| Saturday, 25th May 2019, 10:10 pm

നരേന്ദ്ര ദബോല്‍ക്കര്‍ കൊലപാതകം; സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ള അഭിഭാഷകനും ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യുക്തിവാദിയും സാമൂഹിക പ്രവര്‍ത്തകനുമായ നരേന്ദ്ര ദബോല്‍ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സനാതന്‍ സന്‍സ്ത പ്രവര്‍ത്തര്‍ അറസ്റ്റില്‍. അഭിഭാഷകനായ സഞ്ജീവ് പുനലേകര്‍, വിക്രം ഭാവെ എന്നിവരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.

സനാതന്‍ സന്‍സ്തയ്ക്ക് നിയമസഹായം നല്‍കി വരുന്ന ഹിന്ദു വിതിന്ത്യ പരിഷത് എന്ന അഭിഭാഷക കൂട്ടായ്മയിലെ അംഗമാണ് പുനലേകര്‍. 2008ല്‍ താനെയില്‍ ഓഡിറ്റോറിയം, തീയ്യേറ്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടന്ന ബോംബ് സ്‌ഫോടനത്തില്‍ പ്രതിയാണ് ഭാവെ. 2013 ബോംബെ ഹൈക്കോടതി ഭാവെയ്ക്ക് ഈ കേസില്‍ ജാമ്യം നല്‍കിയിരുന്നു.

ഇരുവരേയും ഞായറാഴ്ച പ്രത്യേക കോടതിയില്‍ ഹാജരാക്കുമെന്ന് സി.ബി.ഐ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ദബോല്‍ക്കര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരുടെ എണ്ണം എട്ടായി.

2016 ഇ.എന്‍.ടി സര്‍ജനും സനാതന്‍ സന്‍സ്ത അംഗവുമായ ഡോ. വിരേന്ദ്ര താവ്‌ഡെയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തിരുന്നു. ദബോക്കര്‍ കൊലപാതകത്തിന്റെ സൂത്രധാരന്‍ താവ്‌ഡെ ആണെന്നായിരുന്നു സി.ബി.ഐയുടെ നിഗമനം.

താവ്‌ഡെയ്‌ക്കെതിരായ ചാര്‍ജ് ഷീറ്റില്‍ ദബോല്‍ക്കറെ വെടിവെച്ച് കൊന്നത് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരായ സാരംഗ് അകോല്‍കര്‍, വിനയ് പവാര്‍ എന്നിവരാണെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പിന്നീട് അറസ്റ്റിലായ സച്ചില്‍ അന്‍ദുരെ, ശരദ് കലാസ്‌കര്‍ എന്നിവര്‍ പ്രഭാത സവാരിക്കിറങ്ങിയ ദബോല്‍ക്കറിനെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് സി.ബി.ഐ തിരുത്തുകയായിരുന്നു.

പിന്നീട് അമോല്‍ കാലെ, അമിത് ദിഗ്വേക്കര്‍, രാജേഷ് ബംഗേര എന്നിവരെക്കൂടെ സി.ബി.ഐ കസ്റ്റഡിയിലെടുത്തി. മാധ്യമ പ്രവര്‍ത്തകയായി ഗൗരി ലങ്കേഷിന്റെ വധവുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് സി.ബി.ഐ കരുതുന്നത്.

നരത്തെ ദബോല്‍ക്കര്‍ കൊലക്കേസില്‍ അന്വേഷണ ഏജന്‍സികളുടെ മെല്ലെപ്പോക്ക് നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോംബെ ഹൈക്കോടതി പലതവണ രംഗത്തെത്തിയിരുന്നു. അന്വേഷണ ഏജന്‍സികളായ എസ്.ഐ.ടിയും സി.ബി.ഐയും വെറുതെ ഒരുപാട് സമയവും ഊര്‍ജവും കളഞ്ഞെന്നും കോടതി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more