ഐ.പി.എല്ലിന്റെ ആവേശം വാനോളം ഉയരുകയാണ്. ഇത്തവണ കിരീടം നേടാന്‍ സാധ്യത കല്‍പിക്കുന്ന ടീമുകളില്‍ പ്രധാനികളാണ് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ തവണ വന്ന പോരായ്മകള്‍ പരിഹരിച്ച് കുറച്ചുകൂടി സ്റ്റേബിളായ സ്‌ക്വാഡിനെ സ്വന്തമാക്കാന്‍ ഇത്തവണ ഹല്ലാ ബോല്‍ ആര്‍മിക്ക് സാധിച്ചിട്ടുണ്ട്. ഈ സ്‌ക്വാഡ് സ്‌ട്രെങ്ത് തന്നെയാണ് ആരാധകരില്‍ പ്രതീക്ഷയേറ്റുന്നതും.
ഇത്തവണയും സഞ്ജു സാംസണ്‍ തന്നെയാണ് രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത്. 2022ല്‍ സഞ്ജുവിന് കീഴില്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയ രാജസ്ഥാന് അന്ന് അതിന് സാധിക്കാതെ പോയിരുന്നു. എന്നാല്‍ ഇത്തവണ സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ കിരീടമുയര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഇപ്പോള്‍ സഞ്ജുവിനെ കുറിച്ച് ഇതിഹാസ താരം ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. 2022ലെ സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിനിടെ സ്റ്റെയ്ന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പേള്‍ വീണ്ടും ചര്‍ച്ചയാവുന്നത്.
ഇതിഹാസ താരം യുവരാജ് സിങ്ങിനെ പോലെ ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ നേടാന്‍ കെല്‍പുള്ള താരമാണ് സഞ്ജു സാംസണ്‍ എന്ന പ്രോട്ടിയാസ് സ്പീഡ്‌സറ്ററിന്റെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാവുന്നത്. ക്രീസിലെത്തിയ നിമിഷം മുതല്‍ ആക്രമിച്ചുകളിക്കുന്ന സഞ്ജുവിന്റെ ശൈലിയെയാണ് ആരാധകര്‍ ഇതോടൊപ്പം ചേര്‍ത്തുവെക്കുന്നത്.
‘കഗീസോ റബാദ അവന്റെ ഓവറിലെ അവസാന പന്തില്‍ നോ ബോള്‍ എറിഞ്ഞപ്പോള്‍ ‘പ്ലീസ്, ഒരിക്കലും ഇത് സംഭവിക്കരുത്’ എന്ന ചിന്തയായിരുന്നു എനിക്ക്. കാരണം സഞ്ജു എന്ത് ചെയ്യുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല, അതും ഈ മികച്ച ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍. ഞാന്‍ അവനെ ഐ.പി.എല്ലില്‍ കണ്ടിരുന്നു. ഡെത്ത് ഓവറുകളില്‍ വലിയ ഷോട്ടുകളടിക്കാനുള്ള അവന്റെ കഴിവ് അവിശ്വസിനീയമാണ്.
ഷംസിയാണ് അവസാന ഓവര്‍ എറിയാനെത്തിയത്. ഷംസിയുടേത് ഒരു മോശം ദിവസമാണെന്ന് സഞ്ജുവിന് കൃത്യമായി അറിയുമായിരുന്നു. റബാദ നോ ബോള്‍ കൂടി എറിഞ്ഞതോടെ ഞാന്‍ ആശങ്കയിലായി. കാരണം, വിജയിക്കാന്‍ ഒരു ഓവറില്‍ 30+ റണ്‍സ് വേണമെന്നിരിക്കെ യുവരാജ് സിങ്ങിനെ പോലെ ഒരു ഓവറില്‍ ആറ് സിക്‌സര്‍ പറത്താന്‍ കെല്‍പുള്ളവനാണ് സഞ്ജു,’ എന്നായിരുന്നു സ്റ്റെയ്ന്‍ പറഞ്ഞത്.
മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും സഞ്ജുവിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ശിഖര്‍ ധവാനും ശുഭ്മന്‍ ഗില്ലും അടക്കമുള്ള താരങ്ങള്‍ മങ്ങിയപ്പോള്‍ ഇന്ത്യയെ താങ്ങി നിര്‍ത്തിയത് സഞ്ജുവിന്റെ ഇന്നിങ്‌സായിരുന്നു.
ആറാം നമ്പറില്‍ ക്രീസിലെത്തി 63 പന്തില്‍ നിന്നും പുറത്താകാതെ 86 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് സിക്‌സറും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നുകൂടിയായിരുന്നു അത്.
സ്‌റ്റെയ്ന്‍ പറഞ്ഞതുപോലെ ഒരു ഓവറില്‍ ആറ് സിക്‌സര്‍ നേടാനുള്ള പൊട്ടെന്‍ഷ്യല്‍ സഞ്ജുവിനുണ്ട് എന്ന കാര്യത്തില്‍ വിമര്‍ശകര്‍ക്ക് പോലും സംശയമില്ല. എന്നാല്‍ യുവരാജിനെ പോലെ കൃത്യമായ ഷോട്ട് സെലക്ഷനില്ലാത്തതാണ് സഞ്ജുവിന് തിരിച്ചടിയാകുന്നത്.