| Wednesday, 14th April 2021, 11:16 pm

അടിസ്ഥാന അവകാശങ്ങള്‍ക്കായി സ്ത്രീകള്‍ ഇപ്പോഴും സമരത്തിലാണ്; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ അഭിനന്ദിച്ച് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ചിത്രത്തെ അഭിനന്ദിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. ചിത്രം ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും സമൂഹത്തിലെ ഇത്തരം വേര്‍തിരിവുകളെ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ട് മാറ്റിമറിക്കാനാകില്ലെന്ന് ചിത്രം തെളിയിക്കുന്നുവെന്നും ചന്ദ്രചൂഢ് പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ബെഞ്ചിലെ അംഗമായിരുന്നു ഡി.വൈ ചന്ദ്രചൂഢ്.

ഡി.വൈ ചന്ദ്രചൂഢിന്റെ വാക്കുകള്‍;

ഷാങ്ഹായി ഫിലിംഫെസ്റ്റിവല്‍ 2021 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ ഈയടുത്തിടെ കണ്ടു. ഇന്നത്തെ കേരളീയ സമൂഹ പശ്ചാത്തലത്തിലൊരുക്കിയ സിനിമയില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് ആദ്യമായി എത്തുന്ന വധുവിനെയും ആ ചുറ്റുപാടുകളെയും പറ്റിയാണ് പറയുന്നത്.

ചിത്രത്തിന്റെ പിന്നീടുള്ള ഭാഗങ്ങളില്‍ കുടുംബത്തിലെ പുരുഷന്‍മാര്‍ ഒരു തീര്‍ത്ഥാടനത്തിന് പോകാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഗാര്‍ഹിക, പാചക ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന വധുവിന്റെ മാനസിക സംഘര്‍ഷങ്ങള്‍, തനിക്ക് ഇഷ്ടപ്പെട്ട ജോലി തെരഞ്ഞെടുന്നതില്‍ അവള്‍ നേരിടുന്ന വിലക്ക്, ആര്‍ത്തവത്തിന്റെ പേരിലനുഭവിക്കുന്ന അയിത്തം, എന്നിവ ചിത്രത്തില്‍ പറയുന്നു.

സുപ്രീം കോടതി വിധിയെപ്പറ്റിയുള്ള വാര്‍ത്തകളും ചിത്രത്തിലെ സ്ത്രീയുടെ ജീവിതവുമായി ചേര്‍ത്ത് വെയ്ക്കുന്നു. എന്നാല്‍ തനിക്കും തീര്‍ത്ഥാടനത്തിന് പോകണം എന്ന അവകാശമല്ല അവള്‍ അവിടെ ഉന്നയിക്കുന്നത്. ലിംഗ വിവേചനത്തിന്റെ പേരില്‍ തന്റെ നിലനില്‍പ്പിനായുള്ള സമരമാണ് അവള്‍ നടത്തുന്നത്.

ഇതൊരു ഓര്‍മ്മപ്പെടുത്തലാണ് സമൂഹത്തിലെ ഇത്തരം വേര്‍തിരിവുകളെ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ട് മാത്രം മാറ്റിമറിക്കാനാകില്ല. അടിസ്ഥാന അവകാശങ്ങള്‍ക്കായി നമ്മുടെ സ്ത്രീകള്‍ ഇപ്പോഴും സമരത്തിലാണ്.

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ജനുവരി 15 നാണ് നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. ചിത്രം മികച്ച പ്രതികരണവും നിരൂപകശ്രദ്ധയും നേടിയിരുന്നു.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും വീണ്ടുമൊന്നിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഏപ്രില്‍ 2 ന് ചിത്രം ആമസോണ്‍ പ്രൈമിലും എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  D.Y Chandrachud Praises The Great Indian Kitchen

We use cookies to give you the best possible experience. Learn more