ന്യൂദല്‍ഹി: അയോധ്യാക്കേസില്‍ ഇന്നു വൈകീട്ട് അഞ്ചുമണിയോടെ വാദം അവസാനിക്കും. കൂടുതല്‍ സമയം വേണമെന്ന് ഒരു അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘കഴിഞ്ഞതു കഴിഞ്ഞു’ എന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മറുപടി.
കേസില്‍ മധ്യസ്ഥത്തിനായി നിയോഗിച്ച സമിതി ഇന്നുച്ചയ്ക്കു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നവംബര്‍ 17-നു മുന്‍പായി കേസില്‍ വിധിപ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷ. 17-നാണ് ഗോഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നു പടിയിറങ്ങുക.
കേസില്‍ വാദം കേള്‍ക്കുന്ന തുടര്‍ച്ചയായ 40-ാം ദിവസമാണിന്ന്. വാദം തുടങ്ങിയതുമുതല്‍ ഡിസംബര്‍ 10 വരെ അയോധ്യ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ജില്ലയിലേക്കു വ്യോമമാര്‍ഗം അനുവാദമില്ലാതെ പ്രവേശിക്കുന്നതും ബോട്ടുകള്‍ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. പടക്ക വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. അയോധ്യയുടെ സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കെ ഝാ അറിയിച്ചു.
അതിനിടെ ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ കോടതി ഇടപെടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയാണിത്. അനുവദിച്ച സമയത്തിനുള്ളില്‍ ഹര്‍ജി നല്‍കാത്തതിനാലാണു തള്ളിയത്.
എല്ലാ കക്ഷികള്‍ക്കും വാദിക്കാനായി നാല്‍പ്പത്തഞ്ച് മിനിറ്റ് വീതം സമയം മാത്രമെ നല്‍കുള്ളൂവെന്നും കോടതി പറഞ്ഞിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ കേസില്‍ സുപീംകോടതി ബെഞ്ചിന്റെ വിസ്താരത്തില്‍ മുസ്‌ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ അതൃപ്തി അറിയിച്ചിരുന്നു.
ബെഞ്ച് തങ്ങളോട് മാത്രമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും എതിര്‍കക്ഷികളോട് എന്താണ് ചോദ്യങ്ങളൊന്നും ചോദിക്കാത്തതെന്നുമായിരുന്നു രാജീവ് ധവാന്റെ ചോദ്യം.
എന്നാല്‍ അഭിഭാഷകന്‍ രാജീവ് ധവാന്റെ ചോദ്യത്തിന് കോടതി ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും താങ്കള്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ് എന്നാണ് കോടതി മറുപടി പറഞ്ഞത്.
2.77 ഏക്കര്‍ തര്‍ക്ക ഭൂമി രാംലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് എന്നിവര്‍ക്കായി വീതിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി ഇപ്പോള്‍ വാദം കേള്‍ക്കുന്നത്.