| Monday, 1st November 2021, 3:54 pm

ഡാബറിന് പരസ്യം പിന്‍വലിക്കേണ്ടി വന്നത് അസഹിഷ്ണുത കാരണം: ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് ഡാബറിന്റെ പരസ്യം പിന്‍വലിച്ച നടപടിയില്‍ പ്രതികരണവുമായി സുപ്രീംകോടതി ജഡ്ജി ഡി.വൈ. ചന്ദ്രചൂഢ്. പൊതുജനങ്ങളുടെ അസഹിഷ്ണുതയുടെ ഫലമായാണ് സ്വവര്‍ഗ ദമ്പതികള്‍ കര്‍വാ ചൗത്ത് ആഘോഷിക്കുന്ന പരസ്യം പിന്‍വലിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ നിലവിലെ അവസ്ഥയും നിയമത്തിന്റെ ആദര്‍ശങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് കാണിക്കുന്ന ജീവിത സാഹചര്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വനിതകള്‍ക്കായുള്ള നിയമ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ആഴത്തില്‍ വേരൂന്നിയ അസമത്വങ്ങള്‍ക്കും പുരുഷാധിപത്യത്തിനും ഭരണഘടനയില്‍ പരിഹാരമുണ്ടെന്നും എന്നാല്‍ ദിവസവും സ്ത്രീകള്‍ക്കെതിരായ അനീതിയുടെ ഉദാഹരണങ്ങള്‍ കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ഉത്സവമായ കര്‍വാ ചൗത്ത് ആഘോഷിക്കുന്ന സ്വവര്‍ഗ ദമ്പതികളെയാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരുന്നത്. വലിയ സ്വീകാര്യതയാണ് പരസ്യത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ തീവ്രഹിന്ദുത്വ സംഘങ്ങള്‍ പരസ്യത്തിനെതിരെ രംഗത്തുവരികയായിരുന്നു.

സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യം പിന്‍വലിച്ചത്.

‘ ഫെമ്മിന്റെ കര്‍വാ ചൗത്തിന്റെ കാമ്പെയ്ന്‍ എല്ലാ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും പിന്‍വലിച്ചു, ജനങ്ങളുടെ വികാരങ്ങളെ മനപ്പൂര്‍വ്വം വ്രണപ്പെടുത്തിയതിന് ഞങ്ങള്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു,” എന്നാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഡാബര്‍ ഇന്ത്യ അറിയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dabur Ad Pulled “On Ground Of Public Intolerance”: Supreme Court Judge DY Chandrachud

We use cookies to give you the best possible experience. Learn more