Kerala News
ചൂട് കനക്കുന്നു: നാലു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന ദിനാന്തരീക്ഷ താപനില; ജാഗ്രത പാലിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 15, 02:52 am
Saturday, 15th February 2020, 8:22 am

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന ചൂട് ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ആലപ്പുഴ, കോട്ടയം കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഉയര്‍ന്ന താപനിലയുണ്ടാകുമെന്ന് അറിയിച്ചത്.

സാധാരണ താപനിലയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മൂന്നു ജില്ലകളില്‍ ദിനാന്തരീക്ഷ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്ന കോട്ടയത്തും ആലപ്പുഴയിലും ഇന്നും ചൂട് കൂടും.

ചൂട് കൂടുന്നതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. സൂര്യതാപം, സൂര്യാഘാതവും ഏല്‍ക്കാതിരിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും മുന്‍കരുതലുകളെടുക്കാനും അതോറിറ്റി നിര്‍ദേശിച്ചു.

ധാരാളം വെള്ളം കുടിക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും മറ്റു ആരോഗ്യ പ്രശ്നങ്ങളുള്ളവരും പകല്‍ 11 മണിമുതല്‍ മൂന്നു മണിവരെ പുറത്തിറങ്ങരുതെന്നും നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പൊലീസുകാര്‍, മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പിലെ വാഹന പരിശോധനാ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, ഇരുചക്ര വാഹന യാത്രക്കാര്‍ തുടങ്ങിയവര്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് കുറയ്ക്കണമെന്നും അതോറിറ്റി നിര്‍ദേശിക്കുന്നുണ്ട്.