കഴിഞ്ഞ ദിവസം ലൈംഗികാതിക്രമ കേസില്‍ ബ്രസീല്‍ പ്രതിരോധ താരം ഡാനി ആല്‍വ്സിനെ സ്പാനിഷ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബാഴ്സലോണയിലെ നിശാക്ലബ്ബില്‍ ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്.
ലോകകപ്പിന് ശേഷം ബാഴ്സലോണയില്‍ അവധിയാഘോഷിക്കാന്‍ എത്തിയതായിരുന്നു താരം. യുവതിയുടെ പരാതിയെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ സ്പാനിഷ് പൊലീസ് ആല്‍വ്സ് കുറ്റക്കാരനാണെന്നു കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ആല്‍വ്‌സിന്റെ മുന്‍ സഹതാരവും ബാഴ്‌സലോണ കോച്ചുമായ സാവി ഹെര്‍ണാണ്ടസ്. വിവരമറിഞ്ഞപ്പോള്‍ തരിച്ചുപോയെന്നും എന്നിരുന്നാലും ഇവിടെ നീതി നടപ്പിലാകുമെന്നും സാവി പറഞ്ഞു.
‘ഇത്തരമൊരു സാഹചര്യത്തില്‍ പ്രതികരിക്കുക പ്രയാസമാണ്. സംഭവം അറിഞ്ഞയുടന്‍ ഞാന്‍ തരിച്ചുപോയിരുന്നു. ഇപ്പോഴും ഞാന്‍ ആ ഞെട്ടലിലാണുള്ളത്. എന്തൊക്കെയാണെങ്കിലും ഇത് നീതിയുടെ കാര്യമാണ്. ഇവിടെ നീതി ജയിക്കണം,’ സാവി പറഞ്ഞു.
ഡിസംബര്‍ 31ന് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആല്‍വ്സ് നൈറ്റ് ക്ലബില്‍ എത്തിയത്. പാര്‍ട്ടിക്കിടെ താരം യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
അതേസമയം ക്ലബ്ബില്‍ ഉണ്ടായിരുന്നുവെന്ന സമ്മതിച്ച ആല്‍വ്സ് ആരോപണം നിഷേധിച്ചിട്ടുണ്ട്. നിലവില്‍ മെക്സിക്കന്‍ ടീമായ പ്യുമാസ് ഉനാമയ്ക്ക് വേണ്ടിയാണ് ആല്‍വ്സ് കളിക്കുന്നത്.
39കാരനായ ആല്‍വ്സ് ലോക ഫുട്ബോളിലെ മികച്ച താരങ്ങളില്‍ ഒരാളാണ്. ബാഴ്സലോണക്ക് പുറമെ പ്രമുഖ ക്ലബുകളായ യുവന്റസ്, പി.എസ്.ജി. എന്നിവക്കായും താരം കളിച്ചിട്ടുണ്ട്. ബാഴ്സക്കൊപ്പം ആറ് ലാ ലിഗ കിരീടങ്ങളും മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും മൂന്ന് ക്ലബ് ലോകകപ്പ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ് എന്നിവയും നേടിയിട്ടുണ്ട്.
യുവന്റസിനൊപ്പം സീരി എ കിരീടം, പി.എസ്.ജിക്കൊപ്പം ഫ്രഞ്ച് ലീഗ് കിരീടം എന്നിവയും നേടിയ ആല്‍വ്സ് 2007, 2019 വര്‍ഷങ്ങളില്‍ കോപ്പാ അമേരിക്ക കിരീടവും 2009, 2013 വര്‍ഷങ്ങളില്‍ കോണ്‍ഫെഡറേഷന്‍ കപ്പ് കിരീടവും നേടിയ ബ്രസീല്‍ ടീമിലും അംഗമായിരുന്നു.
Content Highlights: Xavi Hernandez reacts on Dani Alves’s Arrest