ക്രിക്കറ്റിലെ തനിക്ക് ഇഷ്ടപ്പെട്ട ബൗളിങ് ആക്ഷന്‍ ഏത് താരത്തിന്റെതാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. സൗത്ത് ആഫ്രിക്കയുടെ ഇതിഹാസ പേസര്‍ അലന്‍ ഡൊണാള്‍ഡിന്റെ ബൗളിങ് ആക്ഷനാണ് സ്റ്റെയ്ന്‍ തെരഞ്ഞെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെയാണ് സ്റ്റെയ്ന്‍ ഇക്കാര്യം പറഞ്ഞത്.
സൗത്ത് ആഫ്രിക്കയുടെ ബൗളിങ് നിരയില്‍ ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കാത്ത പേരാണ് അലന്‍ ഡൊണാള്‍ഡ്. സൗത്ത് ആഫ്രിക്കയ്ക്കായി 1991ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച അലന്‍ 164 മത്സരങ്ങളില്‍ നിന്നും 272 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
21.8 ആവറേജിലും 4.15 എക്കോണമിയിലുമാണ് അലന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പന്തെറിഞ്ഞത്. ഒരു വര്‍ഷത്തിനുശേഷം പ്രോട്ടിയാസിനായി ടെസ്റ്റ് ക്രിക്കറ്റിലും താരം പന്തെറിഞ്ഞു. റെഡ് ബോള്‍ ക്രിക്കറ്റില്‍ 72 മത്സരങ്ങളില്‍ നിന്നും 272 വിക്കറ്റും താരം നേടി. തന്റെ 12 വര്‍ഷത്തെ ക്രിക്കറ്റ് യാത്ര അവസാനിപ്പിച്ചുകൊണ്ട് അലന്‍ ഡൊണാള്‍ഡ് 2003ലാണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.
അതേസമയം സ്റ്റെയ്ന്‍ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ്. പ്രോട്ടിയാസിന് വേണ്ടി 93 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 439 വിക്കറ്റുകള്‍ ആണ് താരം നേടിയത്. ഏകദിനത്തില്‍ 125 മത്സരങ്ങളില്‍ പന്തറിഞ്ഞ സ്റ്റെയ്ന്‍ 196 വിക്കറ്റുകളും നേടി. കുട്ടി ക്രിക്കറ്റില്‍ 47 കളികളില്‍ നിന്നും 64 വിക്കറ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ തരാമെന്ന നേട്ടവും സ്റ്റെയ്‌നിന്റെ പേരിലാണുള്ളത്. 2019ലാണ് സ്റ്റെയ്ന്‍ സൗത്ത് ആഫ്രിക്കക്കായി അവസാനമായി ഏകദിന മത്സരത്തില്‍ പന്തെറിഞ്ഞത്. 2020ലായിരുന്നു ടി-20യില്‍ താരം അവസാനമായി കളിച്ചത്.