കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേസിറ്റി അധ്യാപക നിയമനത്തില്‍ ദളിത് അപേക്ഷകനെ ബോധപൂര്‍വ്വം തോല്‍പ്പിച്ചതായി പരാതി.
സൈക്കോളജി വിഭാഗം ഗസ്റ്റ് അധ്യാപക നിയമനത്തിലാണ് വ്യാപകമായ ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥിക്ക് കണക്കില്‍പ്പെടാത്ത 2 മാര്‍ക്ക് അധികം നല്‍കിയെന്നും, മറ്റൊരു ഉദ്യോഗാര്‍ത്ഥിക്ക് 5 മാര്‍ക്ക് ബോധപൂര്‍വ്വം കുറച്ചുവെന്നും വിവരാവകാശരേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.
ബിനി.പി.വി എന്ന ഉദ്യോഗാര്‍ത്ഥിക്ക് ലഭിക്കേന്ദ 39 മാര്‍ക്കിന്് പകരം 41 മാര്‍ക്ക് രേഖപ്പെടുത്തിയെന്നും, ഹരീഷിന് 32 മാര്‍ക്ക് രേഖപ്പെടുത്തേണ്ട ഇടത്ത് 27 മാര്‍ക്കാണ് രേഖപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഹരീഷ്‌കുമാര്‍ എന്ന ഉദ്യോഗാര്‍ത്ഥി സര്‍വകലാശാല ചാന്‍സലര്‍ക്കും, പട്ടിക ജാതി വികസന വകുപ്പ് മന്ത്രിക്കും കത്തയച്ചിട്ടുണ്ട്.
ഹരീഷ് കുമാര്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് നല്‍കുന്നതില്‍ കൃതൃമം നടന്നതായി ബോധ്യമാകുന്നുവെന്ന് പരാതിയില്‍ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.
സംഭവത്തില്‍ ദളിത് ഉദ്യോഗാര്‍ത്ഥിയെ തോല്‍പ്പിച്ച വകുപ്പ് അധ്യക്ഷ എം.ഐ ജോസഫിനെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യവുമായി എസ്.എഫ്.ഐ പ്രസ്താവന ഇറക്കിയിട്ടുണ്ട്.
ഇതിന് മുമ്പും ചോദ്യപേപ്പര്‍ ക്രമക്കേട്, ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നിഷേധിക്കല്‍ തുടങ്ങിയ നടപടികള്‍ സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് ഉണ്ടായതായും എസ്.എഫ്.ഐ പ്രസ്താവനയില്‍ ചൂണ്ടികാണിക്കുന്നുണ്ട്.
ആരോപണവിധേയനായ എ.ഐ ജോസഫ് ഒന്നിലധികം തവണ ഇത്തരം ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നും, ഇയാള്‍ക്കെതിരെ നടപടി വൈകരുതെന്നും പ്രസ്താവനയിലുണ്ട്.