ന്യൂദല്‍ഹി: എസ്.സി-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും രക്തം കൊണ്ട് കത്തെഴുതി ദളിതര്‍. ഭാരതീയ ദളിത് പാന്തേഴ്‌സ് പാര്‍ട്ടി പ്രവര്‍ത്തകരാണ് രക്തം കൊണ്ട് കത്തെഴുതി പ്രതിഷേധം അറിയിച്ചത്.
” നിയമം സംരക്ഷിക്കാന്‍ രക്തം നല്‍കാനും ഞങ്ങള്‍ തയ്യാറാണ്. എസ്.സി-എസ്.ടി ആക്ട് പൂര്‍വസ്ഥിതിയിലാക്കിയില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുന്നതിന്റെ എല്ലാ ഉത്തരവാദിത്വവും കേന്ദ്രസര്‍ക്കാരിനാകും.” ഭാരതീയ ദളിത് പാന്തേഴ്‌സ് പാര്‍ട്ടി പ്രസിഡണ്ട് ധനിരാം പാന്തര്‍ പറഞ്ഞു.
നിയമത്തിലെ വ്യവസ്ഥകള്‍ പഴയസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകരുടെ കത്ത്. സമാന അഭിപ്രായമുള്ള അംബേദ്കര്‍വാദികളായ സംഘടനകളുടെ ഒപ്പുശേഖരണം നടത്തുമെന്നും ധനിരാം പാന്തര്‍ പറഞ്ഞു.
ഭാരത് ബന്ദിനിടെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ദളിതര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടാണ് ഭാരതീയ ദളിത് പാന്തേഴ്‌സ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കത്തെഴുതിയത്.
മാര്‍ച്ച് 20 നാണ് എസ്.സി-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തി സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
Also Read: സല്‍മാന്റെ തടവ് ശിക്ഷ; 650 കോടിയോളം രൂപയുടെ പദ്ധതികള്‍ അനിശ്ചിതത്വത്തില്‍; ആശങ്കയോടെ സിനിമാലോകം
എസ്.സി-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതിനെതിരെ ദളിത് സംഘടനകള്‍ രാജ്യവ്യാപകമായി നടത്തിയ ഭാരത് ബന്ദില്‍ 11 പേര്‍ വെടിയേറ്റ് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സുപ്രീംകോടതി വിധി പ്രകാരം എസ്.സി-എസ്.ടി ആക്ട് പ്രകാരം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യുന്നതിനു മുമ്പ്, ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിനു താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ പ്രാഥമിക അന്വേഷണം അനിവാര്യമാണെന്നും കര്‍ശനമായ വ്യവസ്ഥകളുള്ള ഈ നിയമം നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് ഒരു തടസവുമില്ല.
Also Read: 5.6 ലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി: ഫേസ്ബുക്ക്
ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ മാത്രമെ പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിരുന്നു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഡോ. സുഭാഷ് കാശിനാഥ് മഹാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ആദര്‍ശ് ഗോയല്‍, യു. യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.
Watch This Video: