ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ ഏപ്രില്‍ 10 ന് നടത്തിയ ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് ആയിരുന്നു ‘മദ്രസ ഹോട്ട് സ്‌പോട്‌സ് ‘. ദല്‍ഹിയിലെ മദ്രസകളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ റിപ്പോര്‍ട്ട്. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും ഈ മദ്രസകളില്‍ കൂട്ടമായി കുട്ടികള്‍ താമസിക്കുന്നെന്നായിരുന്നു ഇവര്‍ പ്രധാനമായും ആരോപിച്ചത്.
ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചു, കുട്ടികളെ പൊലീസില്‍ നിന്നും ഒളിപ്പിച്ചു, കൊവിഡ് വ്യാപകമായി പടര്‍ന്ന തബ്ലീബ് ജമാഅത്ത് സമ്മേളനത്തില്‍ മദ്രസകളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ട് എന്നിങ്ങനെയും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കൂടാതെ ഇവരുടെ ഒരു അധ്യാപകന്‍ കുട്ടികളെ മദ്രസയില്‍ തന്നെ താമസിപ്പിക്കാന്‍ വേണ്ടി പൊലീസിന് കൈക്കൂലി നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
മദന്‍പൂരിലെ ദാറുല്‍ ഉല്‍ ഉലൂം ഉസ്മാനിയ, ഇസ്ലാഹുല്‍ മുമിനീര്‍ എന്നീ മദ്രസകളിലും നൊയ്ഡയിലെ ജാമിഅ മുഹമ്മദിയ ഹല്‍ദൊനി എന്ന മദ്രസയിലുമാണ് ഇന്ത്യ ടുഡേ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയത്.ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ഇതു സംബന്ധിച്ച് ന്യൂസ് ലോന്‍ഡ്രി നടത്തിയ അനേഷണത്തില്‍ ഈ വാദങ്ങള്‍ തെറ്റാണെന്നാണ് വെളിപ്പെടുത്തുന്നത്. ഇന്ത്യ ടുഡേ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയ ഇസ്ലാഹുല്‍ മുമിനീര്‍ മദ്രസയിലെ മുഹമ്മദ് ജാബിര്‍ കാസ്മി എന്നയാളില്‍ നിന്നും ജാമിയ മുഹമ്മദിയ ഹല്‍ദോനി മദ്രസയിലെ മുഹ്മദ് ഷെയ്ഖ് എന്നയാളില്‍ നിന്നും ദല്‍ഹിപോലീസില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് ഇവര്‍ ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടിനെതിരെ നിരത്തുന്നത്.
ലോക്ഡൗണ്‍ കാലത്ത് മദ്രസകളില്‍ പഠിക്കുന്ന ഈ കുട്ടികള്‍ എവിടെ നിന്നാണ് വരുന്നതെന്ന് ഇന്ത്യ ടുഡേ വ്യക്തമാക്കിയിരുന്നില്ല. തങ്ങളുടെ മദ്രസകളിലെ കുട്ടികള്‍ ബിഹാറില്‍ നിന്നുള്ളവരാണെന്നാണ് ജാബിറും ഷെയ്ഖും പറയുന്നത്. ഏപ്രില്‍ 11 ന് കുട്ടികളെ നാട്ടിലേക്കയക്കാന്‍ വേണ്ടി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെന്നും എന്നാല്‍ പിന്നാലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഇവരെ തിരിച്ചയക്കാനായില്ലെന്നും ഇരുവരും പറയുന്നു.
കൂടാതെ മാര്‍ച്ച് 21 ന് മാനവ വിഭവശേഷി മന്ത്രാലയം നല്‍കിയ അറിയിപ്പില്‍ പറഞ്ഞത് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് നിയന്ത്രണ വിധേയമാവുന്നതുവരെ അവിടെ തന്നെ താമസിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുമതി നല്‍കണമെന്നാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ മദ്രസകളും വരുന്ന സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശം ഇവര്‍ക്കും ബാധകമാണ്.
മദ്രസകളില്‍ വരുന്ന കുട്ടികളില്‍ ഭൂരിഭാഗവും ദല്‍ഹിക്ക് പുറത്തു നിന്നുള്ളവരാണെന്നും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നുമാണ് ദല്‍ഹിന്യൂന പക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുള്‍ ഇസ്ലാം ഖാന്‍ പറയുന്നത്. അതിനാല്‍ കുട്ടികളുടെ സംരക്ഷണത്തില്‍ ഇവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ഇദ്ദേഹം പറയുന്നു.
മദ്രസകളിലെ അധ്യാപകര്‍ക്ക് തബ്‌ലീബ് ജമാ അത്തുമായി ബന്ധമുണ്ടെന്നും ഇന്ത്യ ടുഡേ പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഈസ്റ്റ് ദല്‍ഹിയിലെ പൊലിസ് നല്‍കുന്ന വിവരപ്രകാരം ഈ വാദം തെറ്റാണ്. തബ്ലീബ് ജമാഅത്തുമായി ജാബിറിനും ഷെയ്ഖിനും ബന്ധമില്ലെന്നും അവര്‍ നിസാമുദ്ദീന്‍ കാര്യവസതിയില്‍ പോയിട്ടില്ലെന്നും പൊലീസ് പറയുന്നു. കുട്ടികളെ മദ്രസകളില്‍ ഒളിപ്പിച്ചിരിക്കുന്നു എന്ന വാദം തെറ്റാണെന്നും പേരു വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥര്‍ ന്യൂസ് ലോന്‍ഡ്രിയോട് വ്യക്തമാക്കുന്നു.
An @IndiaToday reality check finds Madrasas in the capital violating national lockdown rules. Kids crammed into small rooms. No social distancing norms followed. Teacher boasts he’s hiding kids from the police. Another claims he’s paid off local police. Watch 8 pm @IndiaToday pic.twitter.com/MUHiOBv4Rn
— Rahul Kanwal (@rahulkanwal) April 10, 2020