| Tuesday, 1st February 2022, 3:45 pm

വിള നിര്‍ണയം, ഭൂമി സംബന്ധമായ രേഖകളുടെ ഡിജിറ്റൈസേഷന്‍; കിസാന്‍ ഡ്രോണുകള്‍ വ്യാപകമാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക രംഗത്തെ വികസനത്തിന് വേണ്ടി, എന്ന അവകാശവാദവുമായി ‘കിസാന്‍ ഡ്രോണുകള്‍’ ഉപയോഗിക്കുന്നത് കൂടുതല്‍ പ്രമോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍.

2022 വര്‍ഷത്തെ ബജറ്റിന്റെ ഭാഗമായാണ് പ്രഖ്യാപനം.

വിള നിര്‍ണയം, ഭൂമി സംബന്ധമായ രേഖകളുടെ ഡിജിറ്റൈസേഷന്‍, ന്യൂട്രിയന്‍സും കീടനാശിനികളും സ്‌പ്രേ ചെയ്യുക- എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടി കിസാന്‍ ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുമെന്നാണ് ബജറ്റ് അവതരണ പ്രസംഗത്തില്‍ മന്ത്രി പറഞ്ഞത്.

കാര്‍ഷിക സര്‍വകലാശാലകളിലെ സിലബസുകളില്‍ മാറ്റം വരുത്തുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും കെമിക്കലുകളില്‍ നിന്നും മുക്തമായ കൃഷിരീതി രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന്റെ ഈ നടപടികളെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 2022 കേന്ദ്ര ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറ പാകലാണെന്നും ധനമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.

ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി പി.എം ഗതി ശക്തി മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. പി.എം ഗതിശക്തി, ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍, നിക്ഷേപം, എല്ലാവര്‍ക്കും വികസനം എന്നീ മേഖലകള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതാണ് ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഗതിശക്തി പദ്ധതിക്ക് സമഗ്രപ്ലാന്‍ രൂപീകരിക്കും. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍, തുടങ്ങിയ ഏഴു മേഖലകളില്‍ ദ്രുതവികസനം സാധ്യമാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മിക്കും.

2022-23ല്‍ 25000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേ നിര്‍മിക്കും. 100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ സ്ഥാപിക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതിക്ക് തുടക്കമിടുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഓടി തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു.

എല്‍.ഐ.സി ഐ.പി.ഒ ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ദേശീയ പാതകള്‍ 25000 കി.മീ ആക്കി ഉയര്‍ത്തും. നദീസംയോജനത്തിന് പദ്ധതി രേഖ തയ്യാറാക്കും.

ചെറുകിട മേഖലയ്ക്ക് രണ്ട് ലക്ഷം കോടിയുടെ സഹായം നല്‍കും. കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ 1.37 ലക്ഷം കോടി മാറ്റിവെയ്ക്കും. ഡിജിറ്റല്‍ അധ്യയനത്തിന് പി.എം ഇ-വിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഉടന്‍ രൂപീകരിക്കും. പ്രാദേശിക ഭാഷകളില്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ചാനല്‍ തുടങ്ങും.

രണ്ടാം മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ പൂര്‍ണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്.

ബജറ്റും അനുബന്ധരേഖകളും പാര്‍ലമെന്റംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉള്‍പ്പെടെ 14 രേഖകള്‍ ഇതിലൂടെ ലഭ്യമാകും.


Content Highlight: Union Budget- Finance minister Nirmala Sitharaman said Kisan drones to be used for crop assessment and digitization of land records

We use cookies to give you the best possible experience. Learn more