| Tuesday, 23rd July 2024, 2:58 pm

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച യോർക്കർ എറിഞ്ഞത് അവനാണ്: സ്റ്റെയ്ൻ

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച യോര്‍ക്കര്‍ എറിഞ്ഞ ബൗളര്‍ ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. മുന്‍ പാക് താരം ഷോയ്ബ് അക്തര്‍ 1999 ലോകകപ്പില്‍ എറിഞ്ഞ യോര്‍ക്കര്‍ ആണ് ഏറ്റവും മികച്ചത് എന്നാണ് സ്റ്റെയ്ന്‍ പറഞ്ഞത്. ഐസ്ലാന്‍ഡ് ക്രിക്കറ്റ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു സ്റ്റെയ്ന്‍.

1999ല്‍ ഇംഗ്ലണ്ടില്‍ വെച്ച് നടന്ന ലോകകപ്പിലാണ് ഷോയ്ബ് അക്തര്‍ തന്റെ മികച്ച ബൗളിങ്ങിലൂടെ ക്രിക്കറ്റ്‌ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. ആ ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ഫൈനല്‍ വരെ മുന്നേറിയെങ്കിലും കലാശ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയുടെ മുന്നില്‍ കീഴടങ്ങുകയായിരുന്നു. ആ ലോകകപ്പില്‍ 10 മത്സരങ്ങളില്‍ നിന്നും 16 വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടാണ് അക്തര്‍ തിളങ്ങിയത്.

പാകിസ്ഥാനൊപ്പം അവിസ്മരണീയമായ നീണ്ട 14 വര്‍ഷത്തെ ക്രിക്കറ്റ് കരിയറാണ് അക്തര്‍ നടത്തിയത്. 46 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 178 വിക്കറ്റുകള്‍ ആണ് അക്തര്‍ നേടിയത്. ഏകദിനത്തില്‍ 163 മത്സരങ്ങളില്‍ നിന്നും 247 വിക്കറ്റും 15 ടി-20 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളും അക്തര്‍ സ്വന്തമാക്കി.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഡെലിവറി റെക്കോഡ് ഇപ്പോഴും പാകിസ്ഥാന്‍ താരത്തിന്റെ പേരിലാണ് ഉള്ളത്. 2003 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 161.3 കിലോമീറ്റര്‍ വേഗതയില്‍ പന്ത് എറിഞ്ഞുകൊണ്ടാണ് താരം ചരിത്രത്തിലേക്ക് നടന്നു കയറിയത്.

അതേസമയം സ്റ്റെയ്ന്‍ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ്. പ്രോട്ടിയാസിന് വേണ്ടി 93 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 439 വിക്കറ്റുകള്‍ ആണ് താരം നേടിയത്. ഏകദിനത്തില്‍ 125 മത്സരങ്ങളില്‍ പന്തറിഞ്ഞ സ്റ്റെയ്ന്‍ 196 വിക്കറ്റുകളും നേടി. കുട്ടി ക്രിക്കറ്റില്‍ 47 കളികളില്‍ നിന്നും 64 വിക്കറ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

Content Highlight: Dale Steyn Talks About Shoaib Akthar

We use cookies to give you the best possible experience. Learn more