തിരുവനന്തപുരം: ദളിതര്‍ക്ക് പ്രവേശനം വിലക്കിയതില്‍ വിവാദമായ വര്‍ക്കല കരുനിലക്കോട് പടിഞ്ഞാട്ടേതിലെ “അയിത്തക്കുളം” സന്ദര്‍ശിച്ച ദളിത് ആക്ടിവിസ്റ്റ് വിനീത വിജയന് നേരെ ആള്‍ക്കൂട്ട വിചാരണ. കയ്യേറ്റം ചെയ്തതായും അസഭ്യം പറഞ്ഞതായും പൊലീസില്‍ വ്യാജ പരാതി നല്‍കിയതായും ആരോപണമുണ്ട്. വ്യാഴാഴ്ചയാണ് വിനീതയും സുഹൃത്ത് ഹര്‍ഷനും കരുനിലക്കോട് പടിഞ്ഞാട്ടേതില്‍ ദളിത് വിഭാഗത്തിന് വിലക്കേര്‍പ്പെടുത്തിയ കുളം സന്ദര്‍ശിക്കാന്‍ ചെന്നത്.
കുളത്തിന് സമീപത്തുള്ള ദളിത് കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ ഇവരെ പ്രദേശത്തെ ഒരു സംഘം രണ്ട് മണിക്കൂറോളം തടഞ്ഞ് വെക്കുകയും ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്നാണ് വിനീത പറയുന്നത്. കുളത്തില്‍ കുളിക്കുന്ന യുവതികളുടെ നഗ്ന വീഡിയോ പകര്‍ത്തിയെന്ന് ആള്‍ക്കൂട്ടം ആരോപിക്കുകയും പൊലീസിനെ വിളിച്ച് വരുത്തുകയും ചെയ്തു. പൊലീസും ഇവരോട് മോശമായാണ് പെരുമാറിയതെന്ന് വിനീത പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയക്കുകയും ചെയ്തു.
വര്‍ക്കല കരുനിലക്കോട് പടിഞ്ഞാട്ടേതില്‍ നായര്‍, ഈഴവ, മുസ്‌ലിം വിഭാഗത്തില്‍പെട്ടവര്‍ ഉപയോഗിക്കുന്ന കുളത്തില്‍ കുറവര്‍, തണ്ടാര്‍ വിഭാഗങ്ങളിലുള്ള ദളിതര്‍ക്കാണ് വിലക്കുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. വേനല്‍ക്കാലത്ത് കുടിവെള്ളമെടുക്കാന്‍ പോലും കുളത്തെ സമീപിക്കാന്‍ വിലക്കുണ്ടെന്നും കുളത്തിന് സമീപത്ത് കുടം വച്ച് കൊടുത്താല്‍ ആരെങ്കിലും ഒഴിച്ച് കൊടുക്കുന്ന വെള്ളം എടുത്ത് കൊണ്ട് പോവുകയാണ് പതിവെന്നുമായിരുന്നു പ്രദേശത്തെ ദളിതര്‍ പറഞ്ഞത്. വിഷയം അറിഞ്ഞതോടെ സ്ഥലം എം.എല്‍.എയും രാഷ്ട്രീയക്കാരുമെത്തി കുളത്തില്‍ ദളിത് കുട്ടികളെ കുളിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ അയിത്തം ഇല്ലാതായെന്നും പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചുമെന്നുമാണ് ജനപ്രതിനിധികളുടെ വാദം. എന്നാല്‍ ഇതിന്റെ സത്യാവസ്ഥയറിയാന്‍ സ്ഥലത്തെത്തിയ വിനീതയ്ക്കും സുഹൃത്തിനുമാണ് ആള്‍ക്കൂട്ടത്തിന്റെ വിചാരണയും പൊലീസ് കസ്റ്റഡിയും നേരിടേണ്ടി വന്നത്. പൊലീസ് സ്റ്റേഷനിലെത്തിയ തനിക്കും സുഹൃത്തുനുമെതിരെ വ്യാജ പരാതി നല്‍കാനും ശ്രമമുണ്ടായതായി വിനീത പറയുന്നു.
