| Wednesday, 21st November 2012, 4:34 pm

ദല യുവജനോത്സവം നവംബര്‍ 30 വെള്ളിയാഴ്ചയും ഡിസംബര്‍ 2 ഞാറാഴ്ചയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ദല യുവജനോത്സവം നവംബര്‍  30 വെള്ളിയാഴ്ചയും  ഡിസംബര്‍ 2 ഞാറാഴ്ചയും  ദുബായ് ഗല്‍ഫ് മോഡല്‍ സ്‌കൂളീല്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു…ആദ്യം ഡിസംബര്‍ ഒന്ന്, രണ്ട് തിയ്യതികളിലാണ്  നടത്താന്‍ തീരുമാനിച്ചിരുന്നത്.

യു.എ.ഇ യിലെ എഴുപതോളം വിദ്യാലയങ്ങളില്‍നിന്നുള്ള മുവായിരത്തോളം വിദ്യാര്‍ത്ഥികള്‍ അവരുടെ കലാ മേന്മ മാറ്റുരക്കുന്ന സാംസ്‌ക്കാരിക സംഗമത്തിന്ന് ദല വേദിയൊരുക്കുന്നത്.  നൃത്തം ,സംഗീതം,സാഹിത്യം,നാടന്‍ കല,പാരമ്പര്യ കല തുടങ്ങിയ വിഭാഗങളില്‍ 96 വ്യക്തിഗത ഇനങളിലും എട്ട് ഗ്രൂപ് ഇനങ്ങളിലുമാണ് മത്സരം നടക്കുന്നത്.

മൂന്ന് മുഖ്യവേദികളിലും ഒമ്പത് ഉപവേദികളിലുമായി നടക്കുന്ന മത്സരങ്ങള്‍ക്ക് വളരെ വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.  കഴിഞ്ഞ 21 വര്‍ഷമായി ദല നടത്തിവരുന്ന ഈ സാംസ്‌ക്കാരിക സംഗമം ഗള്‍ഫിലെ എറ്റവും വലിയ കലാമേളയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്രയും അടക്കും ചിട്ടയോടും ഫലപ്രഖ്യാപനത്തില്‍ പരമാവധി സുതാര്യതയും ഉറപ്പ് വരുത്തി നടത്തി വരുന്ന ഈ കലാമേള ഏറെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്.

യുവതലമുറയുടെ മനസ്സും ഹൃദയവും തൊട്ടറിഞ്ഞ കലാസംസ്‌കാരിക രംഗത്തെ പ്രഗത്ഭരും പ്രശസ്തരും വിധികര്‍ത്താക്കളായി എത്തുന്നുവെന്നതും ഈ കലോത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.വിജയികള്‍ക്കെല്ലാം ട്രോഫിയും സര്‍ട്ടിഫിക്കറ്റും കൊടുക്കുന്നതോടോപ്പം  പങ്കെടുക്കുന്ന എല്ലാവര്‍ക്കും  പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും കൊടുക്കുന്നതായിരിക്കും.

വ്യക്തിഗത ഇനങളില്‍ വിജയികളാകുന്ന ജൂനിയര്‍ സീനിയര്‍ വിഭാഗങളില്‍ കലാപ്രതിഭയും കലാതിലകവും കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂകളുകള്‍ക്ക് ഓവര്‍റോള്‍ ട്രോഫിയുമാണു ദല നല്‍കി പോരുന്നത്.

ഈ വര്‍ഷത്തെ യൂത്ത് ഫെസ്റ്റിവെല്ലിന്റെ ഏറ്റവും വലിയ  പ്രത്യേകത  ഈ കലോത്സവത്തില്‍  മികച്ച രീതിയില്‍  കഴിവു പ്രകടിപ്പിക്കുന്ന രണ്ടുപേരെ  അടുത്ത്  തുടങ്ങാന്‍ പോകുന്ന പ്രശസ്ത നടന്‍ മമ്മുട്ടി അഭിനയിക്കുന്ന ചിത്രത്തില്‍  അവസരം കൊടുക്കുന്നതായിരിക്കും…ഇതിന്റെ തിരഞ്ഞെടുപ്പിന്നായി പ്രശസ്ത സംവിധായകന്‍ പ്രമോദ് പയ്യന്നൂരും  മുരളി മേനോനും രണ്ടു ദിവസവും  ദല വേദിയില്‍ ഉണ്ടായിരിക്കും

ഈ കലാമേള വന്‍ വിജയമാക്കാന്‍  രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും  സ്‌കൂള്‍ അധികൃതര്‍ക്കും പൊതുജനങളുടെയും മാധ്യമങളുടെയും വലിയതോതിലുള്ള സഹകരണം  ഉണ്ടാകണമെന്ന് ദല അഭ്യര്‍ത്ഥിക്കുന്നു.

We use cookies to give you the best possible experience. Learn more