| Monday, 13th November 2023, 9:05 pm

രാഷ്ട്രീയ മാലിന്യമായ കെ. സുരേന്ദ്രന്‍ കൊടിയ വിഷമാണ്: വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എം സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്തവരെ വര്‍ഗീയമായും വംശീയമായും അധിക്ഷേപിച്ച ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കൊടും വിഷമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പല സന്ദര്‍ഭങ്ങളിലായി വര്‍ഗീയ വിഷം വമിക്കുന്ന പ്രസ്താവനകളാണ് സുരേന്ദ്രന്‍ പറയുന്നതെന്ന് ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.

വര്‍ഗീയ പ്രസ്താവനകള്‍ സാമ്രാജ്യത്വ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ വഴിതിരിച്ചു വിടുമെന്നും ഇസ്രഈലി ഭീകരതക്ക് അനുകൂലമായ ആശയ പ്രചരണം നടത്താനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സംഘപരിവാറിന്റെ ഇസ്രഈലി വിധേയത്വ നിലപാടിന്റെ തുടര്‍ച്ചയായാണ് കെ.സുരേന്ദ്രന്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന പ്രസ്താവനകള്‍ പറയുന്നതെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

കേരളത്തില്‍ യാതൊരു വിലയില്ലാത്തതും രാഷ്ട്രീയ മാലിന്യവുമായ കെ.സുരേന്ദ്രന്റെ പ്രസ്താവനകള്‍ വിഷലിപ്തമായ ബി.ജെ.പിയുടെ രാഷ്ട്രീയ ആശയങ്ങളുടെ പ്രതിഫലനമാണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

വേഷത്തെയും രൂപത്തെയും പ്രദേശത്തെയും ഉള്‍പ്പെടുത്തി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ച കെ.സുരേന്ദ്രനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും, സുരേന്ദ്രനെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

വംശീയ വെറി പൂണ്ട സുരേന്ദ്രന്റ ജല്പനം കേരളത്തിന്റെ മതനിരപേക്ഷ മനസുകളെ മുറിപ്പെടുത്തുന്നതും മുസ്ലിം മതവിഭാഗത്തെ ഇടിച്ചു താഴ്ത്തുന്നതും ഭരണഘടന അനുവദിച്ച വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്തവരില്‍ അധികവും ഊശാന്‍ താടിക്കാരും മറ്റേത്താടിക്കാരും അരിപ്പത്തൊപ്പിക്കാരും ആയിരുന്നുവെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞത്. മൊല്ലാക്കമാരെ മാത്രം വിളിച്ചാണ് മുഖ്യമന്ത്രി ഫലസ്തീന്‍ അനുകൂല സമ്മേളനം സംഘടിപ്പിച്ചതെന്നും സി.പി.ഐ.എമ്മിന്റെ പേര് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മൗലവിയാണോയെന്നുമാണ് സുരേന്ദ്രന്‍ ആരോപിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത റാലിയിയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ബിനോയ് വിശ്വം എം.പി, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവി , മേയര്‍ ബീന ഫിലിപ്പ്, മുന്‍ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ, സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, കെ.എന്‍.എം നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. ഐ.പി. അബ്ദുസലാം,

വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി. സതീദേവി, കെ. അജിത, എഴുത്തുകാരായ ഡോ. എം.എം. ബഷീര്‍, യു.കെ. കുമാരന്‍, കെ.പി. രാമനുണ്ണി, ഡോ. ഖദീജ മുംതാസ്, പി.കെ. പാറക്കടവ്, പി.കെ. ഗോപി, സാവിത്രി ശ്രീധരന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, എം.എല്‍. എമാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി, തോട്ടത്തില്‍ രവീന്ദ്രന്‍, കാനത്തില്‍ ജമീല, കെ.എം. സച്ചിന്‍ ദേവ്, ലിന്റോ ജോസഫ്, പി.ടി.എ. റഹീം, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, എ. പ്രദീപ് കുമാര്‍, മുക്കം മുഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ ആണ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്തത്.

Content Highlight: D.Y.F.I against K. Surendran’s communal remarks

We use cookies to give you the best possible experience. Learn more