സംഭവത്തെക്കുറിച്ച് വിനീത പറയുന്നത്: “മാധ്യമവാര്‍ത്തകള്‍ കണ്ട് സത്യാവസ്ഥ അറിയാനാണ് പോയത്. ഞാനും സുഹൃത്തും ആര്‍ട്ടിസ്റ്റുമായ ഹര്‍ഷനുമാണ് അവിടേക്ക് ചെന്നത്. കുളത്തിനടുത്ത് ചെന്നപ്പോള്‍ അവിടെ രണ്ട് സ്ത്രീകള്‍ കുളിക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് അവര്‍ക്ക് പ്രശ്‌നമാവേണ്ടെന്ന് കരുതി ഞങ്ങള്‍ പടിക്കെട്ട് ഇറങ്ങി ചെല്ലാതെ മാറി തന്നെ നിന്നു. ഒരു സ്ത്രീ കുളിച്ച് കയറി വന്നു. ഞങ്ങളെ കണ്ട് അവര്‍ ചാനലില്‍ നിന്നാണോ എന്ന് ചോദിച്ചു. സാമൂഹ്യപ്രവര്‍ത്തകരാണെന്ന് അറിയിച്ചപ്പോള്‍ പ്രശ്‌നങ്ങളൊക്കെ ഇന്നലെ തീര്‍ന്നല്ലോ എന്ന് അവര്‍ പറഞ്ഞു.
ഞങ്ങള്‍ ആ സഹോദരങ്ങളുടെ വീട് സന്ദര്‍ശിച്ച് പോവാമെന്ന് കരുതി വന്നതാണെന്ന് പറഞ്ഞപ്പോള്‍, നിങ്ങള്‍ക്ക് വിചാരിക്കുന്ന പോലെ ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇവിടെ പണ്ട് മുതലേ എല്ലാ വിഭാഗങ്ങളും കുളിക്കാറുണ്ടെന്നും കുറവരെ മാത്രമേ കുളിപ്പിക്കാതെയുള്ളൂ എന്നും പറഞ്ഞു. അത് ജാതി കൊണ്ടല്ല, അവര്‍ക്ക് വൃത്തിയും മെനയുമില്ലാഞ്ഞിട്ടാണ്. നായന്മാരുടെയും ഈഴവരുടെയുമൊക്കെ വീട്ടില്‍ പണിക്ക് പോയിട്ട് ചേറും അഴുക്കുമായി അവിടെ കുളിച്ചാല്‍ പിന്നെ ആര്‍ക്കും ആ കുളത്തില്‍ കുളിക്കാനാവില്ലെന്നും എന്നാലും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറുമ്പോള്‍ അവര്‍ കുളിച്ചിട്ട് പോവാറുണ്ടെന്നും പറഞ്ഞു. അത് വര്‍ഷങ്ങളായി അങ്ങനെയാണെന്നും അത് ഇന്നലെ തീര്‍ന്നല്ലോ ഇപ്പോ പൊക്കിപ്പിടിച്ച് വരുന്നതെന്തിനാണെന്നും ചോദിച്ചു.
