| Monday, 4th May 2015, 8:07 am

'പാരമ്പര്യം നിലനിര്‍ത്താന്‍ സ്ത്രീയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു' എന്‍. ശ്രീനിവാസനെതിരെ ആരോപണവുമായി സ്വവര്‍ഗാനുരാഗിയായ മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വവര്‍ഗാനുരാഗികള്‍ എതിര്‍ലിംഗത്തില്‍പ്പെട്ടവരെ വിവാഹം ചെയ്യുന്ന സംഭവങ്ങള്‍ അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സ്വവര്‍ഗാനുരാഗിയായ ഭര്‍ത്താവില്‍ നിന്നുള്ള മാനസിക പീഡനം കാരണം എയിംസിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്തത് അടുത്തിടെയാണ്. ഈ സംഭവത്തോടെ ഇത്തരം ചര്‍ച്ചകള്‍ക്ക് ചൂടുപിടുക്കുകയാണ്.

ഇപ്പോഴിതാ പിതാവ് തന്നെ താല്‍പര്യമില്ലാത്ത വിവാഹത്തിനു നിര്‍ബന്ധിക്കുന്നുവെന്ന ആരോപണവുമായി ഒരു സ്വവര്‍ഗാനുരാഗി രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ ബി.സി.സി.ഐ തലവന്‍ എന്‍ ശ്രീനിവാസന്റെ മകന്‍ അശ്വിനാണ് പിതാവിനെതിരെ ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

“വംശപാരമ്പര്യം നിലനിര്‍ത്താന്‍ സന്താനങ്ങളെയുണ്ടാക്കുന്നതിനായി വിവാഹം ചെയ്യാന്‍” പിതാവ്  തന്നെ നിര്‍ബന്ധിക്കുന്നുവെന്നാണ് അശ്വിന്റെ ആരോപണം.

സ്വവര്‍ഗാനുരാഗത്തോടുള്ള ഭയം കാരണം ശ്രീനിവാസന്‍ മകനെയും മകന്റെ സ്വവര്‍ഗ പങ്കാളിയായ അവി മുഖര്‍ജിയെയും പീഡിപ്പിക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു.

തന്നെയും തന്റെ പങ്കാളിയെയും പിതാവിന്റെ വസതിക്കു സമീപമുള്ള ചെന്നൈയുടെ ടോണി ഫസ്റ്റ് അവന്യൂവില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും അശ്വിന്‍ പറയുന്നു. “കുടുംബസ്വത്തില്‍ എന്റെ പങ്ക് പിതാവ് എനിക്ക് തരണം. എന്റെ പങ്കാളി അവിയ്‌ക്കൊപ്പം എന്റെ ജീവിതം ഞാനിഷ്ടപ്പെടുന്ന രീതിയില്‍ ജീവിക്കാന്‍ അനുവദിക്കണം. ഞങ്ങളുടെ താല്‍പര്യത്തിനു വിരുദ്ധമായി ഇവിടെ പൂട്ടിയിട്ടിരിക്കുകയാണ്. അവിയും ഞാനും പിരിയണമെന്നാണ് പിതാവിന്റെ ആഗ്രഹം. വിവാഹം കഴിച്ച് കുടുംബപാരമ്പര്യം നിലനിര്‍ത്തുന്നതിനായി സന്താനങ്ങളെ ഉല്പാദിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.” അശ്വിന്‍ പറഞ്ഞതായി ഡി.എന്‍.എ റിപ്പോര്‍ട്ടു ചെയ്യുന്നു.

പിതാവിന്റെ പീഡനങ്ങള്‍ക്കു തെളിവായി അദ്ദേഹമെഴുതിയ ആറ് കത്തുകളും അശ്വിന്‍ നല്‍കിയതായി റിപ്പോര്‍ട്ടില്‍  പറയുന്നു. ഈകത്തുകളില്‍ സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള പിതാവിന്റെ കാഴ്ചപ്പാട് വ്യക്തമാണമെന്നും അശ്വിന്‍ പറയുന്നു. അദ്ദേഹം വിദേശവിദ്യാഭ്യാസം നേടിയ ആളാണ്, പല രാജ്യങ്ങളിലും സന്ദര്‍ശിച്ചിട്ടുണ്ട്. എന്നിട്ടും സ്വവര്‍ഗാനുരാഗത്തെ ഈ രീതിയിലാണ് നോക്കി കാണുന്നതെന്നും അശ്വിന്‍ കുറ്റപ്പെടുത്തി.

Latest Stories

We use cookies to give you the best possible experience. Learn more