മുരളി തുമ്മാരുകുടിക്ക് തിരിയാത്ത കോണ്‍ഗ്രസ്
Indian National Congress
മുരളി തുമ്മാരുകുടിക്ക് തിരിയാത്ത കോണ്‍ഗ്രസ്
ആര്‍ജെ സലിം
Tuesday, 28th September 2021, 6:22 pm
കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ ആദര്‍ശവും ഇന്റഗ്രിറ്റിയും വീട്ടില്‍ നിന്ന് കൊണ്ടുവരേണ്ട അവസ്ഥയാണുള്ളത്. കാരണം ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ ദിശാബോധം നല്‍കാനോ, ആദര്‍ശാടിത്തറ നല്‍കാനോ കോണ്‍ഗ്രസിന് സാധിക്കില്ല. കാരണം അതിനൊരു അണ്ടര്‍ലയിങ് ഐഡിയോളജി ഇല്ല. അതുകൊണ്ടാണ് ഇവരെ റിസോര്‍ട്ടുകളില്‍ പൂട്ടിയിടേണ്ടി വരുന്നത്. ഒരു നല്ല കോണ്‍ഗ്രസുകാരന്‍ എന്നൊന്ന് ഉണ്ടെങ്കില്‍ അത് അയാളുടെ വ്യക്തിഗുണമായിരിക്കും എന്നത് നൂറ്റിപ്പത്തു ശതമാനം ഉറപ്പുള്ള കാര്യമാണ്. പലയിടത്തേയ്ക്ക് പോകുന്ന ഒരുപാടുപേര്‍ കേറിയിരിക്കുന്ന ഒരു ബസിനു ആദര്‍ശമുണ്ടാവണം എന്ന് പറയുമ്പോള്‍ സത്യത്തില്‍ ചിരിയാണ് വരുന്നത്.

മുരളീ തുമ്മാരുകുടിയുടെ കോണ്‍ഗ്രസിനുള്ള ഉപദേശങ്ങള്‍ വായിക്കുകയായിരുന്നു.
അദ്ദേഹം പറയുന്നു

2026ലെങ്കിലും ഭരണത്തില്‍ തിരിച്ചു വരണമെങ്കില്‍ കോണ്‍ഗ്രസ് മാറിയേ തീരൂ

ഇവിടെയാണ് ബേസിക്ക് പ്രശ്‌നം കിടക്കുന്നത് എന്ന് പുള്ളിക്ക് മനസ്സിലാവുന്നേയില്ല. അധികാരം വേണം അധികാരം വേണമെന്ന അതിരുകവിഞ്ഞ ആര്‍ത്തിയാണ് കോണ്‍ഗ്രസുകാരെ അധികാരമൊഴിഞ്ഞ നേരത്തു അധികാരമുള്ള ബിജെപിയിലെത്തിച്ചത്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, അധികാരം കിട്ടിയിട്ട് എന്തിനു എന്നുള്ളതാണ്. അതാണ് ചോദിക്കേണ്ടത്. കോണ്‍ഗ്രസുകാര്‍ക്ക് അതിനുള്ള ഉത്തരം, പണവും, പേരും മറ്റു പറയാന്‍ കൊള്ളാത്ത പലതുകളുമാണ്.

അതിനല്ലേ മാറ്റം വരേണ്ടത്? അതിനെ തുമ്മാരുകുടി കാണുന്നേയില്ല. തുമ്മാരുകുടി കോണ്‍ഗ്രസിനെ ഒരു കോര്‍പറേറ്റ് കമ്പനി ചിട്ടപ്പെടുത്തുന്നതുപോലെ ചിട്ടപ്പെടുത്താം എന്നാണ് കരുതുന്നത്.
അങ്ങനെ ഒതുക്കിയെടുക്കാവുന്ന ഒന്നല്ല ഒരു രാഷ്ട്രീയപ്പാര്‍ട്ടി. ഒരു കോര്‍പറേറ്റ് കമ്പനി ഫങ്ഷന്‍ ചെയ്യുന്നത് ലാഭക്കൊതി എന്ന ഒരൊറ്റ അച്ചുതണ്ടിലാണ്. അതിനുള്ളില്‍ ജനാധിപത്യം ഒരു അനാവശ്യ ഘടകമാണ്. ഒരു രാഷ്ട്രീയപ്പാര്‍ട്ടി അങ്ങനെയല്ല. രണ്ടിലേയും അച്ചടക്കം രണ്ടു തരത്തിലേതാണ്. അവിടെ ജനക്ഷേമമാണ് ആത്യന്തിക ലക്ഷ്യം.

