കേരളത്തിലെ പ്രേക്ഷകർക്ക് മലബാറിനെ മനസിലാക്കി തന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിലെ മണവാളൻ തഗ്ഗ് എന്ന് ഗാനം കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. എല്ലാ പ്രായത്തിലുമുള്ളവരെയും ആകർഷിച്ച മണവാളൻ തഗ്ഗ് ഒരുക്കിയ ഡാബ്സീ തൻറെ സംഗീത ലോകത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ്.
തന്റെ വലിയുമ്മയുടെ സംസാര ശൈലിയിൽ നിന്നാണ് ‘മണവാളൻ തഗ്ഗ് എന്ന ഗാനത്തിലെ ലിറിക്‌സ് ഉണ്ടായതെന്ന് റാപ്പർ ഡാബ്സീ. തന്റെ വലിയുമ്മക്ക് തല്ലുമാലയിലെ മണവാളൻ തഗ്ഗ് എന്ന ഗാനം കേൾപ്പിച്ചുകൊടുത്തിട്ടുണ്ടെന്നും കുട്ടികൾക്കും മുതിർന്നവർക്കും തന്റെ ഗാനങ്ങൾ ഇഷ്ടമാണെന്ന് അറിയുമ്പോൾ സന്തോഷം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡാബ്സീ.
‘ഞാൻ എന്നെ തന്നെ ഒരുപാട് മാറ്റിയിരുന്നു വസ്ത്രധാരണയും രൂപവുമൊക്കെ. ഒരു ദിവസം ഞാൻ പുറത്തുപോകാൻ ഇറങ്ങിയപ്പോൾ വലിയുമ്മ വീടിനു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. ‘ആരാ ഈ വരുന്നത് ഒരു വല്യ പ്രമാണി, ഓന്റെ ഒരു സുഗ്ഗും അതിന്മേലൊരു ശെരിയും’ എന്ന് വലിയുമ്മ കളിയാക്കി പറഞ്ഞു. നൈക്കീടെ ഷൂവിനെയാണ് ഈ പറയുന്നത്. അത് എന്റെ മനസിൽ തങ്ങിനിന്നു. ഈ പാട്ട് ഞാനാ വലിയുമ്മാനെ കേൾപ്പിച്ചു കൊടുത്തു. ഒരു പരിധി വരെ ഞാൻ വളരെ അനുഗ്രഹീതനായ കലാകാരൻ ആണെന്ന് കരുതുന്നു. എന്റെ ഗാനങ്ങൾ എല്ലാ പ്രായത്തിലും ഉള്ളവർക്ക് ഇഷ്ടമാണ്. പത്തോ പതിനഞ്ചോ വയസ്സിന് താഴെ ഉള്ളവരും മുതിർന്നവർക്കും എന്റെ ഗാനങ്ങൾ ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ നല്ല സന്തോഷമാണ്,’ഡാബ്സീ പറഞ്ഞു.
അഭിമുഖത്തിൽ റാപ്മു ഗാനങ്ങളോടുള്ള മനോഭാവത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ റാപ് ഗാനങ്ങൾ കേൾക്കാൻ ആളുകൾ ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ അതില്നിന്നൊക്കെ വളരെ മാറ്റം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മണവാളൻ തഗ്ഗ് എന്ന ഗാനം ആളുകൾ ആസ്വദിക്കുന്നു എന്ന് കേൾക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഇവിടെ റാപ് ഗാനങ്ങൾ കേൾക്കാൻ ആളുകൾ ഇല്ലാതിരുന്ന പ്രശ്നം മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ അങ്ങനെയല്ല. ആളുകൾ ഒക്കെ മാറി.
വീട്ടിൽ ഭക്ഷണം ഉണ്ടാക്കണമെങ്കിൽ കയ്യിൽ പണം വേണം. ആ പണം കലകൊണ്ട് ഉണ്ടാക്കണമെങ്കിൽ നല്ല പാടാണ്. പ്രത്യേകിച്ച് കേരളത്തിൽ. ഇൻഡിപെൻഡന്റ് ആയ ഒരു ആർട്ടിസ്റ്റിനു വളരാനുള്ള സപ്പോർട്ട് സിസ്റ്റം ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ കലയിൽ നിന്ന് പണം ഉണ്ടാക്കുന്നുണ്ട്. എന്റെ കുട്ടിയെ പഠിപ്പിക്കുന്നുമുണ്ട്. അത് കിട്ടും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഗൾഫിലെ എന്റെ ജോലി കളഞ്ഞ് ഞാൻ ഇവിടെ വന്നത്,’ഡാബ്സീ പറഞ്ഞു.
Content Highlights: Dabzee on Thallumala