| Thursday, 11th April 2019, 5:12 pm

എം.ബി രാജേഷിന്റെ വാഹനപ്രചരണ ജാഥക്കിടെ വീണത് വടിവാളല്ല; പരാതി തള്ളി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ വാഹനപ്രചരണ ജാഥക്കിടെ വടിവാള്‍ കണ്ടെന്ന പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന അരിവാളാണ് ജാഥയ്ക്കിടെ വീണതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

അന്വേഷണ റിപ്പോര്‍ട്ട് എസ്.പി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും റിപ്പോര്‍ട്ട് കൈമാറും.

പ്രചരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പ്രചരണ റാലിയില്‍ ആയുധങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെന്നും അതിനാല്‍ നടപടി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണോ എന്ന് പരിശോധിക്കണമെന്നും ടിക്കാറാം മീണ ഡി.ജി.പിയെ അറിയിച്ചിരുന്നു. അന്വേഷണം നടത്താനും നിയമാനുസൃതമായ നടപടി സ്വീകരിക്കാനും ഉടനെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഏപ്രില്‍ അഞ്ചിന് വൈകിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി രാജേഷ് ഒറ്റപ്പാലം പുലാപ്പറ്റയില്‍ പര്യടനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്ന ബൈക്കില്‍നിന്ന് അരിവാള്‍ നിലത്തുവീണത്. ബൈക്കുകള്‍ കൂട്ടത്തോടെ വരുന്നതിനിടെ ഒരു ബൈക്ക് റോഡില്‍ വീഴുകയും അതില്‍നിന്ന് അരിവാള്‍ റോഡിലേക്ക് തെറിക്കുകയുമായിരുന്നു. സംഭവം ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ മറ്റു ബൈക്കുകള്‍ മറിഞ്ഞ ബൈക്കിനെ വളഞ്ഞുനിന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വടിവാളെടുത്ത് പോവുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു.

വാഹനപ്രചരണ ജാഥക്കിടെ ബൈക്കില്‍ നിന്നും നിലത്ത് വീണത് കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന കത്തിയാണെന്ന് അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്ന ഷാജി ഹുസൈന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സംഭവത്തെ കുറിച്ച് ഷാജി പറയുന്നത് ഇങ്ങിനെയാണ്. എം.ബി രാജേഷിന് സ്വീകരണം നടക്കുന്ന പരിപാടിയില്‍ മുദ്രാവാക്യം വിളിക്കേണ്ടിയിരുന്നത് താനായിരുന്നു. വൈകീട്ട് 5.30നായിരുന്നു പ്രചരണം എത്തുക എന്നറിയിച്ചിരുന്നത്. ഒരു 6.30 ആകുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഇതിനിടയ്ക്ക് എന്റെ തോട്ടത്തില്‍ നിന്ന് വാഴകുല വെട്ടി വിറ്റ ശേഷം പ്രചരണ സ്ഥലത്ത് എത്താം എന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ ഇടയ്ക്ക് രാജേഷിന്റെ പ്രചരണ വാഹനം എത്തുന്നു എന്നറിയിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ പോകാതെ നേരിട്ട് സ്വീകരണ സ്ഥലത്തേക്ക് പോകുകയായിരുന്നു. ഷാജി ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

അതേസമയം ഒരു സ്ഥാനാര്‍ത്ഥി പര്യടനം നടത്തുമ്പോള്‍ ഗുണ്ടകളെയും സാമൂഹിക വിരുദ്ധന്‍മാരെയും കൊണ്ട് പോകുന്നത് ശരിയാണോ എന്നും മാരകായുധങ്ങളുമായാണോ പ്രചാരണം നടത്തേണ്ടത് എന്നുമായിരുന്നു സംഭവത്തില്‍ രമേശ് ചെന്നിത്തല പ്രതികരിച്ചത്. വടിവാള്‍ സംഘം സ്ഥാനാര്‍ത്ഥിയുടെ കൂടെ പ്രചാരണം നടത്തിയത് എങ്ങനെയെന്ന് സി.പി.ഐ.എം വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

തനിക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചരണം നടത്തുന്നതായി കാണിച്ച് പാലക്കാട് എം.പിയും എല്‍.ഡി.എഫ് പാലക്കാട് സ്ഥാനാര്‍ത്ഥിയുമാ എം.ബി രാജേഷ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പാലക്കാട് എസ്.പിക്കു പരാതി നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more