|

ധ്യാന്‍ചേട്ടന്റെ പലകഥകളും സെയിമാണ്, കഥാപാത്രങ്ങള്‍ മാത്രമാണ് മാറുന്നത്: ഡെയിന്‍ ഡേവിസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയിക്കുന്ന സിനിമയേക്കാള്‍ അഭിമുഖങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. രസകരമായ കഥപറച്ചിലിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താനും ധ്യാന് കഴിഞ്ഞിരുന്നു. എന്നാല്‍ ധ്യാന്‍ പറയുന്ന പല കഥകളും ഒരുപോലെയുള്ളതാണെന്നും, കഥാപാത്രങ്ങള്‍ മാത്രമാണ് മാറുന്നതെന്നും നടനും അവതാരകനുമായ ഡെയിന്‍ ഡേവിസ്പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘പുള്ളി പറയുന്ന പല കഥകളും സെയിം തന്നെയാണ്. കഥാപാത്രങ്ങള്‍ മാത്രമാണ് പുള്ളി മാറ്റം വരുത്തി പറയുന്നത്. കുറച്ച് ദിവസം പുള്ളിയുടെ കൂടെയിരുന്ന് കഥകേല്‍ക്കുമ്പോള്‍ നമുക്ക് അത് മനസിലാകും. അപ്പോള്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ട് ഈ കഥയൊക്കെ തമ്മില്‍ എന്തോ ബന്ധമുണ്ടെന്ന്. ഈ പറഞ്ഞതുപോലെ ഏതാണ്ട് ഒരേകഥയാണ് എല്ലായിടത്തും പറയുന്നത്.

കേട്ടിരിക്കുന്ന ആളിനെ എങ്ങനെ കയ്യിലെടുക്കണമെന്ന് ഭയങ്കരമായി അറിയാവുന്ന ആളാണ് ധ്യാന്‍ചേട്ടന്‍. ആളുകളുടെ വീക്ക് പോയിന്റ് പുള്ളിക്ക് നന്നായിട്ടറിയാം. ഒരാല്‍ കഥകേട്ടുകൊണ്ടിരിക്കുകയാണെങ്കില്‍ അവരെ എങ്ങനെ കഥക്കുള്ളിലേക്ക് കൊണ്ടുവരാന്‍ പറ്റുമെന്നും ചേട്ടന് നന്നായിട്ടറിയാം.

ചില കഥകളൊക്കെ കേള്‍ക്കുമ്പോള്‍ പുള്ളി തള്ളുന്നതാണോയെന്ന് നമുക്ക് തോന്നും. പക്ഷെ എത്ര ചിന്തിച്ചാലും നമുക്ക്് അത് മനസിലാക്കാന്‍ കഴിയില്ല. നമ്മുടെ ആ തോന്നല്‍ തോന്നലുമാത്രമായി പോകും. കഥയുടെ അവസാനമൊക്കെ വരുമ്പോള്‍, നമുക്ക് ആകാംക്ഷ കൂടും.

ഞാന്‍ ആഗ്രഹിച്ച കാര്യങ്ങളൊക്കെയാണ് എന്റെ ജീവിതത്തില്‍ നടക്കുന്നതെന്ന് ആദ്യ സ്‌റ്റേജിലൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ ആ ചിന്തയൊക്കെ ഞാന്‍ വിട്ടു. ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഇങ്ങനെ എക്‌സൈറ്റഡായിരുന്നിട്ട് കാര്യമില്ലല്ലോ. ഇനിയും ഇവിടെ എങ്ങനെ നിലനില്‍ക്കാം എന്നാണല്ലോ ഞാന്‍ ചിന്തിക്കേണ്ടത്.

ചെറുപ്പത്തില്‍ കണ്ണാടിയുടെ മുമ്പില്‍ പോയിനിന്ന്, ഞാന്‍ അവാര്‍ഡ് വാങ്ങുന്നതുപോലെയൊക്കെ ചെയ്ത് നോക്കിയിട്ടുണ്ട്. അവാര്‍ഡ് കിട്ടിയതിനുശേഷം പറയുന്ന പ്രസംഗം വരെ ഞാന്‍ പറഞ്ഞുനോക്കുമായിരുന്നു. അന്നൊന്നും വേറെ പണിയൊന്നുമില്ലല്ലോ. ആഗ്രഹങ്ങള്‍ മാത്രമല്ലെയുള്ളു,’ ഡെയ്ന്‍ പറഞ്ഞു.

സാഗര്‍ ഹരി സംവിധാനം ചെയ്ത വീകമാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. ധ്യാന്‍ ശ്രീനിവാസനോടൊപ്പം അഭിനയിക്കുന്ന ആദ്യചിത്രംകൂടിയാണിത്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം, എബ്രഹാം മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ ഡിസംബര്‍ ഒമ്പതിന് തിയേറ്ററിലെത്തും. അജു വര്‍ഗീസ്, സിദ്ദിക്, ഷീലു എബ്രഹാം, ദിനേഷ് പ്രഭാകര്‍ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content highlight: dain davis talks about dhyan sreenivasan