| Saturday, 8th October 2016, 9:37 am

ദാദ്രി കൊലപാതകം: പ്രതികള്‍ക്ക് പിന്തുണ നല്‍കി കേന്ദ്രമന്ത്രിയും; പ്രതി രവി സിസോദിയയുടെ മൃതദേഹം സംസ്‌ക്കരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിചാരണ തടവ് നേരിടുന്ന മറ്റ് 17 പേരെയും മോചിപ്പിക്കണമെന്ന ബന്ധുക്കളുടെ ആവശ്യത്തെ ന്യായീകരിച്ച് സംസാരിച്ച ഇദ്ദേഹം രവി മരിച്ചുവെന്നും നമ്മുടെ മറ്റു കുട്ടികള്‍ ലോക്കപ്പില്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.


ന്യൂദല്‍ഹി: ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രിയും.  സ്ഥലം എം.പി കൂടിയായ കേന്ദ്ര ടൂറിസംസാംസ്‌കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മയാണ് ദാദ്രി ബിസാഡയിലെത്തി പ്രതികളായവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

അഖ്‌ലഖിനെ അടിച്ചുകൊന്ന കേസിലെ പ്രതിയായ രവി സിസോദിയ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. എന്നാല്‍ ഇയാളുടെ മരണം കൊലപാതകമാണെന്നും ജയില്‍ അധികൃതരുടെ മര്‍ദ്ദനമേറ്റാണ് രവി മരിച്ചതെന്നും ആരോപിച്ച് മൃതദേഹം സംസ്‌ക്കരിക്കാതെ വലിയ പ്രതിഷേധമായിരുന്നു ബിസാഡയില്‍ നടന്നത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയ്ക്ക് ശേഷം മൃതദേഹം സംസ്‌ക്കരിക്കാന്‍ ബന്ധുക്കള്‍ തയ്യാറാവുകയായിരുന്നു. ഇന്നലെ രാത്രിയോടെ സംസ്‌ക്കാരചടങ്ങുകള്‍ നടന്നു.

ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സിസോദിയയുടെ കുടംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. കേന്ദ്രസര്‍ക്കാര്‍ 10 ലക്ഷം രൂപയും സന്നദ്ധ സംഘടനകള്‍ 10 ലക്ഷം രൂപയും എം.പി മഹേഷ് ശര്‍മയും എം.എല്‍.എ സംഗീത് സോമും 5 ലക്ഷം രൂപയും കുടുംബത്തിന് നല്‍കും. കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

രവിയുടെ കുട്ടിയുടെ വിദ്യാഭ്യാസവും ഭാര്യയ്ക്ക് ജോലിയും പരിഗണിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

വിചാരണ തടവ് നേരിടുന്ന മറ്റ് 17 പേരെയും മോചിപ്പിക്കണമെന്ന ബന്ധുക്കളുടെ ആവശ്യത്തെ ന്യായീകരിച്ച് സംസാരിച്ച കേന്ദ്രമന്ത്രി രവി മരിച്ചുവെന്നും നമ്മുടെ മറ്റു കുട്ടികള്‍ ലോക്കപ്പില്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

മുസ്ാഫര്‍ നഗര്‍ കലാപക്കേസില്‍ കുറ്റാരോപിതനായ എം.എല്‍.എ സംഗീത് സോമും സ്ഥലത്തത്തെി ഗ്രാമവാസികളുമായി സംസാരിച്ചു. ബജ്‌റംഗ്ദള്‍, ഗോരക്ഷാ സേന, ഹിന്ദു ഏകതാ സമതി തുടങ്ങിയ സംഘ്പരിവാര്‍ പോഷകസംഘടനാ പ്രവര്‍ത്തകര്‍ ദല്‍ഹിയുടെയും യു.പിയുടെയും പല ഭാഗങ്ങളില്‍നിന്ന് ദാദ്രിയിലേക്ക് എത്തിയിരുന്നു.

ചിക്കുന്‍ഗുനിയയും മറ്റു രോഗങ്ങളും മൂലം ചൊവ്വാഴ്ചയാണ് ദല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രവി സിസോദിയ മരണപ്പെടുന്നത്.

എന്നാല്‍, കസ്റ്റഡിയിലെ മര്‍ദനമാണ് മരണകാരണമെന്നാരോപിച്ച് ഒരു കോടി നഷ്ടപരിഹാരവും രവിയുടെ വിധവക്ക് ജോലിയും നല്‍കണമെന്നും സഹതടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവിടുത്തുകാര്‍ പ്രതിഷേധിച്ചത്.

മൃതദേഹത്തില്‍ ത്രിവര്‍ണ പതാക പുതപ്പിച്ച ഗ്രാമീണര്‍ സംസ്‌കാരം നടത്താനും വിസ്സമ്മതിച്ചിരുന്നു. മൂന്നു ദിവസമായി മൊബൈല്‍ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കുകയും ചെയ്തു.

രവിയുടെ മൃതദേഹത്തില്‍ ത്രിവര്‍ണ പതാക പുതപ്പിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടെങ്കിലും എതിര്‍ത്താല്‍ അന്തരീഷം വഷളാകുമെന്നു കരുതി മൗനം പാലിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more