| Saturday, 28th July 2018, 12:40 pm

കാലടി സർവകലാശാലയിൽ ദളിത് അധ്യാപകർ വേണ്ട യോഗ്യത ഉണ്ടെങ്കിലും തോൽപ്പിക്കും

ഷാരോണ്‍ പ്രദീപ്‌

കാലടിയിലെ ശ്രീ ശങ്കരാചാര്യരുടെ പേരിലുള്ള സംസ്‌കൃത യൂണിവേസിറ്റിക്ക് ദളിത് അധ്യാപകരെ വേണ്ട. യോഗ്യത എത്രയുണ്ടെങ്കിലും മാര്‍ക്കില്‍ കൃതൃമം കാണിച്ച് അവര്‍ നിങ്ങളുടെ അപേക്ഷ തള്ളികളയും. പറയുന്നത് ഈ അധിക്ഷേപത്തിന് ഇരയായ അധ്യാപകന്‍ ഹരീഷാണ്. അര്‍ഹത ഉണ്ടായിട്ടും, സര്‍വകലാശാലയില്‍ മുമ്പ് ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിട്ടും ഹരീഷിനെ അയോഗ്യനാക്കിയിരിക്കുകയാണ് സര്‍വകലാശാലയിലെ ഇന്റര്‍വ്യൂ ബോര്‍ഡ്.

സൈക്കോളജി വിഭാഗം ഗസ്റ്റ് അധ്യാപക നിയമനത്തിലാണ് ഹരീഷ് എന്ന അധ്യാപകന് നേരെ സര്‍വകലാശാല ഈ കുറ്റകരമായ, ബോധപൂര്‍വമുള്ള ക്രമക്കേട് നടത്തിയിരിക്കുന്നത്. ഒരു ഉദ്യോഗാര്‍ത്ഥിക്ക് കണക്കില്‍ പ്പെടാത്ത 2 മാര്‍ക്ക് നല്‍കി അംഗീകാരം നല്‍കിയ സര്‍വകലാശാല, തനിക്ക് കിട്ടേണ്ടിയിരുന്ന 5 മാര്‍ക്ക് ബോധപൂര്‍വം വെട്ടികുറച്ചെന്നും ഹരീഷ് പറയുന്നു.

നടന്ന സംഭവം ഹരീഷ് വിവരിക്കുന്നത് ഇങ്ങനെയാണ്

“”മെയ് 16നായിരുന്നു ഇന്റര്‍വ്യൂ, മൂന്ന് പേരായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. സൈക്കോളജി വിഭാഗം തലവനായ എം.ഐ ജോസഫ്, എക്‌സ്റ്റേണല്‍ എക്‌സ്‌പേര്‍ട്ട് ആയി എം.ജി യൂണിവേഴ്‌സിറ്റില്‍ നിന്നുള്ള ശശികുമാര്‍ എന്ന അധ്യാപകന്‍, ഡീന്‍ ആയ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പി.കെ വിജയന്‍ എന്നിവരായിരുന്നു മൂന്ന് പേര്‍. ഇന്റര്‍വ്യൂവിന് തൊട്ട് മുമ്പ് എന്നോട് പി.എച്ച്.ഡി ഉണ്ടെങ്കിലും നെറ്റ് ഇല്ലെങ്കില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. ജീവനക്കാര്‍ വഴിയാണ് ഇതെല്ലാം പറയുന്നത്. ചോദ്യം ചെയ്തപ്പോള്‍ പി.എച്ച്.ഡി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ പങ്കെടുക്കാം എന്നായി. എന്നോട് മാത്രം ഇത്തരം കാര്യങ്ങള്‍ തുടക്കം മുതലേ പറഞ്ഞപ്പോള്‍ ഒഴിവാക്കുകയാണെന്ന് തോന്നിയിരുന്നു“”



ഇന്റര്‍വ്യൂ കഴിഞ്ഞ് റിസള്‍ട്ട് വന്നപ്പോള്‍ ഹരീഷ് ഏറെ പിറകിലേക്ക് തള്ളപ്പെട്ടു. ജയശ്രീ എന്ന വിദ്യാര്‍ത്ഥിനിക്ക് ആയിരുന്നു ഒന്നാം റാങ്ക്. എന്നാല്‍ പ്രജോദി നികേതന്‍ കോളേജില്‍ നിന്നും ക്ലിനിക്കല്‍ സൈക്കോളജി വിഭാഗത്തില്‍ പഠിച്ച ഇവര്‍ക്ക് കാലികറ്റ് യൂണിവേഴ്‌സിറ്റിയുടെ എം.എസ്.സി സൈക്കോളജി തുല്യത സര്‍ട്ടിഫിക്കറ്റ് ഇല്ല. ഇക്കാര്യം കാണിച്ച് കൊണ്ട് ഹരീഷ് വൈസ് ചാന്‍സലറക്ക് പരാതി നല്‍കുകയും, വിവരാവകാശം നല്‍കുകയും ചെയ്തു.

