| Sunday, 16th August 2020, 9:53 pm

'അച്ഛന് ആളുകളെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്'; എസ്.പി.ബിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്ന് മകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ഗായകന്‍ എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് മകന്‍ ചരണ്‍ ബാലസുബ്രഹ്‌മണ്യം. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് ചരണ്‍ ഇക്കാര്യം അറിയിച്ചത്.

നിലവില്‍ അദ്ദേഹത്തിന് ശരീരം അനക്കാന്‍ സാധിക്കുന്നുണ്ടെന്നും ആളുകളെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ചരണ്‍ പറഞ്ഞു. ഐ.സി.യുവില്‍ നിന്ന് എക്സ്‌ക്ലൂസീവ് ഐ.സി.യുവിലേക്ക് മാറ്റിയെന്നും ചരണ്‍ പറഞ്ഞു.

അദ്ദേഹത്തിന് ചലിക്കാന്‍ സാധിക്കുന്നുണ്ട്. ഡോക്ടര്‍മാരെ തമ്പ്സ് അപ്പ് കാണിച്ചു. ഡോക്ടര്‍മാരെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട് എന്നായിരുന്നു ചരണ്‍ വീഡിയോയില്‍ പറഞ്ഞത്.

ഇപ്പോഴും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം എസ്.പി.ബിക്ക്  ക്ക് ലഭ്യമാക്കുന്നുണ്ട്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കുറച്ചു കൂടി നല്ല രീതിയില്‍ ശ്വാസം എടുക്കാന്‍ എസ്.പി.ബിക്ക് സാധിക്കുന്നുണ്ടെന്നും ഇത് അനുകൂല സൂചനയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും ചരണ്‍ വീഡിയോയിലൂടെ വ്യക്തമാക്കി.

ആശുപത്രിയില്‍ തുടരുന്ന എസ്.പി.ബിയ്ക്ക് വേണ്ട എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായി സംസാരിച്ചിരുന്നെന്നും തമിഴ്നാട് ആരോഗ്യമന്ത്രി വിജയ് ഭാസ്‌ക്കര്‍ അറിയിച്ചിരുന്നു. എത്രയും പെട്ടെന്ന് അദ്ദേഹം ആരോഗ്യവാനായി തിരിച്ചെത്തട്ടെയെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 5ാം തിയ്യതിയാണ് എസ്.പി.ബിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഫേസ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചിരുന്നത്. തനിക്ക് കുറച്ചുദിവസമായി പനിയും ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

ഗുരുതരമല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കുടുംബാംഗങ്ങളുടെ സുരക്ഷയോര്‍ത്ത് താന്‍ ആശുപത്രിയിലേക്ക് മാറുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

ഗായകന്‍ എസ്.പി.ബിയുടെ രോഗവിമുക്തിക്കായി പ്രാര്‍ത്ഥിച്ച് സംഗീത സംവിധായകന്‍ ഇളയരാജ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എസ്.പി.ബിയുടെ ആരോഗ്യത്തിനായി ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നതായും പൂര്‍ണ ആരോഗ്യത്തോടെ അദ്ദേഹം തിരികെ വരട്ടെയെന്നും ഇളയരാജ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ബാലു വേഗം എഴുന്നേറ്റ് വാ, നിനക്കായി കാത്തിരിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഇളയരാജയുടെ വീഡിയോ തുടങ്ങുന്നത്. കേവലം സിനിമയില്‍ തുടങ്ങുന്ന ബന്ധമല്ല നമ്മുടെത് എന്നും ഇളയരാജ വീഡിയോയില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘Dad can recognize people’; Sp charan said there was a slight improvement in SPB’s health

We use cookies to give you the best possible experience. Learn more