‍ചൂളയിലാണെന്ന് പറഞ്ഞപ്പോള്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നും ദളിത് വിഭാഗത്തില്‍പ്പെട്ട ഇദ്ദേഹത്തെ ജാതി പറഞ്ഞ് അപമാനിക്കുകയായിരുന്നു എന്നും സതീഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘പൊലീസ് സ്റ്റേഷനിലെ മറ്റു പൊലീസുകാര്‍ ഒരുതരത്തിലും മോശമായി പെരുമാറിയിട്ടില്ല. പൊലീസ് ജീപ്പിന്റെ ഡ്രൈവറും എസ്.ഐ സബീറുമാണ് വളരെ മോശമായി പെരുമാറിയത്. ഡ്രൈവറാണ് എന്റെ ഷര്‍ട്ടും മുണ്ടും ഊരാന്‍ പറഞ്ഞത്. എസ്.ഐ ഒരുപാട് അസഭ്യം പറഞ്ഞു. അമ്മയുടെകൂടെ ചേര്‍ത്ത് കേട്ടാല്‍ അറക്കുന്ന അസഭ്യം പറഞ്ഞു. പട്ടികജാതി കുടുംബത്തില്‍ നിന്നുള്ള കലാകാരനാണെന്നു പറഞ്ഞപ്പോള്‍, ‘ഏത് പട്ടികജാതിയാടാ നീ’ എന്ന് എസ്.ഐ ചോദിച്ചു. സാംബവര്‍ ആണെന്ന് പറഞ്ഞു. ‘സാംബവര്‍ എന്നാല്‍ പറയന്മാര്‍ അല്ലേ. പറയനും പുലയനും ഒക്കെ കുറേ സംഘടനകള്‍ ഉണ്ടാക്കി വെള്ളയും വെള്ളയും ഇട്ടു നടക്കുന്നുണ്ടെ’ന്നു എസ്.ഐ പറഞ്ഞു.

ചെങ്കല്‍ചൂള എന്ന് കേട്ടപ്പോഴേക്കും കുറ്റവാളികളോട് പെരുമാറുന്നതുപോലെയാണ് എന്നോടും പെരുമാറിയത്. കഴുത്തിനു കുത്തിപ്പിടിച്ച് ഇടതു കൈകൊണ്ടു തല്ലാനുള്ള പോലെയാണ് എസ്.ഐ നിന്നത്. എനിക്കൊന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥയായി. ഞാന്‍ എന്തെങ്കിലും മിണ്ടിയിരുന്നെങ്കില്‍ അടി ഉറപ്പായേനെ. ഞാന്‍ പാറാവുകാരനോട് പറഞ്ഞു. നിങ്ങള്‍ എന്റെ വീഡിയോ എടുത്തു കാണണം. ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല എന്ന്. ആ പാറാവുകാരന്‍ എസ്.ഐയോട് പറഞ്ഞിട്ടാണ് എന്നെ മെഡിക്കല്‍ എടുക്കാന്‍ കൊണ്ടുപോയത്.

180 ചാര്‍ജ് ചെയ്തിട്ട് വിട്ടാല്‍ മതി എന്നാണ് എസ്.ഐ പറഞ്ഞത്. ഞാന്‍ മദ്യപിക്കാത്ത ആളാണ്. എന്നിട്ടും മദ്യപിച്ച് ബഹളുമുണ്ടാക്കിയതിനുള്ള വകുപ്പാണ് ചുമത്തിയത്. ഈ കേസ് കോടതിയില്‍ എത്തുമ്പോള്‍ അവിടെ പിഴയടക്കണം. ഈ എസ്.ഐ എന്റെ കയ്യില്‍ നിന്നും 200 രൂപ വാങ്ങിയിട്ടുണ്ട്. ഞാന്‍ അറിയപ്പെടുന്ന കലാകാരനാണെന്ന് എസ്.ഐ മനസ്സിലാക്കിയത് കൊണ്ടാണ് മെഡിക്കല്‍ എടുത്തിട്ട് ഇറങ്ങിപ്പോകാന്‍ പറഞ്ഞത്. അല്ലാതെ ചെറിയ കലാകാരന്‍ ആരെങ്കിലും ആയിരുന്നെങ്കില്‍ സത്യായിട്ടും അവനെ അടിച്ചു കൊന്നേനെ ആ എസ്.ഐ’-സതീഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘പണ്ട് ഒരു ഓട്ടോ വിളിച്ചുകഴിഞ്ഞാല്‍ കോളനിക്കകത്തേയ്ക്ക് വരില്ലായിരുന്നു. ആ അവസ്ഥയെക്കെ ഞങ്ങള്‍ മാറ്റിയെടുത്തില്ലേ?. ഞങ്ങള്‍ ഇങ്ങനെ കലാപരമായിട്ടും പൊതുപ്രവര്‍ത്തനമായിട്ടും കോളനിക്ക് വന്ന പേരുകള്‍ മാറ്റികൊണ്ടിരിക്കുകയാണ്. ഞാന്‍ ചെണ്ടയില്‍ തന്നെ ഒരുപാട് പരിപാടികള്‍ ചെയ്തു ജനങ്ങളെ അറിയിക്കുന്നുണ്ട്. എന്റെ മക്കള്‍ രണ്ടുപേരും കലാകാരന്മാരാണ്, എന്റെ ഭാര്യ ചെങ്കല്‍ ചൂളയിലെ യഥാര്‍ത്ഥ ജീവിതങ്ങളെ കുറിച്ച് പുസ്തകം എഴുതിയിട്ടുണ്ട്. ആ ഞങ്ങള്‍ക്കാണ് ഇങ്ങനെയൊരു അവസ്ഥ.

