| Monday, 2nd October 2023, 12:40 pm

കേരളത്തിന്റെ സ്‌നേഹത്തിനും സ്‌നേഹമുള്ള ആളുകള്‍ക്കും സല്യൂട്ട്; വീഡിയോ പങ്കുവെച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിലെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്ററി ടീമിന്റെ ഭാഗമായാണ് ക്രിക്കറ്റ് ഇതിഹാസം ഡെയ്ല്‍ സ്‌റ്റെയ്ന്‍ ഇന്ത്യയിലെത്തിയത്. ലോകകപ്പിന്റെ ആവേശം ആരംഭിക്കുന്നതിന് മുമ്പ് നാടുകാണുന്ന തിരക്കിലാണ് പ്രോട്ടീസ് ലെജന്‍ഡ്. തിരുവനന്തപുരത്തെത്തിയ സ്റ്റെയ്ന്‍ ബീച്ചും മറ്റ് സ്ഥലങ്ങളും സന്ദര്‍ശിക്കുകയാണ്.

ഇത്തരത്തില്‍ തിരുവനന്തപുരത്തെ കോവളം ബീച്ച് സന്ദര്‍ശിച്ചതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സ്‌റ്റെയ്ന്‍. മഴയത്ത് നടക്കുന്നതും ആളുകള്‍ക്കൊപ്പം ഇടപഴകുന്നതുമായ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

A post shared by 🔘 (@dalesteyn)

സ്‌റ്റെയ്ന്‍ ആരാണെന്നറിയാതിരുന്ന സാധാരണക്കാര്‍ എന്നത്തെയും പോലെ തങ്ങളുടെ അടുത്തെത്തിയിരിക്കുന്നത് ടൂറിസ്റ്റാണെന്നായിരുന്നു കരുതിയിരുന്നത്. അവര്‍ സ്‌റ്റെയ്‌നൊപ്പം വര്‍ത്തമാനം പറഞ്ഞും വീഡിയോക്ക് പോസ് ചെയ്തും താരത്തിന്റെ മനം കവര്‍ന്നു.

‘Rain. India. People. Kindness. Salute. #OhCoconut #missyou’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരായ സൗത്ത് ആഫ്രിക്കയുടെ സന്നാഹ മത്സരത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമായിരുന്നു വേദിയായത്. എന്നാല്‍ മഴ കാരണം മത്സരം ഉപേക്ഷിക്കപ്പെട്ടിരുന്നു.

തിരുവനന്തപുരത്തെത്തിയ പ്രോട്ടീസ് താരങ്ങള്‍ ‘തിരുവനന്തപുരം’ എന്ന പറയാന്‍ പ്രയാസപ്പെടുന്ന വീഡിയോയും വൈറലായിരുന്നു. ക്യാപ്റ്റന്‍ തെംബ ബാവുമയും റാസി വാന്‍ ഡെര്‍ ഡസനും ക്ലാസനുമടക്കമുള്ള താരങ്ങള്‍ തിരുവനന്തപുരം എന്ന് പറയാന്‍ സത്യത്തില്‍ പാടുപെടുകയായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ വംശജന്‍ കേശവ് മഹാരാജിനെ സംബന്ധിച്ച് ഇതൊരു ചലഞ്ചേ ആയിരുന്നില്ല. കേശവ് മഹാരാജിന് പുറമെ കഗീസോ റബാദയും ലുന്‍ഗി എന്‍ഗിഡിയും തിരുവനന്തപുരമെന്ന് തെറ്റിക്കാതെ പറഞ്ഞിരുന്നു.

അതേസമയം, തിങ്കളാഴ്ച നടക്കുന്ന സന്നാഹമത്സരത്തിന്റെ തിരക്കിലാണ് സൗത്ത് ആഫ്രിക്ക. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

Content Highlight: Dale Steyn shared a video of his arrival in Thiruvananthapuram

We use cookies to give you the best possible experience. Learn more