[]കോട്ടയം: അന്തരിച്ച മുന്‍ മന്ത്രി ടി.എം ജേക്കബിന്റെ ഭാര്യയും മന്ത്രി അനൂപ് ജേക്കബിന്റെ അമ്മയുമായ ഡെയ്‌സി ജേക്കബിനെ പാര്‍ട്ടി വൈസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തു.
കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഡെയ്‌സിയെ പാര്‍ട്ടി നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്ന് പാര്‍ട്ടി അംഗങ്ങളില്‍ ഒരുവിഭാഗം നേരത്തെമുതല്‍ ആവശ്യമുന്നയിച്ചിരുന്നു.
പാര്‍ട്ടി വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ ഏതെങ്കിലും ഡെയ്‌സി ജേക്കബിന് ലഭിക്കുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്.
എന്നാല്‍ ഡെയ്‌സി ജേക്കബ്ബിനെ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നതിന് തൊട്ടുമുന്‍പ് ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ അനൗദ്യോഗിക യോഗവും ചേര്‍ന്നു.
ജേക്കബ്ബ് കുടുംബത്തിന് പാര്‍ട്ടിയില്‍ നല്‍കുന്ന പ്രാധാന്യത്തിനെതിരെ ചില അംഗങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ഡെയ്‌സി ജേക്കബ് നേരത്തെ മുതല്‍ പാര്‍ട്ടി അംഗമായിരുന്നു.
പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പിറവം നിയോജകമണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായി എറണാകുളം ജില്ലാ കമ്മിറ്റിയിലെത്തി. തുടര്‍ന്ന് സംസ്ഥാനകമ്മിറ്റിയില്‍ പ്രവേശിച്ചു.
പാര്‍ട്ടി എല്പിക്കുന്ന ഏതു ചുമതലയും സ്വീകരിക്കുമെന്ന് ഡെയ്‌സി ജേക്കബ് പ്രഖ്യാപനത്തോടു പ്രതികരിച്ചത്. പാര്‍ട്ടി വൈസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എല്ലാവരുടേയും പിന്തുണയും സഹായവും ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.