| Sunday, 6th September 2020, 12:36 pm

രാജ്യത്ത് ദിവസവേതനത്തിന് തൊഴില്‍ ചെയ്യുന്നവരുടെ ആത്മഹത്യാനിരക്ക് കുത്തനെ കൂടുന്നു; ഏറ്റവും കൂടുതല്‍ കൊല്ലത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ദിവസവേതനത്തിന് തൊഴില്‍ ചെയ്യുന്നവരുടെ ആത്മഹത്യാനിരക്ക് കഴിഞ്ഞ ആറുവര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയായി വര്‍ധിച്ചതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. ആത്മഹത്യാനിരക്ക് പ്രതിദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും 2019ല്‍ ഇത് 23.4 ശതമാനം ഇരട്ടിയായി വര്‍ധിച്ചുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നിരക്കുള്ള നഗരം കൊല്ലമാണെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

ഈ വര്‍ഷം നടന്ന മൊത്തം ആത്മഹത്യകളില്‍ കാല്‍ഭാഗത്തോളം ദിവസവേതനക്കാരുടേതാണ്. അതായത് 1,39,123 ആത്മഹത്യകളില്‍ 32563 പേര്‍ ദിവസവേതനക്കാരാണെന്നാണ് ഏകദേശകണക്കുകള്‍ സൂചിപ്പിക്കുന്നത്. ദിവസവേതനക്കാരുടെ കൂട്ടത്തില്‍ കര്‍ഷകരാണ് വലിയൊരു ഭാഗം.

തമിഴ്‌നാടാണ് ആത്മഹത്യാനിരക്കില്‍ മുന്നിലുള്ളത്. തൊട്ടുപിന്നിലായി മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങള്‍ വരുന്നു. 24.3 ശതമാനമാണ് കേരളത്തിലെ ആത്മഹത്യാനിരക്ക്. 41.2 ശതമാനമാണ് കൊല്ലത്തെ ആത്മഹത്യാനിരക്ക്.

രാജ്യത്ത് പ്രതിദിനം ശരാശരി 381 ആത്മഹത്യകളാണുണ്ടാവുന്നത്. കേരളത്തില്‍ കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ് കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. മാനസിക പ്രശ്‌നങ്ങള്‍ കാരണം 974പേര്‍, മറ്റ് രോഗങ്ങള്‍ കൊണ്ട് 974 പേര്‍, 792 പേര്‍ മദ്യാസക്തി കാരണം, 259പേര്‍ കടബാധ്യത കാരണം, 230 പേര്‍ പ്രണയം, 81 പേര്‍ തൊഴിലില്ലായ്മ കാരണവും ആത്മഹത്യ ചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനങ്ങളിലെ ആത്മഹത്യാനിരക്കില്‍ കേരളം അഞ്ചാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ഇന്ത്യയിലെ നഗരങ്ങളിലെ ആത്മഹത്യാനിരക്കില്‍ കൊല്ലം മുന്നിലുള്ളത്. 150പേര്‍ മാനസിക രോഗങ്ങള്‍ കാരണവും 26 പേര്‍ പ്രണയം കാരണവും കൊല്ലം നഗരത്തില്‍ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: daily wager suicide increases day by day

We use cookies to give you the best possible experience. Learn more