ഇന്ത്യന്‍ ടി-20 നായകന്‍ റിഷബ് പന്തിനെതിരെ ആഞ്ഞടിച്ച് സൗത്ത് ആഫ്രിക്കയുടെ എക്കാലത്തേയും സൂപ്പര്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍. തെറ്റില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ അതേ തെറ്റുകളാണ് പന്ത് ചെയ്യുന്നതെന്നാണ് സ്റ്റെയ്ന്‍ പറയുന്നത്.
പന്ത് തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ദിനേഷ് കാര്‍ത്തിക് മികച്ച പ്രകടനം കാഴ്ചവെക്കുകയാണെന്നും സ്റ്റെയ്ന്‍ പറയുന്നു. ഓരോ മത്സരം കഴിയുമ്പോഴും ദിനേഷ് കാര്‍ത്തിക് തന്റെ ക്ലാസ് ആവര്‍ത്തിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയുടെ ടി-20 ടൈം ഔട്ട് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ പരമ്പരയില്‍ പന്തിന് നാല് അവസരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ മത്സരത്തിലും അവന്‍ ഒരേ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതായാണ് എനിക്ക് തോന്നുന്നത്. കൂടാതെ നല്ല ക്രിക്കറ്റര്‍മാര്‍ അവരുടെ തെറ്റുകളില്‍ നിന്നും പഠിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ അവന്‍ ഒരിക്കലും അത് ചെയ്തിട്ടില്ല.
ഡി.കെ. ഓരോ തവണയും ഇറങ്ങി ഒരു ക്ലാസ് പ്ലെയര്‍ എന്താണെന്ന് കാണിക്കുകയാണ്. നിങ്ങള്‍ക്ക് ടി-20 ലോകകപ്പാണ് വേണ്ടതെങ്കില്‍ ഫോമില്‍ തന്നെ കളിക്കുന്ന ഒരു താരത്തെ വേണം തെരഞ്ഞെടുക്കാന്‍.
ഡി.കെ വളരെ മികച്ച ഫോമിലാണ്, ഈ ഫോം തുടര്‍ന്നാല്‍ ഈ വര്‍ഷാവസാനം ലോകകപ്പിനായി പര്യടനം നടത്തുമ്പോള്‍ അതില്‍ ആദ്യം എഴുതിയ പേരുകളിലൊന്നായി ദിനേഷ് കാര്‍ത്തിക് മാറും,’ സ്‌റ്റെയ്ന്‍ പറയുന്നു.
കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണ് താരം നടത്തിയത്. മുന്‍നിര വിക്കറ്റുകള്‍ ഒന്നൊന്നായി നിലംപതിച്ചപ്പോള്‍ ദിനേഷ് കാര്‍ത്തിക്കും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ കരകയറ്റിയത്.
34 പന്തില്‍ 65 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 31 പന്തില്‍ മൂന്ന് വീതം ഫോറും സിക്സും സഹിതം 46 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയെ പുറത്താക്കി ലുംഗി എന്‍ഗിഡി ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
അവസാന ഓവറിലെ ആദ്യ പന്തില്‍ സിക്സര്‍ നേടി ദിനേഷ് കാര്‍ത്തിക് തന്റെ കന്നി അന്താരാഷ്ട്ര ടി-20 അര്‍ധ ശതകം നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ താരം പുറത്തായി. 27 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 55 റണ്‍സാണ് ദിനേശ് കാര്‍ത്തിക് നേടിയത്.