മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
പാര്‍ട്ടി വിട്ട് കൂറുമാറിയ നേതാക്കളില്‍ നിയമത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കിയത് ഡി.വൈ. ചന്ദ്രചൂഡ് ആണെന്നാണ് റാവത്ത് ആരോപിച്ചത്. അയോഗ്യത സംബന്ധിച്ചുള്ള ഹരജികളില്‍ തീരുമാനമാക്കാതെ അവര്‍ക്ക് ധൈര്യം പകര്‍ന്നത് ചന്ദ്രചൂഡ് ആണെന്നും റാവത്ത് കുറ്റപ്പെടുത്തി.
ചന്ദ്രചൂഡിന്റെ പേര് ചരിത്രത്തില്‍ കറുത്ത അക്ഷരങ്ങളില്‍ എഴുതപ്പെടുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ‘ചന്ദ്രചൂഡ് കൂറുമാറിയവരില്‍ നിന്ന് നിയമത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കി. ചരിത്രത്തില്‍ അദ്ദേഹത്തിന്റെ പേര് കറുത്ത അക്ഷരങ്ങളില്‍ എഴുതപ്പെടും,’ റാവത്ത് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ സഞ്ജയ് റാവത്തിന്റെ ശിവസേന പരാജയം ഏറ്റുവാങ്ങിയിരുന്നു. പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയുടെ ഭാഗമായി കോണ്ഗ്രസും ശിവസേന (ഉദ്ദവ് താക്കറെ)യും, എന്‍.സി.പി( ശരദ് പവാര്‍)യും ഒരുമിച്ചായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
എന്നാല്‍ കോണ്‍ഗ്രസിന് 16, ശരദ് പവാര്‍ വിഭാഗം എന്‍.സി.പിക്ക് 10, എസ്.പിക്ക് 2, സി.പി.ഐ.എം , പി.ഡബ്ല്യൂ.പി.ഐ 1 ഇങ്ങനെ 50 സീറ്റുകളാണ് മഹാവികാസ് അഘാഡിക്ക് ലഭിച്ചത്. അതേസമയം 288 അംഗമന്ത്രിസഭയില്‍ 133 സീറ്റുകള്‍ നേടി ബി.ജെ.പി വീണ്ടും അധികാരത്തി. ബി.ജെ.പിയാണ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി.
ഷിന്‍ഡെ വിഭാഗം ശിവസേനയാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ രണ്ടാം കക്ഷി. 57 സീറ്റുകളാണ് അവര്‍ക്ക് ലഭിച്ചിട്ടുള്ളത്. അജിത് പവാര്‍ വിഭാഗം എന്‍.സി.പിക്ക് 41 സീറ്റുകളും ലഭിച്ചിട്ടുണ്ട്.
ഏറ്റവും വലിയ ഒറ്റ കക്ഷി ബി.ജെ.പിയാണെങ്കിലും ഏക്നാഥ് ഷിന്‍ഡെ തന്നെയായിരിക്കും മുഖ്യമന്ത്രി എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഫഡ്നാവിസിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കാനും നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: D.Y. Chandrachud allays fear of defection law among politicians says Sanjay Raut