|

സര്‍ക്കാര്‍-എസ്.എഫ്.ഐ വിരുദ്ധ ക്യാമ്പയിന്‍ മാധ്യമത്തിന്റെ പേരും പറഞ്ഞ് നടത്തിയാല്‍ ഇനിയും കേസില്‍ ഉള്‍പ്പെടുത്തും: എം.വി ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തതില്‍ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

അന്വേഷണത്തിന്റെ ഭാഗമായി ആരൊക്കെ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോ അവരെയെല്ലാം കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യുക തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ ഒഴിവാക്കണം മറ്റൊരാളെ ഉള്‍പ്പെടുത്തണമെന്ന് പറയാന്‍ സാധിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

‘അന്വേഷണത്തിന്റെ ഭാഗമായി ആരൊക്കെ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോ ആ പങ്കെടുത്തവരെയൊക്കെ കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യുക തന്നെ വേണം. റിപ്പോര്‍ട്ട് ചെയ്തതും ഗൂഡാലോചനയുടെ ഭാഗമായാണല്ലോ കാണേണ്ടത്. റിപ്പോര്‍ട്ട് ചെയ്തതുകൊണ്ട് മാത്രമാവില്ലലോ. വെറുതെ അങ്ങ് റിപ്പോര്‍ട്ട് വരില്ലലോ. ഗൂഢാലോചന നടത്തിയവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ആവശ്യമായ നിലപാട് സ്വീകരിക്കുകയും ചെയ്യണം. ഒരാളെ ഒഴിവാക്കണം മറ്റൊരാള ഒഴിവാക്കണ്ട എന്നൊന്നും പറയാന്‍ പറ്റില്ല,’ അദ്ദേഹം പറഞ്ഞു.

കേസില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടോ അവരെയൊക്കെ ഉള്‍പ്പെടുത്തണമെന്നും മാധ്യമത്തിന്റെ പേരില്‍ ആര്‍ക്കും ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

‘സാധാരണ നിലയിലുള്ള ഒരു കുട്ടി കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടിയുടെ റിസള്‍ട്ടില്‍ പൂജ്യം ആണ് മാര്‍ക്കെന്ന് കണ്ടതിന് ശേഷം പാസ് എന്നാക്കിയിട്ട്, അതൊരു വാര്‍ത്തയാക്കി കേരളത്തില്‍ അങ്ങോളം ഇങ്ങോളം പ്രചരിപ്പിക്കുക. ഇത്രയും വമ്പിച്ച രീതിയിലുള്ള ഗൂഢാലോചന അതിന്റെ പിന്നില്‍ നടത്തിയിട്ടുള്ളത് ആരൊക്കെയാണോ അവരെ കണ്ടെത്തി നടപടി സ്വീകരിക്കണം. കേസില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടോ അവരെയൊക്കെ ഉള്‍പ്പെടുത്തണം. മാധ്യമത്തിന്റെ പേര് പറഞ്ഞ് ആര്‍ക്കും ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ല,’ അദ്ദേഹം പറഞ്ഞു.

മാധ്യമം അവരുടെ സ്റ്റാന്‍ഡില്‍ നില്‍ക്കണമെന്നും അല്ലാതെ സര്‍ക്കാര്‍ വിരുദ്ധ എസ്.എഫ്.ഐ വിരുദ്ധ ക്യാമ്പയിന്‍ നടത്താന്‍ നിന്നാല്‍ ഇനിയും കേസില്‍ ഉള്‍പ്പെടുത്തുക തന്നെ ചെയ്യുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

‘മാധ്യമത്തിന് അവരുടേതായ സ്റ്റാന്‍ഡ് ഉണ്ട്. ആ സ്റ്റാന്‍ഡിലേ നില്‍ക്കാന്‍ പാടുള്ളൂ. അല്ലാതെ സര്‍ക്കാര്‍വിരുദ്ധ, എസ്.എഫ്.ഐ വിരുദ്ധ ക്യാമ്പയിന്‍ നടത്താന്‍ മാധ്യമത്തിന്റെ പേരും പറഞ്ഞ് നടന്നാല്‍ മുന്‍പും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. ഇനിയും ഉള്‍പ്പെടുത്തുക തന്നെയാണ് ഉണ്ടാകുക,’ അദ്ദേഹം പറഞ്ഞു.

നേരത്തെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഡാലോചനയുണ്ടായെന്ന് ആര്‍ഷോ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അത് പ്രകാരം ഗൂഡാലോചന നടത്തിയെന്ന ഒന്നാം പ്രതി ഡിപ്പാര്‍ട്മെന്റ് കോര്‍ഡിനേറ്റര്‍ വിനോദ് കുമാറും രണ്ടാം പ്രതി പ്രിന്‍സിപ്പലുമാണ്. ഗൂഢാലോചനയുടെ ഭാഗമായി റിപ്പോര്‍ട്ടിങ് നടത്തിയെന്നാരോപിച്ചാണ് അഖിലയെ അഞ്ചാം പ്രതിയായി കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlight: M V Govidan about case against akhila nandakumar