സ്വവർഗാനുരാഗികൾ വിവേചനം നേരിടുന്നു; സാമൂഹ്യ നീതി മന്ത്രാലയത്തിന് കത്തെഴുതി പൂനെ ഫൗണ്ടേഷൻ
national news
സ്വവർഗാനുരാഗികൾ വിവേചനം നേരിടുന്നു; സാമൂഹ്യ നീതി മന്ത്രാലയത്തിന് കത്തെഴുതി പൂനെ ഫൗണ്ടേഷൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2024, 7:09 pm

പൂനെ: പ്രായപൂർത്തിയായവർ തമ്മിലുള്ള സ്വവർഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി വന്നിട്ട് ആറ് വർഷമായിട്ടും, എൽ.ജി.ബി.ടി.ക്യൂ.ഐ സമൂഹം വെല്ലുവിളികൾ നേരിടുന്നതായി പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റൈറ്റ്സ് ഫൗണ്ടേഷൻ.

സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം ലഭിക്കാത്തതിൻ്റെ പേരിൽ എൽ.ജി.ബി.ടി.ക്യൂ.ഐ വിഭാഗം ധാരാളം വെല്ലുവിളികൾ നേരിടുന്നതായി പൂനെ ആസ്ഥാനമായുള്ള ബിന്ദു ക്വീറിൻ്റെ ഡയറക്ടർ ബിന്ദുമാധവ് ഖിരെ പറഞ്ഞു. പിന്നാലെ ഫൗണ്ടേഷൻ, സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന് വിഷയം ഉന്നയിച്ച് കത്തയക്കുകയും ചെയ്തു.

സ്വവർഗാനുരാഗികൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാനായി ഈ വർഷം നിയോഗിച്ച സമിതിയുടെ അധ്യക്ഷനായ കാബിനറ്റ് സെക്രട്ടറി ടി.വി സോമനാഥനും ഫൗണ്ടേഷൻ കത്ത് അയച്ചിട്ടുണ്ട്. സ്വവർഗ വിവാഹങ്ങൾക്ക് നിലവിൽ നിയമപരമായ അനുമതിയില്ല. സ്വവർഗ വിവാഹത്തിന് ഭരണഘടനാപരമായ സാധുത ഇല്ലെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി വിധിക്കുകയും അതിനായി നിയമനിർമാണം നടത്തേണ്ടത് പാർലമെന്റാണെന്നും സുപ്രീം കോടതി വിധിച്ചിരുന്നു.

ഒരു സാധാരണ പങ്കാളികൾക്ക് ലഭിക്കുന്ന യാതൊരു ആനുകൂല്യങ്ങളും സ്വവർഗ പങ്കാളികൾക്ക് ലഭിക്കുന്നില്ലെന്ന് ഖിരെ കത്തിൽ പറഞ്ഞു. സ്വവർഗ പങ്കാളികളെ ഇന്ത്യൻ ഭരണകൂടം ഒരു കുടുംബമായി കണക്കാക്കുന്നില്ല. അതിനാൽ ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്യാൻ കഴിയില്ല. (വിവാഹിതരായ ഭിന്നലിംഗ ദമ്പതികളാണെങ്കിൽ, പുരുഷനോ സ്ത്രീക്കോ അവരുടെ പങ്കാളിയെ ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്യാൻ നാമനിർദേശം ചെയ്യാം).

മിക്ക മെഡിക്കൽ ഇൻഷുറൻസ് കമ്പനികളും സ്വവർഗ പങ്കാളിയെ നോമിനിയായി വെക്കാൻ അനുവദിക്കുന്നില്ല. അതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കുകയില്ല. ഭരണകൂടം സ്വവർഗാനുരാഗികളോട് വിവേചനം പുലർത്തുന്നുവെന്നും ഖിരെ പറഞ്ഞു.

‘എല്ലാവർക്കും തുല്യത ഉറപ്പ് വരുത്തും എന്ന ഭരണഘടനയുടെ വാഗ്ദാനങ്ങൾ പാലിക്കാൻ ഈ സർക്കാർ തയ്യാറാകാത്തത് ലജ്ജാകരമാണ്. എല്ലാ ആളുകളെയും തുല്യമായി പരിഗണിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: daily challenges persist for LGBTQIA+ community,’ Pune foundation writes to Ministry of Social Justice