എങ്കില്‍ അവരെ കണ്ട് കാര്യങ്ങള്‍ അന്വേഷിച്ചിട്ട് ഞങ്ങളും പോവാമെന്ന് ഞാന്‍ അവരോട് പറഞ്ഞതോടെ അവര്‍ പോയി. ഇവര്‍ റോഡിലുള്ള കുറഞ്ഞ് പുരുഷന്മാരെ ഞങ്ങളുടെ അടുത്തേക്ക് വിട്ടു. അവര്‍ ഞങ്ങളെ ചോദ്യം ചെയ്യാനും തുടങ്ങി. ആരാണ്, പ്രശ്‌നമൊന്നുമില്ലല്ലോ ഇവിടെ പിന്നെ എന്തിനാണ് വന്നത് എന്നൊക്കെ ചോദിച്ച് കൊണ്ടിരുന്നു. ഞങ്ങള്‍ പ്രശ്‌നമുണ്ടാക്കാന്‍ വന്നതല്ലെന്നും കേരളത്തില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടാറുള്ളവരാണെന്നും ആ സഹോദരങ്ങളുടെ വീട് സന്ദര്‍ശിച്ച് മടങ്ങാന്‍ വന്നതാണെന്നും അവരോട് പറഞ്ഞു. നിങ്ങള്‍ സ്ത്രീകളുടെ വീഡിയോ എടുത്തോ എന്നൊക്കെയായി പിന്നെ ചോദ്യം. വീഡിയോ ഒന്നും എടുത്തില്ലെന്നും കുളിക്കുന്നത് കണ്ട ഞങ്ങള്‍ മാറി നില്‍ക്കുകയാണ് ചെയ്തതെന്നും പറഞ്ഞ് ഞങ്ങള്‍ സഹോദരങ്ങളുടെ വീടിനടുത്തേക്ക് ചെന്നു.
ഞങ്ങള്‍ രാധ എന്ന അമ്മയുടെ വീടിനടുത്തെത്തിഴപ്പോഴേക്കും സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കം അന്‍പതോളം വരുന്ന ആള്‍ക്കൂട്ടമായി ഇവര്‍ തിരിച്ചു വന്നു വീട് വന്ന് വളഞ്ഞു. വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്തത്തിലാണ് ആള്‍ക്കൂട്ടം വന്നത്. അവര്‍ രാധ അമ്മയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി.
നിങ്ങളോട് ഞങ്ങള്‍ പറഞ്ഞതല്ലേ, നിങ്ങള്‍ ഇത് പോലെ പുറമെ നിന്നുള്ളവരെ വിളിച്ച് വരുത്തുകയോ സംസാരിക്കുകയോ ചെയ്താല്‍ ഈ റെസിഡന്‍സ് അസോസിയേഷന്‍ മുഴുവന്‍ നിങ്ങളുടെ വീടുമായുള്ള ബന്ധം ഉപേക്ഷിക്കും. നിങ്ങളുടെ വീട്ടിലൊക്കെ ആരെങ്കിലും ചത്താല്‍ പോലും ഞങ്ങളാരും തിരിഞ്ഞ് നോക്കില്ലെന്നായിരുന്നു ഭീഷണി. ഞാന്‍ പറഞ്ഞത് കൊണ്ടാണ് നാട്ടുകാര്‍ പ്രകടനമായി വരാത്തതെന്നും ഇവര്‍ ഇന്നങ്ങ് പോവും, നാളെ നിങ്ങള്‍ക്ക് ഓടേണ്ടി വരുമെന്നും ഭീഷണി തുടര്‍ന്നു.
പക്ഷേ ഈ തട്ടിക്കയറുന്ന വീഡിയോയും ഭീഷണിയുമൊക്കെ ഹര്‍ഷന്‍ “ജയ്ഭീം” എന്ന ഗ്രൂപ്പില്‍ ലൈവ് ചെയ്യുന്നുണ്ടായിരുന്നു. ഹര്‍ഷനെ ഇവര്‍ കയ്യേറ്റം ചെയ്യുകയും എന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും തെറിവിളിക്കുകയും ചെയ്തു. രണ്ടര മണിക്കൂറോളം ഇവരുടെ ആക്രമണം തുടര്‍ന്നു. സ്ത്രീകള്‍ അടക്കമുള്ളവര്‍ ഇതിലുണ്ടായിരുന്നു.
