അർബുദത്തിന് കാരണമാകുന്നു; യു.എസിലും കാനഡയിലും ഡാബർ ഇന്ത്യ സ്ഥാപനങ്ങൾക്കെതിരെ കേസ്
national news
അർബുദത്തിന് കാരണമാകുന്നു; യു.എസിലും കാനഡയിലും ഡാബർ ഇന്ത്യ സ്ഥാപനങ്ങൾക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th October 2023, 8:14 pm

വാഷിങ്ടൺ: ഉത്പന്നങ്ങൾ അർബുദമുൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് ആയുർവേദ ഉത്പന്ന നിർമാതാക്കളായ ഡാബർ ഇന്ത്യയുടെ വിദേശ സ്ഥാപനങ്ങൾക്കെതിരെ 5,400ഓളം കേസുകൾ.

ഗർഭാശയ, അണ്ഡാശയ അർബുദങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നു എന്ന ആരോപണത്തെ തുടർന്ന് യു.എസ്, കാനഡ ഫെഡറൽ കോടതികളിൽ മൂന്ന് സ്ഥാപനങ്ങൾക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിലവിൽ പ്രാഥമികാന്വേഷണ ഘട്ടത്തിലാണ് കേസ്. നമസ്തേ ലബോറട്ടറീസ്, ഡർമോവിവ സ്കിൻ എസെൻഷ്യൽസ്, ഡാബർ ഇൻറർനാഷണൽ എന്നീ കമ്പനികൾക്കെതിരെയാണ് 3,500 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഡാബറിന്റെ കേശ സംരക്ഷണ ഉത്പന്നങ്ങളിൽ അർബുദ രോഗത്തിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.

എന്നാൽ പരാതികളുടെ ആധികാരികതയെ വെല്ലുവിളിക്കുന്നതായും ചില കേസുകളിൽ വിവരങ്ങളും രേഖകളും ആവശ്യപ്പെടുന്നതായും ഡാബർ അറിയിച്ചു.

‘നമസ്തേ, ഡർമോവിവ, ഡാബർ ഇൻറർനാഷണൽ എന്നീ കമ്പനികൾ ആരോപണങ്ങൾ നിഷേധിക്കുന്നു. വാസ്തവവിരുദ്ധവും അപൂർണവുമായ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ആരോപണങ്ങളെ നേരിടുന്നതിന് നിയമപോരാട്ടം നടത്തും,’ കമ്പനിയെ ഉദ്ധരിച്ചുകൊണ്ട് ദി സ്ക്രോൾ റിപ്പോർട്ട് ചെയ്തു.

അതേസമയം കേസുകൾ രജിസ്റ്റർ ചെയ്തത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഡാബർ ഇന്ത്യയുടെ ഓഹരി 2.25 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Content Highlight: Dabur India sued in US and Canada for selling products allegedly causing cancer