നല്ല കാര്യം ചെയ്താലും ഞങ്ങളോടുള്ള അവഗണന മാറുന്നില്ല. ഇവിടെ എത്രയെത്ര പഠിച്ച കുട്ടികളുണ്ട്. സര്‍ക്കാര്‍ ജോലിക്കാരുണ്ട്, നഴ്‌സുമാരുണ്ട്, വക്കീലന്മാരുണ്ട്, കലാകാരന്മാരുണ്ട്. ഞങ്ങളുടെ നല്ലതിനെ ഒന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നില്ല. ഞങ്ങളുടെ കോളനിയുടെ പേരാണ് എല്ലാവര്‍ക്കും പ്രശ്‌നം. ഞങ്ങളുടെ കോളനിക്കാര്‍ പ്രശ്‌നക്കാരല്ല എന്ന് പറയാന്‍ തന്നെയാണ് എന്റെ കലയെ ഞാന്‍ ഉപയോഗപ്പെടുത്തുന്നത്. അത് തുടരുക തന്നെ ചെയ്യും’- സതീഷ് പറഞ്ഞു.

എസ്.ഐ സബീറിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിട്ടുണ്ട്.

ചെങ്കല്‍ച്ചൂള കോളനിയെക്കുറിച്ച് ‘ചെങ്കല്‍ച്ചൂളയിലെ എന്റെ ജീവിതം’ എന്ന പുസ്തകം എഴുതിയ ധനുജ കുമാരിയാണ് സതീഷിന്റെ പങ്കാളി. ഇവരുടെ മകന്‍ നിധീഷിനും ജാതീയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. കേരളകലാ മണ്ഡലത്തില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് നിധീഷിന് കലാമണ്ഡലത്തിലെ അധ്യാപകരില്‍ നിന്നും ജാതീയ പീഡനം ഏല്‍ക്കേണ്ടി വന്നത്. ഒടുവില്‍ നിധീഷിന് പഠനം ഉപേക്ഷിക്കേണ്ടി വന്നു.

‘ജാതിയുടെയും കോളനിയുടെയും പേര് പറഞ്ഞിട്ട് മകനെ കലാമണ്ഡലത്തില്‍ പഠിക്കാന്‍ സമ്മതിച്ചില്ല. തായമ്പക ആയിരുന്നു പഠിച്ചിരുന്നത്. ഒരു വര്‍ഷം പഠിച്ചു. അവന് പഠിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് മതിയാക്കി തിരിച്ചുവന്നത്. പട്ടികജാതി പിള്ളേരെ പഠിക്കാന്‍ സമ്മതിക്കാത്ത സ്ഥാപനമാണ് കേരള കലാമണ്ഡലം. ഉയര്‍ന്ന ജാതിക്കാരുടെ മുകളില്‍ നമ്മളൊന്നും വരാന്‍ പാടില്ല, അതാണ് പട്ടികജാതിക്കാരെ അവര്‍ പഠിക്കാന്‍ സമ്മതിക്കാത്തത്’- സതീഷ് പറഞ്ഞു.

താമസിക്കുന്ന സ്ഥലത്തിന്റെ പേര് പറയാന്‍ പേടിക്കുന്ന ജനതയാണ് ചെങ്കല്‍ചൂളയില്‍ ജീവിക്കുന്നത്. കാരണം പൊതുബോധ-സ്റ്റേറ്റ് സംവിധാനങ്ങള്‍ കുറ്റവാളികളുടെയും കൊള്ളരുതാത്തവരുടെയും കൂട്ടത്തിലേ കോളനിക്കാരെ പരിഗണിക്കുന്നുള്ളൂ. അതുകൊണ്ടാണ് വീട് എവിടെയെന്നു ചോദിച്ചാല്‍ സെക്രട്ടേറിയറ്റിന് അടുത്ത്, തമ്പാനൂരിന് അടുത്ത്, റെയില്‍വേ സ്റ്റേഷനടുത്ത് എന്നൊക്കെ പറയേണ്ടി വരുന്നതും.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more