വീട്ടുകാര്‍ ഞങ്ങളെ പരമാവധി സംരക്ഷിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ പിള്ളേരാണെന്നും ഞങ്ങളെ കാണാന്‍ വന്നതാണെന്നുമൊക്കെ അമ്മമാര്‍ പറഞ്ഞുകൊണ്ടിരുന്നു. ഒരവസരത്തില്‍ തല്ല് കൊള്ളാതെ ഞങ്ങളെ വീടിനുള്ളില്‍ കയറ്റി വാതിലടയ്ക്കുകയും ചെയ്തു. ഈ വീടുമായിട്ട് പുറം ലോകത്തുള്ളവര്‍ ബന്ധപ്പെടാന്‍ അനുവദിക്കില്ല എന്നതരത്തിലായിരുന്നു ആള്‍ക്കൂട്ടത്തിന്റെ പെരുമാറ്റം.
ശേഷം ആള്‍ക്കൂട്ടം പൊലീസിനെയും വിളിച്ച് വരുത്തി. പൊലീസും അവര്‍ക്ക് അനുകൂലമായിട്ടാണ് നിന്നത്. ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങണമെന്ന് പൊലീസും പറഞ്ഞു. ഇവിടെ നിരോധനാജ്ഞയില്ലല്ലോ എന്നും ഞങ്ങളല്ല പ്രശ്‌നമുണ്ടാക്കുന്നതെന്നും വ്യക്തമാക്കിയെങ്കിലും പൊലീസ് അത് ചെവികൊണ്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ നഗ്ന വീഡിയോ പകര്‍ത്തിയെന്നാണ് പൊലീസ് പ്രതികരിച്ചത്. എങ്കില്‍ ഫോണ്‍ പരിശോധിച്ച് നോക്കാന്‍ ഞാന്‍ പറഞ്ഞെങ്കിലും, അതൊക്കെ പൊലീസ് സ്റ്റേഷനില്‍ ചെന്നിട്ട് എന്നാണ് പൊലീസ് പറഞ്ഞത്.
മക്കളേ, നിങ്ങള്‍ ഇവിടുന്ന് പോയില്ലെങ്കില്‍ ഇവര്‍ ഞങ്ങളെ കൊല്ലും ഞങ്ങടെ കുഞ്ഞ് മക്കളെ വിചാരിച്ച് എന്റെ മക്കള്‍ പോലീസുകാരോടൊപ്പം ചെല്ല് എന്ന് പറഞ്ഞാണ് അമ്മ ഞങ്ങളെ പൊലീസിനടുത്തേക്ക് വിട്ടത്.
കസ്റ്റഡിയിലെടുക്കണമെങ്കില്‍ വനിതാ പൊലീസ് വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. സ്റ്റേഷനില്‍ വനിതാ പൊലീസ് ഇല്ലെന്ന് പറഞ്ഞ പൊലീസുകാര്‍ എന്ന അടുത്തുള്ള ഒരു ഓട്ടോയില്‍ നിര്‍ബന്ധിച്ച് കയറ്റി പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പൊലീസ് സ്റ്റേഷനിലെത്തിയ എന്റെ ഫോണ്‍ അവര്‍ പിടിച്ച് വാങ്ങി വച്ചു. അവിടെ വച്ച് റസിഡന്റ് അസോസിയേഷന്റെ പ്രവര്‍ത്തകര്‍ ആ സ്ത്രീയെക്കൊണ്ട് ഞാന്‍ നഗ്നവീഡിയോ ചിത്രീകരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും എനിക്കെതിരെ പരാതി കൊടുപ്പിച്ചു. എസ്.ഐ മുക്കാല്‍ മണിക്കൂറോളം എന്നെ ചോദ്യം ചെയ്തു. വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് മീഡിയ അന്വേഷണം വന്നതും നൂറോളം ദളിത് സംഘടനാ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് പുറത്ത് വന്നതോടെയുമാണ് എന്നെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചത്.”
കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ നിരവധി തവണ വാര്‍ഡ് കൗണ്‍സിലറെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇന്ന് അഞ്ച് മണിക്ക് പരാതിക്കാരിയായ സ്ത്രീയെയും വിനീത വിജയനെയും പൊലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ വിളിപ്പിച്ചിട്ടുണ്ട്.