ജയശ്രീ പിന്നീട് തമിഴ്‌നാട് കേന്ദ്രസര്‍വകലാശാലയിലേക്ക് പോയെങ്കിലും, വിവരാവകാശ രേഖകള്‍ ഞെട്ടിക്കുന്നതായിരുന്നു. ഇന്റര്‍വ്യൂ മാര്‍ക്ക് നല്‍കുന്നതില്‍ നടന്ന ക്രമക്കേടുകളും, ബോധപൂര്‍വം ഒഴിവാക്കിയതും രേഖകളില്‍ വ്യക്തം.



നാലാം റാങ്കുള്ള ഇപ്പൊള്‍ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിക്ക് 2 മാര്‍ക്ക് അധികമായി നല്‍ കിയിട്ടുണ്ട്. എനിക്ക് ലഭിക്കേണ്ട 5 മാര്‍ക്ക് എവിടേയും രേഖപ്പെടുത്തിയിട്ടില്ല. ഈ അഞ്ച് മാര്‍ക്കും ഇന്റര്‍വ്യൂവിന്റെ 10 മാര്‍ക്കും ചേര്‍ത്താല്‍ 42 മാര്‍ക്കൊടെ എനിക്കാണ് ഉദ്യോഗം ലഭിക്കേണ്ടത്. എന്നാല്‍ ഇത് അട്ടിമറിക്കപ്പെട്ടു.”, ഹരീഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സാധരണയായി അഭിമുഖത്തില്‍ 10 മാര്‍ക്കിന് മുകളില്‍ നല്‍കാറുണ്ടെന്നും, തനിക്കും മറ്റൊരു ഉദ്യോഗാര്‍ത്ഥിക്കും മാത്രം ഇന്റര്‍വ്യൂ ബോര്‍ഡിലെ എം.ഐ ജോസഫ് എന്ന സൈക്കൊളജി വിഭാഗം തലവന്‍ 10 മാര്‍ക്കില്‍ താഴെയാണ് നല്‍കിയത് എന്നും ഹരീഷ് പറയുന്നു. ഇത്രയും മാര്‍ക്ക് കുറയ്ക്കുന്നത് അധ്യാപകനെ ബോധപൂര്‍വം ഒഴിവാക്കാനുള്ള ശ്രമം ആണെന്നുള്ളതിനുള്ള കൃത്യമായ സൂചനയാണ്.

നിലവില്‍ സിന്‍ഡിക്കേറ്റിന്റെ പരിഗണനയിലുള്ള വിഷയത്തില്‍ ഉടന്‍ നടപടി ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ഹരീഷ്.

എസ്.എഫ്.ഐ ഉള്‍പ്പെടെ ഉള്ള സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ മുൻ യൂണിറ്റ് സെക്രട്ടറി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“”14 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രഥമ ദൃഷ്ട്യാ തന്നെ ക്രമക്കേട് നടന്നത് വ്യക്തമാണ്. എം.ഐ ജോസഫ് കോണ്‍ഗ്രസ് അധ്യാപക സംഘടനയുടെ പ്രസിഡന്റാണ്. ഹരീഷ് പഴയ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും ചെയര്‍മാനുമെല്ലാമായിരുന്നു. ഇപ്പോള്‍ നിയമനം കിട്ടിയ കുട്ടി എം.ഐ ജോസഫിന്റെ സ്റ്റുഡന്റാണ്. വേറെ സ്ഥലത്ത് ജോലി ചെയ്ത ഇയാളെ വിളിച്ച് വരുത്തുകയായിരുന്നു. ഇതൊക്കെ സംശയമുണ്ടാക്കുന്ന കാര്യങ്ങളാണ്“”, മുൻ യൂണിറ്റ് സെക്രട്ടറി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇതിന് മുമ്പും ഇത്തരം പരാതികള്‍ എം.ഐ ജോസഫിനെതിരെ ലഭിച്ചിട്ടുണ്ടെന്നും, അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐ പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നിഷേധിക്കല്‍, ചോദ്യപേപ്പര്‍ ക്രമക്കേട് തുടങ്ങിയവ സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് ഉണ്ടായതായെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഷാരോണ്‍ പ്രദീപ്‌

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more