രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ ഇന്ത്യയുടെ പ്രധാന പരിശീലകസ്ഥാനത്ത് എത്തിച്ചിരിക്കുകയാണ് ബി.സി.സി.ഐ. കഴിഞ്ഞ ടി-20 ലോകകപ്പ് കിരീടം സ്വന്തമാക്കിയതോടെയാണ് ദ്രാവിഡ് തന്റെ സ്ഥാനം ഒഴിഞ്ഞത്.
2007ലെ ടി-20 ലോകകപ്പ് ഫൈനലിലും 2011 ഏകദിന ലോകകപ്പ് ഫൈനലിലും മികച്ച പ്രകടനം നടത്താന്‍ ഗംഭീറിന് സാധിച്ചിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി രണ്ട് കിരീടങ്ങള്‍ സ്വന്തമാക്കാനും 2024ല്‍ മെന്‍ഡര്‍ സ്ഥാനത്തുനിന്ന് കിരീടം നേടിക്കൊടുക്കാനും ഗംഭീറിന് സാധിച്ചിരുന്നു.
ഇപ്പോള്‍ ഗംഭീറിനെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ഗംഭീറിനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹത്തെപ്പോലെ അഗ്രസീവായ ഒരു ബാറ്റര്‍ ക്രിക്കറ്റില്‍ വേണമെന്നും സ്റ്റെയ്ന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
‘ഞാന്‍ ഗൗതം ഗംഭീറിന്റെ വലിയ ആരാധകനാണ്, അദ്ദേഹത്തിന്റെ അഗ്രഷന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇന്ത്യയ്ക്ക് മാത്രമല്ല ലോകക്രിക്കറ്റില്‍ അദ്ദേഹത്തെപ്പോലെ അഗ്രസീവായ മികച്ച കോമ്പറ്റേറ്ററായ ഒരു കളിക്കാരന്‍ വേണം,’ ഡെയ്ല്‍ സ്റ്റെയ്ന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
2024 മുതല്‍ 2027 വരെ വലിയ കടമ്പയാണ് ഗംഭീറിന് മുന്നില്‍ ഉള്ളത്. 2024ല്‍ ഓസ്‌ട്രേലിയയുമായി അഞ്ച് ടെസ്റ്റ് മത്സരം, 2025 ചാമ്പ്യന്‍സ് ട്രോഫി, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരെ 2025ല്‍ നടക്കാനിരിക്കുന്ന 5 ടെസ്റ്റ് മത്സരം എന്നിവ വലിയ വെല്ലുവിളിയാണ്.
മാത്രമല്ല 2026 ടി-20 ലോകകപ്പ്, ന്യൂസിലാന്‍ഡിനെതിരായ രണ്ട് ടെസ്റ്റ് മത്സരം, 2026 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, 2027 ഏകദിന ലോകകപ്പ് എന്നിവയും ഗംഭീറിന്റെ വലിയ ഉത്തരവാദിത്തമാണ്.
Content highlight: Dale Stayn Talking About Gautham Gambhir