എയ്ഡഡ് വിവാദം: അബ്ദുറബ്ബിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
Kerala
എയ്ഡഡ് വിവാദം: അബ്ദുറബ്ബിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd July 2012, 1:00 pm

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍
നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മലപ്പുറത്തെ എയ്ഡഡ് സ്‌കൂള്‍ വിവാദത്തിന്റെ പേരിലായിരുന്നു മാര്‍ച്ച്.

മന്ത്രിയുടെ വീടിനടുത്തെത്തിയ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കുകയും തുടര്‍ന്ന് പോലീസിനെ കല്ലെറിയുകയും ചെയ്തു. ഇതേ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മലപ്പുറത്തെ 35  സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രസ്താവന നടത്തിയതിനു ശേഷം അങ്ങിനെയൊരു ഒരു മന്ത്രിസഭ തീരുമാനമില്ലെന്നും സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് യു.ഡി.എഫ് എയ്ഡഡ് പദവിക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യാന്‍ ഇരിക്കുകയാണ്.

എന്നാല്‍ മന്ത്രിസഭാ തീരുമാനത്തെ മാറ്റിവെച്ച് വിദ്യാഭ്യാസ മേഖലയില്‍ കോടികളുടെ അഴിമതിക്ക് വഴിയൊരുക്കുന്ന തീരുമാനം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി രാജിവെക്കെണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ചാണ് ഇന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്‌.