| Thursday, 16th December 2021, 6:39 pm

റോജയിലും യോദ്ധയിലും ദില്‍സേയിലും റഹ്‌മാന്‍ ഒളിപ്പിച്ച മാന്ത്രികച്ചേരുവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യക്ക് പുറത്തേക്കും തന്റെ കീര്‍ത്തി പടര്‍ത്തിയ സംഗീതസാമ്രാട്ടാണ് എ.ആര്‍. റഹ്‌മാന്‍. അതുവരെയുണ്ടായിരുന്ന ഇന്ത്യന്‍ സംഗീത രൂപങ്ങളെ ഉടച്ചു വാര്‍ത്ത് പാശ്ചാത്യ, സൂഫി സംഗീത ശൈലികളുള്‍പ്പെടെ പല ധാരകളെ തന്റെ സംഗീതത്തിലേക്ക് അദ്ദേഹം സന്നിവേശിപ്പിച്ചു. റഹ്‌മാന്റെ സംഗീതം എന്നാല്‍ അത് മാന്ത്രികത ആണ്.

ഒരുപാട് സവിശേഷതകള്‍ നിറഞ്ഞതാണ് റഹ്‌മാന്‍ സംഗീതം. അതിലൊന്നാണ് പല്ലവിയിലെ വാക്കുകളുടെ ആവര്‍ത്തനം. നമ്മള്‍ മൂളി നടന്ന പല റഹ്‌മാന്‍ പാട്ടുകളിലേയും ആദ്യവാക്കുകളുടെ ആവര്‍ത്തനം പലപ്പോഴും നാം ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ആദ്യസിനിമ തന്നെ തരംഗമാക്കിയ റഹ്‌മാന്‍ ചിന്ന ചിന്ന ആശൈയില്‍ തന്നെ ഈ ശീലം തുടങ്ങിയിരുന്നു.

ഇപ്പോഴും സംഗീതപ്രേമികളുടെ പ്രിയഗാനങ്ങളായ കാതലനിലെ എന്നവളേ അടി എന്നവളേ, ലവ് ബേര്‍ഡ്‌സിലെ മലര്‍കളേ മലര്‍കളേ എന്നീ പാട്ടുകളിലും ഈ പാറ്റേണ്‍ കാണാന്‍ സാധിക്കും. കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന സിനിമയിലെ ആറ് ഗാനങ്ങളിലെ നാലെണ്ണത്തിലും ആദ്യവരികളില്‍ വാക്കുകളുടെ ആവര്‍ത്തനം കാണാം. മാധവനും ശാലിനിയും പ്രണയിച്ച അലൈപ്പായുതെയിലെ സ്‌നേഹിതനേ, പച്ചൈനിറമേ എന്നീ പാട്ടുകളും ഇങ്ങനെ തന്നെ.

മെലഡി മാത്രമല്ല, ഉര്‍വസീ ഉര്‍വസീ, ഹമ്മാ ഹമ്മാ എന്നിങ്ങനെ ഫാസ്റ്റ് ട്രാക്കുകളിലും റഹ്‌മാന്‍ ഇതേ ശൈലി കൊണ്ടുവന്നു. ഒടുവിലിറങ്ങിയ പാട്ടുകളിലൊന്നായ സിംഗപ്പെണ്ണൈയില്‍ വരെ ഇത് എത്തി നില്‍ക്കുന്നു.

ഇനി ഹിന്ദി ഗാനങ്ങള്‍ പരിശോധിച്ചാലും വാക്കുകളുടെ ആവര്‍ത്തനം കാണാം. താല് സേ താല് മിലാ, ദില്‍സേരേ ദില്‍സേരേ, ചയ്യ ചയ്യ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. മലയാളത്തില്‍ ഒരു സിനിമ മാത്രമേ റഹ്‌മാന്‍ ചെയ്തിട്ടുള്ളൂ. യോദ്ധയിലെ കുനു കുനെ എന്ന ഗാനത്തിലും തന്റെ പാറ്റേണ്‍ കൊണ്ടുവരാന്‍ റഹ്‌മാന്‍ ശ്രദ്ധിച്ചു.

സാധാരണ സംഗീതസംവിധായകര്‍ ഇങ്ങനെ ഗാനങ്ങളില്‍ പിന്തുടരുന്ന ചില ശൈലികള്‍ പ്രേക്ഷകര്‍ കണ്ടെത്താറുണ്ട്. എന്നാല്‍ റഹ്‌മാന്റെ ഈ ശൈലി അധികമാരും ശ്രദ്ധിക്കാത്തത് അതിനിടയിലും റഹ്‌മാന്‍ സൃഷ്ടിച്ച വൈവിധ്യം കൊണ്ടു തന്നെയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight; rahman song features

Latest Stories

We use cookies to give you the best possible experience. Learn more