| Friday, 7th October 2016, 7:22 am

ദാദ്രി സംഭവത്തിലെ പ്രതി രക്തസാക്ഷിയെന്ന് വി.എച്ച്.പി: മൃതദേഹം കൊണ്ടുവന്നത് ദേശീയപതാകയില്‍ പൊതിഞ്ഞ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നഷ്ടപരിഹാരമായി ഒരു കോടി രൂപയും രവിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.


ന്യൂദല്‍ഹി: ജയിലില്‍ വെച്ചു മരിച്ച ദാദ്രി കേസിലെ പ്രതി രവിന്‍ സിസോദിയയുടെ മൃതദേഹം വന്‍ സുരക്ഷാ സന്നാഹത്തോടെ ബിസാഡയിലെത്തിച്ചു. ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞാണ് മൃതദേഹം കൊണ്ടുവന്നത്. ഹിന്ദുമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി രക്തസാക്ഷിയായ ആളാണ് ഇയാളെന്നു പറഞ്ഞാണ് വി.എച്ച്.പി പ്രവര്‍ത്തകര്‍ ശവശരീരം ദേശീയ പതാകയില്‍ പൊതിഞ്ഞത്.

രവിന്‍ സിസോദിയയുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വൃക്ക രോഗത്തെ തുടര്‍ന്നാണ് രവിന്‍ മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ രവിന്റേത് കൊലപാതകമാണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ കുടുംബവും ഹിന്ദുത്വവാദികളും രംഗത്തെത്തിയിരുന്നു. ജയില്‍ അധികൃതര്‍ കൊല ചെയ്തതാണെന്നായിരുന്നു ഇവരുടെ വാദം.

ഇവര്‍ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. രവിന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നെന്നും കുടുംബം വാദിക്കുന്നു.

എന്നാല്‍ സെപ്റ്റംബര്‍ 30ന് രവിന്റെ കുടുംബം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത് രവിന് ചിക്കന്‍ ഗുനിയയാണെന്നും അതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഗൗതം ബുദ്ധ്‌നഗര്‍ ജില്ലാ ആശുപത്രിയില്‍ മാറ്റണമെന്നുമാണ്.

ദാദ്രി കേസില്‍ പ്രതികളായ 17 പേരെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഹിന്ദുത്വവാദികള്‍:

ദാദ്രി കേസിലെ പ്രതികളെ ജയിലില്‍ നിന്നും ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിസാഡയില്‍ ഹിന്ദുത്വവാദികളുടെ പ്രതിഷേധം. ഒരുവര്‍ഷം മുമ്പ് അഖ്‌ലാഖിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന അതേ സ്ഥലത്ത് ധര്‍ണ സംഘടിപ്പിച്ചുകൊണ്ടാണ് ഇവര്‍ രംഗത്തെത്തിയത്.

സാധ്വി പ്രാചി ഉള്‍പ്പെടെയുള്ള വി.എച്ച്.പി നേതാക്കള്‍ പ്രദേശത്ത് എത്തുകയും ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തിരുന്നു.

“ഇത്തരം കാര്യങ്ങള്‍ ഒരിക്കലും പൊറുക്കില്ല. തടവില്‍ കഴിയുന്ന മറ്റ് കുട്ടികള്‍ സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. അവരെ യു.പിക്ക് പുറത്തുള്ള ജയിലിലേക്കു മാറ്റണം.” പ്രാചി പറഞ്ഞു.

അഖ്‌ലാഖിന്റെ കുടുംബത്തിനു നല്‍കിയതുപോലെ നഷ്ടപരിഹാരം നല്‍കണം

അഖ്‌ലാഖിന്റെ കുടുംബത്തിനു നല്‍കിയതിന് തുല്യമായ നഷ്ടപരിഹാരം തങ്ങള്‍ക്കും വേണമെന്ന ആവശ്യവുമായി രവിന്റെ കുടുംബം രംഗത്തുവന്നിട്ടുണ്ട്. ഈ ആവശ്യം മുന്നോട്ടുവെച്ച് ചിലര്‍ രവിന്റെ വീടിനു മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു.

“എന്തുകൊണ്ടാണ് സര്‍ക്കാര്‍ പക്ഷപാതം കാണിക്കുന്നത്? അന്വേഷണം പോലും നടത്താതെ അഖ്‌ലാഖിന്റെ കുടുംബത്തിന് വലിയ തുക നഷ്ടപരിഹാരമായി നല്‍കിയിരുന്നു. ഞങ്ങളുടെയാളെ പീഡിപ്പിച്ച് കൊല്ലുകയാണ് ചെയ്തത്. അഖ്‌ലാഖിന്റെ കുടുംബം ബീഫ് സൂക്ഷിക്കുകയും കഴിക്കുകയും ചെയ്‌തെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ അവര്‍ തെറ്റുകാരാണ്.” രവിന്റെ ബന്ധു പറയുന്നു.

നഷ്ടപരിഹാരമായി ഒരു കോടി രൂപയും രവിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

ദേശീയപതാകയില്‍ പൊതിഞ്ഞതിനെതിരെ പ്രതിഷേധം

കൊലക്കേസിലെ പ്രതിയായിരിക്കെ മരിച്ച വ്യക്തിക്ക് ദേശീയ പതാക പുതപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള നവമാദ്ധ്യമങ്ങളില്‍ നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more