| Monday, 2nd October 2023, 5:24 pm

സ്റ്റാര്‍ക്കുമില്ല ബുംറയുമില്ല; ഭയക്കേണ്ട അഞ്ച് പേസര്‍മാരെ തെരഞ്ഞെടുത്ത് സ്റ്റെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പില്‍ തിളങ്ങാന്‍ പോകുന്ന അഞ്ച് പേസര്‍മാരെ തെരഞ്ഞെടുത്ത് മുന്‍ സൗത്ത് ആഫ്രിക്കന്‍ സ്റ്റാര്‍ പേസറും ക്രിക്കറ്റ് ഇതിഹാസവുമായ ഡെയ്ല്‍ സ്റ്റെയ്ന്‍. അഞ്ച് വ്യത്യസ്ത ടീമുകളില്‍ നിന്നുള്ള സ്റ്റാര്‍ പേസര്‍മാരെയാണ് സ്റ്റെയ്ന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജ്, ന്യൂസിലാന്‍ഡ് സ്പീഡ്സ്റ്റര്‍ ട്രെന്റ് ബോള്‍ട്ട്, പാകിസ്ഥാന്‍ പേസാക്രമണത്തിന്റെ കുന്തമുനയായ ഷഹീന്‍ ഷാ അഫ്രിദി, സൗത്ത് ആഫ്രിക്കന്‍ എക്‌സ്പ്രസ് കഗീസോ റബാദ, ഇംഗ്ലീഷ് സൂപ്പര്‍ പേസര്‍ മാര്‍ക് വുഡ് എന്നിവരെയാണ് വരും ലോകകപ്പില്‍ എതിരാളികള്‍ ഭയക്കേണ്ടത് എന്നായിരുന്നു സ്റ്റെയ്ന്‍ പറഞ്ഞത്.

ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറയെ മറികടന്നുകൊണ്ടായിരുന്നു മുഹമ്മദ് സിറാജിന്റെ വളര്‍ച്ച. ഏഷ്യാ കപ്പ് ഫൈനലില്‍ നേടിയ ആറ് വിക്കറ്റുകളടക്കം ലോകകപ്പിന് സര്‍വ സജ്ജനായാണ് സിറാജ് ഇറങ്ങുന്നത്.

നിലവിലെ ഒന്നാം നമ്പര്‍ ഏകദിന ബൗളറായ സിറാജിനെ കേന്ദ്രീകരിച്ചാകും ഇന്ത്യ തങ്ങളുടെ അറ്റാക്കിങ് പ്ലാന്‍ ഒരുക്കുക.

ഏറെ കാലത്തിന് ശേഷം തിരിച്ചുവരവ് ഗംഭീരമാക്കിയാണ് ടെന്റ് ബോള്‍ട്ട് കിവീസ് നിരയില്‍ കരുത്താകുന്നത്. ബ്ലാക് ക്യാപ്‌സിനൊപ്പം ഒരുപാട് മത്സരങ്ങള്‍ കളിക്കാതിരുന്നതിന്റെ പോരായ്മയൊന്നും അറിയിക്കാതെയാണ് ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ സൂപ്പര്‍ താരം കരുത്ത് കാട്ടിയത്.

പേസ് ബൗളര്‍മാരെ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്നും പാകിസ്ഥാന്‍ വിരിയിച്ചെടുത്ത തങ്ങളുടെ ബ്രഹ്മാസ്ത്രമാണ് ഷഹീന്‍ ഷാ അഫ്രിദി. തന്റെ ബ്രൂട്ടല്‍ പേസ് തന്നെയാണ് താരത്തിന്റെ പ്രധാന കരുത്ത്. രോഹിത് ശര്‍മ അടക്കമുള്ള സൂപ്പര്‍ ബാറ്റര്‍മാര്‍ക്കെതിരെ പാകിസ്ഥാന്‍ ആശ്രയിക്കുന്നത് ഷഹീനിന്റെ നേതൃത്വത്തില്‍ അണിനിരക്കുന്ന പേസ് നിരയെ തന്നെയായിരിക്കും.

നിലവില്‍ തന്റെ പ്രൈമിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ പന്തെറിയാന്‍ സാധിക്കുന്നില്ലെങ്കിലും ഇന്ത്യന്‍ സാഹചര്യത്തില്‍ തളങ്ങാന്‍ സാധിക്കുന്ന പ്രധാനിയാണ് കഗീസോ റബാദ. ഡെയ്ല്‍ സ്‌റ്റെയ്‌നിന്റെയും മഖായ എന്റിനിയുടെയും ലെഗസി പേറുന്ന റബാദ തന്റെ ടീമിന് കന്നിക്കിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ പോകുന്ന താരമാണ്.

അനായാസം 150 കിലോമീറ്റര്‍ വേഗതയിലും സ്ഥിരതയോടും പന്തെറിയാന്‍ സാധിക്കുന്നു എന്നതാണ് മാര്‍ക് വുഡിനെ അപകടകാരിയാക്കുന്നത്. ഇംഗ്ലണ്ട് പേസ് നിരയിലെ സ്പിയര്‍ ഹെഡ്ഡായ വുഡ്ഡിനെ തന്നെയാകും എതിര്‍ ടീം ബാറ്റര്‍മാര്‍ ഭയപ്പെടേണ്ടത്.

Content highlight: Dale Steyn picks 5 pacers who gonna change the outcome of 2023 World Cup

We use cookies to give you the best possible experience. Learn more