|

'നിങ്ങളുടെ അന്വേഷണം ആത്മാര്‍ത്ഥമല്ല'; ധബോല്‍ക്കര്‍-പന്‍സാരെ വധക്കേസ് അന്വേഷണ സംഘത്തെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സംഘപരിവാര്‍ വിമര്‍ശകരും ചിന്തകരുമായിരുന്ന നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ വധക്കേസുകളില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ബോംബെ ഹൈക്കോടതി. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും സി.ബി.ഐ ജോയിന്റ് ഡയറക്ടറും ജൂലൈ 12 ന് കോടതിയില്‍ ഹാജരാകണമെന്നും ജസ്റ്റിസ് ധര്‍മാധികാരിയും ജസ്റ്റിസ് ഭാരതി എച്ച് ഡാന്‍ഗ്രെയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

“ഈ റിപ്പോര്‍ട്ടില്‍ ഞങ്ങള്‍ തൃപ്തരല്ല” എന്നായിരുന്നു സീലു വച്ച കവറില്‍ അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐയും പ്രത്യേക അന്വേഷണ സംഘവും സമര്‍പ്പിച്ച ശേഷം കോടതിയുടെ പ്രതികരണം. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന സംഘവുമായി കേസില്‍ ബന്ധപ്പെട്ടിരുന്നോയെന്നും കോടതി ആരാഞ്ഞു.

ALSO READ: അമേരിക്കയില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവെയ്പ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരെ നിരീക്ഷിച്ചിരുന്ന അന്വേഷണസംഘത്തിന്റെ വാദത്തെയും കോടതി വിശ്വാസത്തിലെടുത്തില്ല. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരെ കര്‍ണാടക പൊലീസ് മഹാരാഷ്ട്രയില്‍ നിന്നാണ് പിടികൂടിയതെന്നും കോടതി നിരീക്ഷിച്ചു.

കര്‍ണാടക പൊലീസ് ഗൗരി ലങ്കേഷ് വധക്കേസില്‍ കാണിക്കുന്ന ജാഗ്രത ധബോല്‍ക്കര്‍, പന്‍സാരെ വധക്കേസ് അന്വേഷണ സംഘം കാണിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അന്വേഷണം ആത്മാര്‍ത്ഥതയുള്ളതാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും കോടതി പറഞ്ഞു. ധബോല്‍ക്കറുടെയും പന്‍സാരെയുടെയും കുടുംബത്തിനായി ഹാജരായ അഡ്വ. അഭയ് നേവാഗിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഉദ്യോഗസ്ഥരോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

ALSO READ: അമേരിക്കന്‍ സമ്മര്‍ദ്ദം; ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നു

2013 ആഗസ്റ്റ് 20 നാണ് നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെടുന്നത്. പൂനെയില്‍ വെച്ചായിരുന്നു ധബോല്‍ക്കര്‍ക്ക് വെടിയേറ്റത്. 2015 ഫെബ്രുവരി 16 ന് കോലാപൂരില്‍ വെച്ച് വെടിയേറ്റ പന്‍സാരെ ഫെബ്രുവരി 20 നാണ് മരണപ്പെടുന്നത്. നേരത്തെ ധബോല്‍ക്കറെയും പന്‍സാരെയും കല്‍ബുര്‍ഗിയേയും കൊലപ്പെടുത്തിയ ആയുധമുപയോഗിച്ചാണ് ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിതെന്ന് കര്‍ണാടകയിലെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

WATCH THIS VIDEO:

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.