തങ്ങളുടെ കുട്ടികള്‍ പ്രഭാതഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം. പ്രഭാതഭക്ഷണം ശീലമാക്കിയ കുട്ടികളില്‍ ടൈപ്പ് 2 ഡയബറ്റിക്‌സ് വരാനുള്ള സാധ്യത കുറവാണെന്നാണ് പുതിയ കണ്ടെത്തല്‍. ലണ്ടനിലെ സെന്റ് ജോര്‍ജ് യൂണിവേഴ്‌സിറ്റിയിലെ ആംഗല ഡോണിനാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്.
4,116 പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇവരുടെ പ്രഭാതഭക്ഷണ ശീലം ഏത് തരത്തിലുള്ളതാണെന്ന് ഗവേഷകര്‍ ചോദിച്ചറിഞ്ഞു. പിന്നീട് ഇവരില്‍ ഫാസ്റ്റിങ് ഇന്‍സുലിന്‍, ഗ്ലൂക്കോസ്, ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിന്‍ എന്നിവ രക്തപരിശോധനയിലൂടെ കണ്ടെത്തി.
പരിശോധന നടത്തിയ കുട്ടികളില്‍ 26% എല്ലാദിവസവും പ്രഭാതഭക്ഷണം കഴിക്കാത്തവരാണ്. ഇവരില്‍ ടൈപ്പ് 2 ഡയബറ്റിക്‌സ് റിസ്‌ക് അധികമാണെന്ന് കണ്ടെത്തി. പി.എല്‍.ഒ.എസ് മെഡിസിനിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.