തുമ്മാരുകുടി പറയുന്നു, പ്രസ്ഥാനത്തിനെ അടിമുടി മാറ്റുന്നയാളാണ് കെ സുധാകരനത്രെ…

ശെന്റെ ദൈവമേ… എന്ന് മുതല്‍?

തെരഞ്ഞെടുപ്പ് സമയത്ത് മതസംഘടനകളോടൊന്നും വിട്ടുവീഴ്ച ചെയ്യാത്ത ആളെന്ന നിലയിലും എനിക്ക് വലിയ ബഹുമാനമുണ്ട്…

അഡീങ്കപ്പാ!! ആചാര സംരക്ഷണം, ആചാര ലംഘന നിരോധന നിയമം, എന്നിവ മുന്നില്‍ വെച്ച് തിരഞ്ഞെടുപ്പ് നേരിട്ട പാര്‍ട്ടിയുടെ നേതാവിനെത്തന്നെയാണോ സാര്‍ ഉദ്ദേശിച്ചത്?

തുമ്മാരുകുടി ചോദിക്കുന്നു,
നവകേരളത്തെ പറ്റിയുള്ള കോണ്‍ഗ്രസ് സങ്കല്പം എന്താണ്? ആരോഗ്യം, ലിംഗനീതി, ഊര്‍ജ്ജം, തൊഴില്‍, വിദ്യാഭ്യാസം, ഭൂവിനിയോഗം എന്നിങ്ങനെയുള്ള അനവധി വിഷയങ്ങളില്‍ എന്തായിരിക്കും കോണ്‍ഗ്രസിന്റെ നയങ്ങള്‍…

ആ പറഞ്ഞുതരാം. കോണ്‍ഗ്രസിന് ഒരുകാലത്തും അങ്ങനെയൊരു പാര്‍ട്ടി സങ്കല്‍പ്പം ഇല്ലായിരുന്നു. ആരാണോ നയിക്കുന്നത്, അയാളുടെ വിംസ് ആന്‍ഡ് ഫാന്‍സീസ് ആണ് അതാത് കാലങ്ങളിലെ കോണ്‍ഗ്രസ് നിലപാട്.

ലിംഗനീതിയെപ്പറ്റി പറഞ്ഞത് നന്നായി. പെണ്ണിനെ ജയിപ്പിച്ചു വിട്ടാല്‍ കാര്യമില്ലെന്ന് വീഡിയോ ക്യാംപെയിന്‍ ചെയ്ത, എതിര്‍പ്പാര്‍ട്ടിയുടെ നേതാവിനെ ഹിജഡയെന്നു ആക്ഷേപാര്‍ത്ഥത്തില്‍ വിളിക്കുന്ന ആളാണ് താങ്കള്‍ കുറച്ചു മുന്‍പ് പുകഴ്ത്തിയടിച്ച കെ സുധാകരന്‍. പതിനെട്ടാം നൂറ്റാണ്ടില്‍ നിന്ന് ബസ് കിട്ടിയിട്ടില്ലാത്ത തലച്ചോറാണ് സുധാകരന്റേത്.

കെ.സുധാകരന്‍

അപ്പൊ ഈ ചോദിച്ച കാര്യങ്ങളിലൊക്കെയുള്ള കോണ്‍ഗ്രസ് നയം വ്യക്തമല്ലേ ?
ആര്‍ത്തവം അശുദ്ധം, സ്ത്രീ അയിത്തപ്പെടണം എന്നതാണ് കോണ്‍ഗ്രസ് പരസ്യമായി സ്വീകരിച്ച നിലപാട് എന്നും ഓര്‍മ്മ കാണുമല്ലോ. ഇതെന്തൊരു മറവിയാണ് സാര്‍ !

ഭാവി കേരളത്തെക്കുറിച്ചുള്ള ആഗോള വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു പ്രകടനപത്രികയിറക്കണം എന്നും തുമ്മാരുകുടി പറയുന്നുണ്ട്. സത്യത്തില്‍ രണ്ടു ‘ആഗോള വിദഗ്ദ്ധരാണ്’ കോണ്‍ഗ്രസിനെ ഇത്ര ദയനീയമായി കുളിപ്പിച്ച് കിടത്തിയത് എന്നത് അങ്ങയുടെ ശ്രദ്ധയില്‍പെട്ടില്ലാന്ന് തോന്നുന്നു.

