ചൈനയിലെ നേതാക്കന്മാര്‍ക്ക് വിവിധ സംസ്‌കാരങ്ങള്‍ മനസിലാക്കാനുള്ള കഴിവില്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ടിബറ്റിന്റേതായ പ്രത്യേക സംസ്‌കാരം അംഗീകരിക്കാനാവാത്ത വിധം ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ് അവിടത്തെ കമ്യൂണിസ്റ്റ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.
ടോക്യോ കേന്ദ്രീകരിച്ച് നടന്ന ഒരു ഓണ്‍ലൈന്‍ ന്യൂസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ചൈന പിന്തുടരുന്ന കമ്യൂണിസ്റ്റ്, മാര്‍ക്‌സിസ്റ്റ് ആശയധാരകളോട് തനിക്ക് പിന്തുണയുണ്ടെന്നും ദലൈലാമ ആവര്‍ത്തിച്ചു. മാവോ സെതുങ് മുതലുള്ള പാര്‍ട്ടി നേതാക്കളെ തനിക്ക് അറിയാമെന്നും അവരുടെ ആശയങ്ങല്‍ നല്ലതായിരുന്നെങ്കിലും വല്ലാതെ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിച്ചുള്ള രീതികളായിരുന്നു പ്രശ്‌നമെന്നും ദലൈലാമ പറഞ്ഞു.
തനിക്ക് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തണമെന്ന് യാതൊരു ആഗ്രഹവുമില്ലെന്നും ദലൈലാമ വ്യക്തമാക്കി. ”എനിക്ക് ഇവിടെ സമാധാനത്തോടെ ഇന്ത്യയില്‍ തുടരാനാണ് ആഗ്രഹം,” അദ്ദേഹം പറഞ്ഞു. തായ്‌വാനെ പ്രകീര്‍ത്തിച്ചും അദ്ദേഹം പരിപാടിയില്‍ സംസാരിച്ചു.
ഈയടുത്ത വര്‍ഷങ്ങളിലായി തീവ്ര-വലത് ഹിന്ദു സംഘടനകള്‍ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്ത്യ മതേതരത്തത്തിന്റെ ഭൂമിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ഭരണ കാലാവധി നീട്ടാനുള്ള തയാറെടുപ്പുകള്‍ക്കൊരുങ്ങി രാജ്യത്തെ ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ വരുന്നയാഴ്ച ചേരാനിരിക്കുന്ന പാര്‍ട്ടി മീറ്റിങ്ങില്‍ ഇത് സംബന്ധിച്ച നടപടികളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.