| Saturday, 7th July 2012, 9:06 am

ടി.പി വധം: നേതാക്കള്‍ക്കെതിരെ നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ യോഗത്തില്‍ ഇറങ്ങിപ്പോക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിസ്ഥാനത്തുള്ള സി.പി.ഐ.എം ജില്ലാസെക്രട്ടറിയേറ്റംഗം പി.മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എടച്ചേരി കാക്കന്നൂര്‍ യൂണിറ്റ് ഡി.വൈ.എഫ്.ഐ യോഗത്തില്‍ നിന്ന് യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ ഒമ്പത് പേര്‍ ഇറങ്ങിപ്പോയി.

13 പേരാണ് യോഗത്തില്‍ ഉണ്ടായിരുന്നത്. ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി അനില്‍കുമാര്‍ പങ്കെടുത്ത യോഗത്തില്‍ നിന്നാണ് ഇറങ്ങിപ്പോക്ക്. ഇതിനുശേഷം യൂണിറ്റിന് പുതിയ സെക്രട്ടറിയെ നിയോഗിച്ചു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കാക്കന്നൂരില്‍ നടന്ന ഈ പ്രതിഷേധം നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി എടച്ചേരി യൂത്ത് സെന്ററിലാണ് യോഗം ചേര്‍ന്നത്. ടി.പി ചന്ദ്രശേഖരന്‍ വധം ചര്‍ച്ചാവിഷയമായപ്പോള്‍ വധക്കേസില്‍ ഉള്‍പ്പെട്ട സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല എന്ന് 13 ല്‍ ഒമ്പത് അംഗങ്ങളും ചോദിച്ചു.

പ്രതിസ്ഥാനത്തിരിക്കുന്ന ഇവരെ കേസ് തെളിയുന്നവരെയെങ്കിലും അവരുടെ സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ വിശദീകരണം തൃപ്തികരമല്ലാതെ വന്നപ്പോള്‍ യൂണിറ്റ് സെക്രട്ടറി അനൂപ് ഉള്‍പ്പെടെ ഒമ്പത് പേര്‍ ഇറങ്ങിപ്പോയി. ഇതിനുശേഷം തുടര്‍ന്ന യോഗത്തിലാണ് സെക്രട്ടറിയെ മാറ്റിയത്.

Latest Stories

We use cookies to give you the best possible experience. Learn more