അടിസ്ഥാനമായ നേതൃശീലങ്ങള്‍ (Decisiveness. Integrity, team playing, mentoring, problem solving, reliability)…

തുമ്മാരുകുടി സാര്‍, കോണ്‍ഗ്രസ് അന്നുമിന്നും ഒരാള്‍ക്കൂട്ടമാണ്. ആള്‍ക്കൂട്ടങ്ങള്‍ക്ക് ആദര്‍ശങ്ങള്‍ ഉണ്ടാവാറില്ല. അതുകൊണ്ടു തന്നെ അത് കാലക്രമേണ ശിഥിലമാവും എന്നത് ആക്‌സപ്റ്റ് ചെയ്‌തേ പറ്റൂ.കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ ആദര്‍ശവും ഇന്റഗ്രിറ്റിയും വീട്ടില്‍ നിന്ന് കൊണ്ടുവരേണ്ട അവസ്ഥയാണുള്ളത്. കാരണം ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ ദിശാബോധം നല്‍കാനോ, ആദര്‍ശാടിത്തറ നല്‍കാനോ കോണ്‍ഗ്രസിന് സാധിക്കില്ല. കാരണം അതിനൊരു അണ്ടര്‍ലയിങ് ഐഡിയോളജി ഇല്ല സാര്‍. അതുകൊണ്ടാണ് ഇവരെ റിസോര്‍ട്ടുകളില്‍ പൂട്ടിയിടേണ്ടി വരുന്നത്. 

ഒരു നല്ല കോണ്‍ഗ്രസുകാരന്‍ എന്നൊന്ന് ഉണ്ടെങ്കില്‍ അത് അയാളുടെ വ്യക്തിഗുണമായിരിക്കും എന്നത് നൂറ്റിപ്പത്തു ശതമാനം ഉറപ്പുള്ള കാര്യമാണ്. പലയിടത്തേയ്ക്ക് പോകുന്ന ഒരുപാടുപേര്‍ കേറിയിരിക്കുന്ന ഒരു ബസിനു ആദര്‍ശമുണ്ടാവണം എന്ന് പറയുമ്പോള്‍ സത്യത്തില്‍ ചിരിയാണ് വരുന്നത്.

കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ ഇന്ത്യക്ക് വനിതാ പ്രധാനമന്ത്രിയെ നല്‍കിയ…

ആ വനിത ചെയ്തുവെച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് മറന്നോ ? മോദിക്ക് പകരം സ്മൃതി ഇറാനി വന്നാല്‍ ലിംഗനീതിയുടെ കോളം ടിക് ചെയ്യുന്ന ലിബറല്‍ കാഴ്ചപ്പാട് അടിപൊളിയായിട്ടുണ്ട്.

ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായത് നെഹ്‌റുവിന്റെ ഒരേയൊരു സന്താനമായതുകൊണ്ടാണ്. ഇനി നെഹ്രുവിനു മക്കളില്ലായിരുന്നു, ഒരു പൂച്ചയെയായിരുന്നു നെഹ്റു വളര്‍ത്തിയിരുന്നത് എങ്കില്‍, കോണ്‍ഗ്രസുകാര്‍ അതിനെയും പിടിച്ചു പ്രധാനമന്ത്രി ആക്കിയേനെ. അതിനെ ചിലപ്പോ മൃഗ നീതിയെന്നും ലിബറല്‍സ് വിളിച്ചേനെ.

ആന്റി ബ്രിട്ടീഷ് എന്നൊരു വികാരമായിരുന്നു സ്വാതന്ത്ര്യത്തിനു മുന്‍പ് കോണ്‍ഗ്രസിന്റെ ബൈന്‍ഡിങ് ഫോഴ്സ്. സ്വാതന്ത്ര്യം നേടിയതോടുകൂടി അതവസാനിച്ചു. പിന്നെ ഇന്നുവരെ കുത്തഴിഞ്ഞ പുസ്തകം പോലെയാണ് അവിടെ. ഗാന്ധിഫാമിലിയോടുള്ള അടിമ വിധേയത്വം മാത്രമാണിന്ന് അവര്‍ക്ക് പൊതുവായുള്ള കാര്യം. ഒരു ഗ്ലോറിഫൈഡ് ഫാന്‍ ക്ലബാണ് കോണ്‍ഗ്രസ്. ഖദര്‍ യൂണിഫോമുള്ള ഫാന്‍ ക്ലബ്. സത്യമായിട്ടും അത്രേയുള്ളൂ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: RJ Salim criticises Muralee Thummarukudy on his instruction to improve the condition of Congress in Kerala