'ഈ വ്യക്തിത്വത്തെ അപമാനിച്ച നിങ്ങള്‍ മാപ്പുപറയണം' ഡി.ഫോര്‍ ഡാന്‍സില്‍ സന്തോഷ് പണ്ഡിറ്റിനെ പരിഹസിച്ചതിനെതിരെ സോഷ്യല്‍ മീഡിയ
Daily News
'ഈ വ്യക്തിത്വത്തെ അപമാനിച്ച നിങ്ങള്‍ മാപ്പുപറയണം' ഡി.ഫോര്‍ ഡാന്‍സില്‍ സന്തോഷ് പണ്ഡിറ്റിനെ പരിഹസിച്ചതിനെതിരെ സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th July 2017, 12:07 pm

ഡി4 ഡാന്‍സ് വേദിയില്‍ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. വേദിയില്‍ എത്തിയ പ്രയാഗ മാര്‍ട്ടിന് “കിട്ടിയ സന്തോഷ് പണ്ഡിറ്റ് പണി” എന്ന തലക്കെട്ടില്‍ മഴവില്‍ മനോരമ പോസ്റ്റു ചെയ്ത വീഡിയോയ്ക്കു കീഴില്‍ ഇത് വ്യക്തിപരമായ അധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടിയും ചാനല്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടും നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.

പ്രയാഗ പങ്കെടുത്ത ഒരു ഗെയിമിലെ ചില പരാമര്‍ശങ്ങളാണ് വിവാദത്തിന് ആധാരം. സന്തോഷ് പണ്ഡിറ്റ് എന്നെഴുതിയ ഒരു പ്ലക്കാര്‍ഡ് പ്രയാഗയ്ക്ക് വായിക്കാന്‍ കഴിയാത്തവിധം പ്ലെയ്‌സ് ചെയ്തശേഷം പ്ലക്കാര്‍ഡില്‍ എന്താണെന്നു പറയാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. ക്ലൂ ലഭിക്കുന്നതായി പ്രയാഗ ചില ചോദ്യങ്ങള്‍ ചോദിക്കും.


Also Read: പെണ്‍കുട്ടി തിരിച്ചറിയുന്നത് തടയാന്‍ കണ്ണില്‍ ആസിഡ് ഒഴിച്ചു: മിസോറാമില്‍ ബി.എസ്.എഫ് ജവാന്മാര്‍ ബലാത്സംഗം ചെയ്ത ആദിവാസി പെണ്‍കുട്ടി നേരിട്ടത്


“ഈ വ്യക്തി സുന്ദരനാണോ?” എന്ന പ്രയാഗയുടെ ചോദ്യത്തിന് പ്രസന്ന മാസ്റ്റര്‍ “അല്ല” എന്ന ഉത്തരം നല്‍കിയതിനും “കട്ടപ്പ” എന്ന ബഫൂണ്‍ കഥാപാത്രം സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കും വിധം സംസാരിച്ചതിനുമെതിരെയാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

“ഈ വ്യക്തിത്വത്തെ ഇത്രയും അപമാനിക്കാനോ.. അയാള്‍ എത്രയോ നല്ല വ്യക്തിത്വം ആണ്. മറ്റു പലരേയും വെച്ച് നോക്കുമ്പോള്‍” എന്നാണ് വീഡിയോയ്‌ക്കെതിരെ വന്ന ഒരു പ്രതികരണം.

“നമ്മള്‍ പലപ്പോളും പല വാക്കുകളും അതിന്റെ അര്‍ത്ഥമറിഞ്ഞാവില്ല നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നത്. പക്ഷെ പ്രസന്ന മാസ്റ്റര്‍ സാറിനെയൊക്കെ വാക്കിന്റെ അര്‍ത്ഥമറിഞ്ഞു “മര ഊള” എന്ന് ഹൃദയം കൊണ്ട് ആത്മാര്‍ത്ഥമായി അറിയാതെ വിളിച്ചു പോകും.. such a great man..” എന്നാണ് മറ്റൊരു പ്രതികരണം.

“മനസ്സില്‍ സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന ഒരു നല്ല മനുഷ്യന്‍ ആണ് അദ്ദേഹം.. മനുഷ്യനെ പുറം സൗന്ദര്യം നോക്കി തരം തിരിക്കുന്ന സമ്പ്രദായം എത്ര വിദ്യാഭ്യാസം നേടിയാലും മാറാന്‍ പോകുന്നില്ല.. പ്രസന്ന നിങ്ങള്‍ ഒരു തോല്‍വി ആയി പോയല്ലോ…” പ്രസന്ന മാസ്റ്ററുടെ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ടുള്ള മറ്റൊരു പ്രതികരണം ഇങ്ങനെ.